യോശുവ 9:16-21
യോശുവ 9:16-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉടമ്പടി ചെയ്തിട്ട് മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്- യെയാരീം എന്നിവ ആയിരുന്നു. സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരേ പിറുപിറുത്തു. പ്രഭുക്കന്മാർ എല്ലാവരും സർവസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ. നാം അവരോട് ഇങ്ങനെ ചെയ്ത് അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യം നിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. അവർക്കു വാക്കു കൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോട്: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
യോശുവ 9:16-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് അവർ തങ്ങളുടെ അടുത്തുതന്നെ പാർക്കുന്നവരാണെന്ന് ഇസ്രായേൽജനം മനസ്സിലാക്കിയത്. അവർ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളിൽ എത്തി. ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങൾ. ജനനേതാക്കന്മാർ, തങ്ങളുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യർ അവരെ സംഹരിച്ചില്ല. എന്നാൽ ഇസ്രായേൽജനം നേതാക്കന്മാർക്കെതിരെ പിറുപിറുത്തു. ജനനേതാക്കന്മാർ ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞങ്ങൾ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാൽ അവരെ ഉപദ്രവിക്കരുത്. അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ദൈവകോപം നമ്മുടെമേൽ വരും. അവർ ജീവിച്ചുകൊള്ളട്ടെ; എന്നാൽ അവർ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.”
യോശുവ 9:16-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉടമ്പടി ചെയ്തു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബെരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി. അവരുടെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽ മക്കൾ അവരെ സംഹരിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു. പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ. നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭയ്ക്കും വിറകു കീറുന്നവരും വെള്ളം കോരുന്നവരും ആയിരിക്കേണം” എന്നു പറഞ്ഞു.
യോശുവ 9:16-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു. സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു. പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ. നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. അവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
യോശുവ 9:16-21 സമകാലിക മലയാളവിവർത്തനം (MCV)
ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി. അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി. ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു. എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ. നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ. അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.