യോശുവ 8:1-26

യോശുവ 8:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യഹോവ യോശുവയോട് അരുളിച്ചെയ്തത്: ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടജ്ജനത്തെയൊക്കെയും കൂട്ടി പുറപ്പെട്ട് ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുത്തുകൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പ് ആക്കേണം. അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽ അയച്ചു, അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ. ഞാനും എന്നോടുകൂടെയുള്ള സകല ജനവും പട്ടണത്തോട് അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരേ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്താകും. അവർ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏല്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീ വയ്ക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു. അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി. ഹായിരാജാവ് അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവൻ അറിഞ്ഞില്ല. യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്തായി. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു. അപ്പോൾ യഹോവ യോശുവയോട്: നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി. അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു. ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി. മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു. അന്ന് പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നെ. ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.

പങ്ക് വെക്കു
യോശുവ 8 വായിക്കുക

യോശുവ 8:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “നിങ്ങൾ ഭയപ്പെടരുത്; പരിഭ്രമിക്കുകയും അരുത്. സൈന്യവുമായി ഹായിയിലേക്കു പോകുക. അവിടത്തെ രാജാവിനോടൊപ്പം ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ ഞാൻ ഏല്പിച്ചിരിക്കുന്നു. യെരീഹോവിനോടും അവിടത്തെ രാജാവിനോടും നീ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യണം. എന്നാൽ അവിടെനിന്നു പിടിച്ചെടുക്കുന്ന സാധനങ്ങളും കന്നുകാലികളും ഇത്തവണ നിങ്ങൾക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കാൻ അതിന്റെ പിൻഭാഗത്തു നിങ്ങൾ പതിയിരിക്കണം.” യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽത്തന്നെ അയച്ചു. അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം. പട്ടണത്തിൽനിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം. ഞാനും എന്റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികൾ ഞങ്ങളെ നേരിടുമ്പോൾ മുൻപത്തെപ്പോലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞോടും. അങ്ങനെ പട്ടണത്തിൽനിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവർ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പിൽനിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവർ പറയും. അപ്പോൾ ഒളിവിടങ്ങളിൽനിന്നു പുറത്തുവന്നു നിങ്ങൾ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അതു നിങ്ങളുടെ കരങ്ങളിൽ ഏല്പിച്ചുതരും. പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാൻ നിങ്ങളോടു കല്പിക്കുന്നു.” യോശുവ അവരെ പറഞ്ഞയച്ചു. അവർ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയിൽ ജനത്തിന്റെ കൂടെ പാർത്തു. യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേൽനേതാക്കന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈനികർ നഗരവാതില്‌ക്കൽ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവർ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്റെ പടിഞ്ഞാറു വശത്തു പതിയിരുത്തി. പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിർത്തി. ആ രാത്രിയിൽ യോശുവ താഴ്‌വരയിൽ പാർത്തു. ഹായിയിലെ രാജാവ് അവരെ കണ്ടപ്പോൾ പെട്ടെന്ന് സൈന്യസമേതം ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല. യോശുവയും ഇസ്രായേൽജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി. അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവർ യോശുവയെ പിന്തുടർന്ന് പട്ടണത്തിൽനിന്നു വിദൂരത്തെത്തി. ഇസ്രായേൽജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതിൽ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേൽജനത്തെ അവർ പിന്തുടർന്നത്. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “നിന്റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാൻ നിന്റെ കരങ്ങളിൽ ഏല്പിക്കും.” യോശുവ അങ്ങനെ ചെയ്തു. തൽക്ഷണം പതിയിരുന്നവർ ഒളിവിടങ്ങളിൽനിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടൻതന്നെ അവർ പട്ടണത്തിനു തീ വച്ചു. ഹായിനിവാസികൾ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിൽനിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവർക്ക് രക്ഷപെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേൽജനം തിരിഞ്ഞ് അവരെ ആക്രമിക്കാൻ തുടങ്ങി. പതിയിരുന്നവർ പട്ടണം പിടിച്ചടക്കിയതും പട്ടണത്തിൽനിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോൾ യോശുവയും ഇസ്രായേൽജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു. പട്ടണത്തിൽ കടന്ന ഇസ്രായേൽജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികൾ ഇസ്രായേൽജനത്തിന്റെ മധ്യത്തിലായി. അവരിൽ ഒരാൾപോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യർ അവരെ സംഹരിച്ചു. എന്നാൽ ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. മരുഭൂമിയിൽ തങ്ങളെ പിന്തുടർന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യർ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യർ ഹായിയിൽ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി. ഹായിപട്ടണത്തിൽ പുരുഷന്മാരും സ്‍ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവർ പന്തീരായിരം ആയിരുന്നു. ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിൻവലിച്ചില്ല.

പങ്ക് വെക്കു
യോശുവ 8 വായിക്കുക

യോശുവ 8:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്‍റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്‍റെ കയ്യിൽ തന്നിരിക്കുന്നു. യെരീഹോവിനോടും അതിന്‍റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്‍റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്‍റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.” അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു, അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്‍റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ. ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടു വരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു ‘എന്നു അവർ പറയും. അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു.” അങ്ങനെ യോശുവ അയച്ച അവർ ചെന്നു ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്‍റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരംപേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി. അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിർത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു. ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്‍റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല. യോശുവയും എല്ലാ യിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി. ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു. അപ്പോൾ യഹോവ യോശുവയോട്: “നിന്‍റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്‍റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി. അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു. ഹായി പട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു. മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായി പട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്‍റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു. അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായി പട്ടണക്കാർ ആകെ പന്തീരായിരം പേർ. ഹായി പട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.

പങ്ക് വെക്കു
യോശുവ 8 വായിക്കുക

യോശുവ 8:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു. യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിപ്പു ആക്കേണം. അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയിൽ അയച്ചു, അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ. ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും. അവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും. ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യിൽ ഏല്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു. അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി. അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി. ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല. യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു. അപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി. അവൻ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഓടി പട്ടണത്തിൽ കയറി അതു പിടിച്ചു ക്ഷണത്തിൽ പട്ടണത്തിന്നു തീവെച്ചു. ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവർക്കു ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി. മറ്റവരും പട്ടണത്തിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു. അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നേ. ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.

പങ്ക് വെക്കു
യോശുവ 8 വായിക്കുക

യോശുവ 8:1-26 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.” അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു: “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും. ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ, നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.” അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു. അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി. ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു. അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി. അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു. ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു. ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു. ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല.

പങ്ക് വെക്കു
യോശുവ 8 വായിക്കുക