യൂദാ 1:17-25
യൂദാ 1:17-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ. അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും നിത്യജീവനായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
യൂദാ 1:17-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാർ മുൻകൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങൾ ഓർത്തുകൊള്ളണം. ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധർമനിന്ദകർ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ. ഇങ്ങനെയുള്ളവർ ഭിന്നത ഉണ്ടാക്കുന്നവരും ലോകത്തെയും അതിന്റെ സുഖാനുഭോഗങ്ങളെയും കാംക്ഷിക്കുന്നവരും പരിശുദ്ധാത്മരഹിതരും ആകുന്നു. എന്നാൽ പ്രിയപ്പെട്ടവരേ, നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ ജീവിതം പടുത്തുയർത്തുക; പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പ്രാർഥിക്കുക; ദൈവത്തിന്റെ സ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുക. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യംമൂലം അനശ്വരജീവൻ ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക. സംശയിക്കുന്നവരോടു കരുണകാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂർണമായ വിഷയാസക്തിയാൽ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ. വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്റെ തേജസ്സിന്റെ മുമ്പിൽ ആനന്ദത്തോടെ നിറുത്തുവാൻ കഴിവുള്ളവന്, നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
യൂദാ 1:17-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർക്കുവിൻ. അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോട് പറഞ്ഞുവല്ലോ. അവർ ഭിന്നത ഉണ്ടാക്കുന്നവർ, ലൗകികന്മാർ, ദൈവാത്മാവില്ലാത്തവർ. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, അവന്‍റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനുതന്നെ, സർവ്വകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
യൂദാ 1:17-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ. അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
യൂദാ 1:17-25 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളോ പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുന്നറിയിപ്പായി നിങ്ങളോടു പറഞ്ഞ സന്ദേശങ്ങൾ ഓർക്കുക. “അന്ത്യകാലത്തു ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളെ പിൻതുടരുന്ന പരിഹാസകർ ഉണ്ടാകും” എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ. ലൗകികരും ദൈവാത്മാവ് ഇല്ലാത്തവരുമായ ഇവരാണ് നിങ്ങളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത്. നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക. ചഞ്ചലമാനസരോടു കരുണ കാണിക്കുക; ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക. വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.