യോശുവ 9:1-26
യോശുവ 9:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാനിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോനെതിരേ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്വാൻ ഏകമനസ്സോടെ യോജിച്ചു. എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻനിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, പഴക്കംചെന്ന് കണ്ടംവച്ച ചെരുപ്പ് കാലിലും പഴയ വസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിനുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു. അവർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരുഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു. യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോട്: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. അവർ യോശുവയോട്: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞത്: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോട്: വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്ത് അവരെ ചെന്നു കണ്ട്: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് അവരോട് പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടി ചെയ്യേണം. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞു നിറച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരുപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു. ഉടമ്പടി ചെയ്തിട്ട് മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്- യെയാരീം എന്നിവ ആയിരുന്നു. സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരേ പിറുപിറുത്തു. പ്രഭുക്കന്മാർ എല്ലാവരും സർവസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ. നാം അവരോട് ഇങ്ങനെ ചെയ്ത് അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യം നിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. അവർക്കു വാക്കു കൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോട്: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു. പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത്? ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു. അവർ യോശുവയോട്: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്: നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്ക് അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഏറ്റവും ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു. ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കൈയിൽ ഇരിക്കുന്നു; നിനക്ക് ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.
യോശുവ 9:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോർദ്ദാനിക്കരെയുള്ള മലകളിലും താഴ്‌വരകളിലും ലെബാനോൻവരെയുള്ള മെഡിറ്ററേനിയൻ സമുദ്രതീരത്തും പാർത്തിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാർ ഇസ്രായേലിന്റെ വിജയത്തെപ്പറ്റി കേട്ടപ്പോൾ യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി. എന്നാൽ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങൾക്കെതിരെ പ്രവർത്തിച്ചത് കേട്ട് ഗിബെയോൻനിവാസികൾ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവർ ഭക്ഷണപദാർഥങ്ങൾ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകൽ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി. ജീർണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവർ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാർഥങ്ങൾ ഉണങ്ങിയതും പൂപ്പൽപിടിച്ചതുമായിരുന്നു. ഗില്ഗാലിൽ പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ ചെന്ന് അവർ പറഞ്ഞു: “ഞങ്ങൾ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.” എന്നാൽ ഇസ്രായേൽജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങൾ ഈ ദേശത്തു പാർക്കുന്നവരാണെങ്കിൽ ഞങ്ങൾ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.” “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്.” അവർ യോശുവയോടു പറഞ്ഞു. “നിങ്ങൾ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു. അവർ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെപ്പറ്റി ഞങ്ങൾ കേട്ടു. അവിടുത്തെ കീർത്തിയും അവിടുന്ന് ഈജിപ്തിൽ ചെയ്തതൊക്കെയും ഞങ്ങൾ അറിഞ്ഞു. യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തിൽ പാർക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവർത്തിച്ച കാര്യങ്ങളും ഞങ്ങൾ കേട്ടിട്ടുണ്ട്. യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാർഥങ്ങൾ എടുത്തുകൊണ്ടു നിങ്ങളെ കാണാൻ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേൽ ഞങ്ങളുമായി ഉടമ്പടി ചെയ്യാൻ നിങ്ങളോട് അഭ്യർഥിക്കണമെന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ടപ്പോൾ വഴിമധ്യേ ഭക്ഷിക്കാൻ ഞങ്ങൾ കൊണ്ടുവന്നതാണിവ. അപ്പോൾ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോൾ ഇവ ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞു നിറയ്‍ക്കുമ്പോൾ ഈ തുരുത്തികൾ പുതിയവയായിരുന്നു. ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു. ദീർഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.” സർവേശ്വരന്റെ ഹിതം ആരായാതെ ഇസ്രായേൽജനം അവരിൽനിന്നു ഭക്ഷണപദാർഥങ്ങൾ സ്വീകരിക്കുകയും യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു. ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് അവർ തങ്ങളുടെ അടുത്തുതന്നെ പാർക്കുന്നവരാണെന്ന് ഇസ്രായേൽജനം മനസ്സിലാക്കിയത്. അവർ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളിൽ എത്തി. ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങൾ. ജനനേതാക്കന്മാർ, തങ്ങളുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യർ അവരെ സംഹരിച്ചില്ല. എന്നാൽ ഇസ്രായേൽജനം നേതാക്കന്മാർക്കെതിരെ പിറുപിറുത്തു. ജനനേതാക്കന്മാർ ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞങ്ങൾ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാൽ അവരെ ഉപദ്രവിക്കരുത്. അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ദൈവകോപം നമ്മുടെമേൽ വരും. അവർ ജീവിച്ചുകൊള്ളട്ടെ; എന്നാൽ അവർ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.” പിന്നെ യോശുവ അവരെ വിളിച്ചു ചോദിച്ചു: “ഞങ്ങളുടെ അടുത്തുതന്നെ പാർക്കുന്ന നിങ്ങൾ വിദൂരസ്ഥരാണെന്നു പറഞ്ഞ് എന്തിനു ഞങ്ങളെ വഞ്ചിച്ചു? അതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരായിരിക്കും; നിങ്ങൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ എന്നും വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന അടിമകളായിരിക്കും.” അവർ യോശുവയോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങൾ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സർവേശ്വരൻ തന്റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങൾ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു. ഇതാ, ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവർത്തിച്ചാലും.” ഇസ്രായേൽജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു.
യോശുവ 9:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്‍ നദിക്ക് പടിഞ്ഞാറുള്ള മലകളിലും താഴ്‌വരകളിലും ലെബാനോനെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്വാൻ ഏകമനസ്സോടെ യോജിച്ചു. യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു. അവര്‍ രാജ്യ നയതന്ത്ര പ്രതിനിധികളെപ്പോലെ അവരെ തന്നെ ഒരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി. പഴക്കംചെന്ന് കണ്ടംവെച്ച ചെരിപ്പുകളും പഴയവസ്ത്രങ്ങളും ധരിച്ച് പുറപ്പെട്ടു. അവരുടെ ഭക്ഷണത്തിനുള്ള അപ്പം ഉണങ്ങി പൂത്തിരുന്നു. അവർ ഗില്ഗാൽ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: “ഞങ്ങൾ ദൂരദേശത്തുനിന്ന് വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം” എന്നു പറഞ്ഞു. യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്നു പറഞ്ഞു. അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെ നിന്ന് വരുന്നു?” എന്നു ചോദിച്ചു. അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ടു, ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടി ചെയ്യേണം. “ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽ നിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞു നിറച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.” അപ്പോൾ യിസ്രായേൽ പുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി. യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു. ഉടമ്പടി ചെയ്തു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബെരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി. അവരുടെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽ മക്കൾ അവരെ സംഹരിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു. പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ. നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭയ്ക്കും വിറകു കീറുന്നവരും വെള്ളം കോരുന്നവരും ആയിരിക്കേണം” എന്നു പറഞ്ഞു. പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത്? ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; നിങ്ങൾ എല്ലാകാലത്തും എന്‍റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായ അടിമകൾ ആയിരിക്കും” എന്നു പറഞ്ഞു. അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു. ഇപ്പോൾ ഇതാ, ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്ക് നല്ലതും യുക്തവുമായി തോന്നുന്നത് ഞങ്ങളോട് ചെയ്തുകൊൾക” എന്നു ഉത്തരം പറഞ്ഞു. അങ്ങനെ യോശുവ, യിസ്രായേൽ മക്കൾ അവരെ കൊല്ലാതെ, അവരുടെ കയ്യിൽനിന്ന് രക്ഷിച്ചു.
യോശുവ 9:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്നിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്വാൻ ഏകമനസ്സോടെ യോജിച്ചു. എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു. അവർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു. യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടിചെയ്യേണം. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു. ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു. യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു. സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു. പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ. നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. അവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു. പിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു? ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു. അവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്കു അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരിക്കുന്നു. ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
യോശുവ 9:1-26 സമകാലിക മലയാളവിവർത്തനം (MCV)
യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ— ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി. എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ, അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു. ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു. ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു. അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു. എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും, യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.” ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി. അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു. ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി. അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി. ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു. എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ. നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ. അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു. പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്? അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു. അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു. ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു. അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല.