യോശുവ 6:18-21
യോശുവ 6:18-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരേ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
യോശുവ 6:18-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നശിപ്പിക്കാൻ സമർപ്പിക്കപ്പെട്ടവയിൽനിന്നും യാതൊന്നും നിങ്ങൾ എടുക്കരുത്; എടുത്താൽ ഇസ്രായേൽപാളയത്തിൽ അനർഥവും നാശവും ഉണ്ടാകും. വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സർവേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തിൽ ചേരേണ്ടതാകുന്നു. പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോൾ ആർത്തട്ടഹസിക്കുകയും ചെയ്തു. അപ്പോൾ പട്ടണമതിൽ ഇടിഞ്ഞുവീണു. ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാർ, സ്‍ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ആടുമാടുകൾ, കഴുതകൾ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവർ നശിപ്പിച്ചു.
യോശുവ 6:18-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽ പാളയത്തിൽ ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.” അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
യോശുവ 6:18-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
യോശുവ 6:18-21 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും. വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.” പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി. അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.