യോശുവ 7:16-20
യോശുവ 7:16-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
യോശുവ 7:16-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി; സർഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയിൽ സബ്ദി കുടുംബത്തെ നീക്കിനിർത്തി. സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കർമ്മിയുടെ പുത്രനുമായ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” ആഖാൻ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു ഞാൻ പാപം ചെയ്തു; ഞാൻ ചെയ്തതു ഇതാണ്.
യോശുവ 7:16-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരെഹിന്‍റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം.
യോശുവ 7:16-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
യോശുവ 7:16-20 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു. അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു. ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു.