യോശുവ 7:1-13

യോശുവ 7:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു അകൃത്യം ചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്‍ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരേ ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്: നിങ്ങൾ ചെന്ന് ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി, യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവജനത്തെയും അവിടേക്ക് അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്ന് തോറ്റ് ഓടി. ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവച്ച് അവരെ തോല്പിച്ചു; അതുകൊണ്ട് ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയിത്തീർന്നു. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണു വാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു: അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നതു എന്ത്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടൂ! കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിനുവേണ്ടി എന്തു ചെയ്യും എന്ന് യോശുവ പറഞ്ഞു. യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്‍ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല; നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളിൽ ചിലത് യെഹൂദാഗോത്രത്തിലെ കർമ്മിയുടെ മകനായ ആഖാൻ എടുത്തു. അങ്ങനെ ഇസ്രായേൽജനം സർവേശ്വരന്റെ കല്പന ലംഘിച്ചു. കർമ്മി സബ്ദിയുടെ പുത്രനും സേരഹിന്റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേൽജനത്തിന്റെമേൽ സർവേശ്വരന്റെ കോപം ജ്വലിച്ചു. ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവിൽനിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങൾ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവർ അപ്രകാരം ചെയ്തു; അവർ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാൻ രണ്ടായിരമോ മൂവായിരമോ ആളുകൾ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേർ മാത്രമേയുള്ളൂ.” അങ്ങനെ ഇസ്രായേൽജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പിൽ തോറ്റോടി. പട്ടണവാതിൽമുതൽ ശെബാരീംവരെ അവർ അവരെ പിന്തുടർന്നു. മലഞ്ചരുവിൽ വച്ച് അവരിൽ മുപ്പത്താറു പേരെ ഹായിനിവാസികൾ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു. അവർ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു. യോശുവ പറഞ്ഞു: “ദൈവമായ സർവേശ്വരാ, അമോര്യരുടെ കൈയാൽ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോർദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങൾ യോർദ്ദാനക്കരെ പാർത്താൽ മതിയായിരുന്നല്ലോ! സർവേശ്വരാ, ഇസ്രായേല്യർ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാൻ എന്തു പറയേണ്ടൂ! കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാർത്ത കേൾക്കുമ്പോൾ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോൾ അവിടുത്തെ നാമം നിലനിർത്താൻ അവിടുന്ന് എന്തു ചെയ്യും? സർവേശ്വരൻ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? ഇസ്രായേൽ പാപം ചെയ്തു. അർപ്പിതവസ്തുക്കളിൽ ചിലത് എടുക്കയാൽ അവർ എന്റെ കല്പന ലംഘിച്ചു. അവർ മോഷ്‍ടിച്ച വകകൾ തങ്ങൾക്കുള്ള വകകളോടു ചേർത്തുവച്ച ശേഷം വ്യാജം പറഞ്ഞു. അതുകൊണ്ട് ഇസ്രായേൽജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ കഴികയില്ല. അവർ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവർ മോഷ്‍ടിച്ച അർപ്പിതവസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കാതെയിരുന്നാൽ ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘സർവേശ്വരന് അർപ്പിതമായ വസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ നിങ്ങൾക്കു കഴികയില്ല;’

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യിസ്രായേൽ മക്കൾ യഹോവയ്ക്കായി സമർപ്പിച്ച ചില വസ്തുക്കൾ കൈവശപ്പെടുത്തി അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരെഹിന്‍റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽ മക്കളുടെ നേരെ ജ്വലിച്ചു. യോശുവ യെരീഹോവിൽ നിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേത്ത്-ആവെന്‍റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി. യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ” എന്നു പറഞ്ഞു. അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി. ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽ വച്ചു അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്‍റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടുപോയി. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ അവനും യിസ്രായേൽ മൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: “അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാനിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാനക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. കർത്താവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്ത് പറയേണ്ടു! കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്‍റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?” എന്നു യോശുവ പറഞ്ഞു. യഹോവ യോശുവയോടു പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്‍റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. “നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്‍റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്‍റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി, യോശുവയുടെ അടുക്കൽ മടങ്ങിവന്നു അവനോടു: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്നു തോറ്റു ഓടി. ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്ക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീർന്നു. യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടു! കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയിൽനിന്നു ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു. യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:1-13 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ അർപ്പിതവസ്തുക്കളെ സംബന്ധിച്ച് ഇസ്രായേൽമക്കൾ അവിശ്വസ്തത കാണിച്ചു. യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ മകൻ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തു. അതുകൊണ്ട് ഇസ്രായേലിനു വിരോധമായി യഹോവയുടെ കോപം ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു. അവർ യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അദ്ദേഹത്തെ അറിയിച്ചത്, “ഹായിക്കുനേരേ സൈന്യമെല്ലാം പോകേണ്ട ആവശ്യമില്ല. അതു പിടിക്കുന്നതിനു രണ്ടായിരമോ മൂവായിരമോ ജനത്തെമാത്രം അയയ്ക്കുക; എല്ലാവരെയും കഷ്ടപ്പെടുത്തേണ്ടാ. കാരണം, അവിടെ കുറച്ചു ജനംമാത്രമേയുള്ളൂ.” അതുകൊണ്ട് ഏകദേശം മൂവായിരംപേർ അങ്ങോട്ടുപോയി; എന്നാൽ ഹായിയിലെ ആളുകൾ ഇസ്രായേല്യരോടെതിരിട്ട് അവരെ തോൽപ്പിച്ചു, അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു. അപ്പോൾ യോശുവ വസ്ത്രംകീറി യഹോവയുടെ പേടകത്തിനുമുമ്പിൽ നിലത്തു സാഷ്ടാംഗം വീണു. സന്ധ്യവരെ അവിടെ കിടന്നു. ഇസ്രായേല്യ ഗോത്രത്തലവന്മാരും തലയിൽ പൊടിവാരിയിട്ടുകൊണ്ട് അപ്രകാരംചെയ്തു. യോശുവ ഇപ്രകാരം പറഞ്ഞു: “കർത്താവായ യഹോവേ! ഞങ്ങളെ നശിപ്പിക്കാൻ അമോര്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് ഈ ജനത്തെ അവിടന്ന് എന്തിനുവേണ്ടി യോർദാന് ഇക്കരെ കൊണ്ടുവന്നു? ഞങ്ങൾ യോർദാനക്കരെ താമസിച്ചാൽ മതിയാകുമായിരുന്നല്ലോ! കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിക്കണമേ. ഇസ്രായേലിനെ ശത്രുക്കൾ തകർത്തശേഷം ഇനി ഞാൻ എന്താണു പറയേണ്ടത്? കനാന്യരും ദേശത്തെ മറ്റ് ആളുകളും ഈ വിവരം അറിഞ്ഞ് ഞങ്ങളെ ചുറ്റിവളയുകയും ഞങ്ങളുടെ പേര് ഭൂമിയിൽനിന്ന് തുടച്ചുമാറ്റുകയും ചെയ്യുമല്ലോ. എന്നാൽ, അങ്ങ് അവിടത്തെ മഹത്തായ നാമത്തിനുവേണ്ടി എന്തുചെയ്യും?” യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല. “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക