യോശുവ 4:1-7
യോശുവ 4:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനമൊക്കെയും യോർദ്ദാൻ കടന്നു തീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടു പേരെ കൂട്ടി അവരോട്: യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ടു കല്ല് എടുത്ത് കരയ്ക്കു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വയ്പാൻ കല്പിപ്പിൻ. അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടു പേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞത്: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം. ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരുംകാലത്തു ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതു നിമിത്തംതന്നെ എന്ന് അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ട് ഈ കല്ല് യിസ്രായേൽമക്കൾക്ക് എന്നേക്കും ജ്ഞാപകമായിരിക്കേണം.
യോശുവ 4:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനം യോർദ്ദാൻനദി കടന്നപ്പോൾ സർവേശ്വരൻ യോശുവയോടു പറഞ്ഞു: “ഓരോ ഗോത്രത്തിൽനിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം, യോർദ്ദാന്റെ മധ്യത്തിൽ പുരോഹിതന്മാരുടെ പാദങ്ങൾ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകൾ എടുത്ത് നിങ്ങൾ ഇന്നു രാത്രി പാർക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം. ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോർദ്ദാന്റെ മധ്യത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ ചെന്ന് ഓരോ ഇസ്രായേൽഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങൾ ചുമലിൽ എടുത്തുകൊണ്ടുവരണം. ഈ കല്ലുകളുടെ അർഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യോർദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോൾ വെള്ളം വേർപിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകൾ ഇസ്രായേല്യർക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.”
യോശുവ 4:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ ജനമെല്ലാം യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചത്: “നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം: ‘യോർദ്ദാന്‍റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചു നിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വെയ്ക്കണം.’” അങ്ങനെ യോശുവ യിസ്രായേൽ മക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. അവരോട് പറഞ്ഞത്: “യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്നു യിസ്രായേൽ മക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം. ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം. ‘ഈ കല്ല്’ എന്ത്? എന്നു നിങ്ങളുടെ മക്കൾ വരുംകാലത്ത് ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നെ എന്നു അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽ മക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം.”
യോശുവ 4:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു: യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്തു വെപ്പാൻ കല്പിപ്പിൻ. അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ചെന്നു യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ലു ചുമലിൽ എടുക്കേണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
യോശുവ 4:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു: “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.” അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”