യോശുവ 9:7-11

യോശുവ 9:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോട്: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. അവർ യോശുവയോട്: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞത്: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോട്: വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്ത് അവരെ ചെന്നു കണ്ട്: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് അവരോട് പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടി ചെയ്യേണം.

പങ്ക് വെക്കു
യോശുവ 9 വായിക്കുക

യോശുവ 9:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ ഇസ്രായേൽജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങൾ ഈ ദേശത്തു പാർക്കുന്നവരാണെങ്കിൽ ഞങ്ങൾ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.” “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്.” അവർ യോശുവയോടു പറഞ്ഞു. “നിങ്ങൾ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു. അവർ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെപ്പറ്റി ഞങ്ങൾ കേട്ടു. അവിടുത്തെ കീർത്തിയും അവിടുന്ന് ഈജിപ്തിൽ ചെയ്തതൊക്കെയും ഞങ്ങൾ അറിഞ്ഞു. യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തിൽ പാർക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവർത്തിച്ച കാര്യങ്ങളും ഞങ്ങൾ കേട്ടിട്ടുണ്ട്. യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാർഥങ്ങൾ എടുത്തുകൊണ്ടു നിങ്ങളെ കാണാൻ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേൽ ഞങ്ങളുമായി ഉടമ്പടി ചെയ്യാൻ നിങ്ങളോട് അഭ്യർഥിക്കണമെന്നും അവർ പറഞ്ഞിട്ടുണ്ട്.

പങ്ക് വെക്കു
യോശുവ 9 വായിക്കുക

യോശുവ 9:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്നു പറഞ്ഞു. അവർ യോശുവയോട്: “ഞങ്ങൾ നിന്‍റെ ദാസന്മാരാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെ നിന്ന് വരുന്നു?” എന്നു ചോദിച്ചു. അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്‍റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്‍റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ടു, ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടി ചെയ്യേണം.

പങ്ക് വെക്കു
യോശുവ 9 വായിക്കുക

യോശുവ 9:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടിചെയ്യേണം.

പങ്ക് വെക്കു
യോശുവ 9 വായിക്കുക

യോശുവ 9:7-11 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു. അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു. എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും, യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു.

പങ്ക് വെക്കു
യോശുവ 9 വായിക്കുക