യോശുവ 4:1-24

യോശുവ 4:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജനമൊക്കെയും യോർദ്ദാൻ കടന്നു തീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടു പേരെ കൂട്ടി അവരോട്: യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ടു കല്ല് എടുത്ത് കരയ്ക്കു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വയ്പാൻ കല്പിപ്പിൻ. അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടു പേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞത്: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം. ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരുംകാലത്തു ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതു നിമിത്തംതന്നെ എന്ന് അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ട് ഈ കല്ല് യിസ്രായേൽമക്കൾക്ക് എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വച്ചു. യോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ല് നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്. മോശെ യോശുവയോടു കല്പിച്ചതൊക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ നിന്നു; ജനം വേഗത്തിൽ മറുകര കടന്നു. ജനമൊക്കെയും കടന്നുതീർന്നപ്പോൾ ജനം കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു. മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യിസ്രായേൽമക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു. ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന് യെരീഹോസമഭൂമിയിൽ കടന്നു. അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി; അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോട്: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരയ്ക്കു പൊക്കിവച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്ക് വന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി. ഒന്നാം മാസം പത്താം തീയതി ജനം യോർദ്ദാനിൽനിന്ന് കയറി യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി. യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ടു കല്ല് യോശുവ ഗില്ഗാലിൽ നാട്ടി, യിസ്രായേൽമക്കളോടു പറഞ്ഞത് എന്തെന്നാൽ: ഈ കല്ല് എന്ത് എന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോടു ചോദിച്ചാൽ: യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോർദ്ദാനിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോടു പറയേണം. ഭൂമിയിലെ സകല ജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

പങ്ക് വെക്കു
യോശുവ 4 വായിക്കുക

യോശുവ 4:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജനം യോർദ്ദാൻനദി കടന്നപ്പോൾ സർവേശ്വരൻ യോശുവയോടു പറഞ്ഞു: “ഓരോ ഗോത്രത്തിൽനിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം, യോർദ്ദാന്റെ മധ്യത്തിൽ പുരോഹിതന്മാരുടെ പാദങ്ങൾ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകൾ എടുത്ത് നിങ്ങൾ ഇന്നു രാത്രി പാർക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം. ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോർദ്ദാന്റെ മധ്യത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ ചെന്ന് ഓരോ ഇസ്രായേൽഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങൾ ചുമലിൽ എടുത്തുകൊണ്ടുവരണം. ഈ കല്ലുകളുടെ അർഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യോർദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോൾ വെള്ളം വേർപിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകൾ ഇസ്രായേല്യർക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.” യോശുവ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു; സർവേശ്വരൻ യോശുവയോടു കല്പിച്ചതുപോലെ ഓരോ ഗോത്രത്തിനും ഓരോ കല്ലു വീതം പന്ത്രണ്ടു കല്ലുകൾ യോർദ്ദാൻനദിയുടെ മധ്യത്തിൽ നിന്നെടുത്ത് അവരുടെ പാളയത്തിൽ കൊണ്ടുപോയി വച്ചു. യോർദ്ദാന്റെ നടുവിൽ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ ഉറപ്പിച്ചിരുന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലുകൾ നാട്ടി; ഈ കല്ലുകൾ ഇപ്പോഴും അവിടെയുണ്ട്. സർവേശ്വരൻ യോശുവയോട് കല്പിച്ചിരുന്നതെല്ലാം ജനം ചെയ്തുതീരുന്നതുവരെ പെട്ടകം വഹിച്ചുകൊണ്ടു പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽതന്നെ നിന്നു. മോശ കല്പിച്ചിരുന്നതും അതായിരുന്നുവല്ലോ. ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോൾ സർവേശ്വരന്റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പിൽ എത്തി. മോശ കല്പിച്ചതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതി ഗോത്രക്കാരും യുദ്ധസന്നദ്ധരായി ജനത്തിനു മുമ്പേ നടന്നു. സർവേശ്വരന്റെ സാന്നിധ്യത്തിൽ ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തിൽ പ്രവേശിച്ചു. അന്ന് ഇസ്രായേൽജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സർവേശ്വരൻ ഇടയാക്കി. മോശയെ ബഹുമാനിച്ചതുപോലെ യോശുവയെയും അദ്ദേഹത്തിന്റെ ആയുഷ്കാലം മുഴുവൻ അവർ ആദരിച്ചു. “ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ ‘യോർദ്ദാനിൽനിന്ന് കയറിവരാൻ’ കല്പിക്കുക” എന്ന് സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു. യോർദ്ദാനിൽനിന്ന് കയറിവരാൻ യോശുവ പുരോഹിതന്മാരോടു കല്പിച്ചു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാനിൽനിന്നു കയറി; അവരുടെ പാദങ്ങൾ ഉണങ്ങിയ നിലത്തു സ്പർശിച്ചപ്പോൾ യോർദ്ദാനിലെ വെള്ളം മുമ്പത്തെപ്പോലെ കരകവിഞ്ഞൊഴുകി. ഒന്നാം മാസം പത്താം ദിവസം ജനം യോർദ്ദാൻനദി കടന്ന് യെരീഹോവിനു കിഴക്കേ അതിർത്തിയിലുള്ള ഗില്ഗാലിൽ പാളയമടിച്ചു. യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ടു കല്ലുകൾ യോശുവ ഗില്ഗാലിൽ സ്ഥാപിച്ചു. അദ്ദേഹം ഇസ്രായേൽജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അർഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, ഇസ്രായേല്യർ യോർദ്ദാൻ കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടൽ വറ്റിച്ചു കളഞ്ഞതുപോലെ ഞങ്ങൾ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം. “അങ്ങനെ ദൈവമായ സർവേശ്വരനെ നിങ്ങൾ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങൾ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.

പങ്ക് വെക്കു
യോശുവ 4 വായിക്കുക

യോശുവ 4:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ ജനമെല്ലാം യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചത്: “നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം: ‘യോർദ്ദാന്‍റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചു നിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വെയ്ക്കണം.’” അങ്ങനെ യോശുവ യിസ്രായേൽ മക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. അവരോട് പറഞ്ഞത്: “യോർദ്ദാന്‍റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്നു യിസ്രായേൽ മക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം. ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം. ‘ഈ കല്ല്’ എന്ത്? എന്നു നിങ്ങളുടെ മക്കൾ വരുംകാലത്ത് ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നെ എന്നു അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽ മക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം.” യോശുവ കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു; യിസ്രായേൽ മക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ലുകൾ യോർദ്ദാന്‍റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്ത് കൊണ്ടുപോയി വെച്ചു. യോർദ്ദാന്‍റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ലുകൾ നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്. മോശെ യോശുവയോട് കല്പിച്ചത് ഒക്കെയും ജനത്തോട് പറഞ്ഞു. യോശുവയോട് യഹോവ കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്‍റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. ജനമൊക്കെയും കടന്നു തീർന്നപ്പോൾ അവർ കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു. മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽ മക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു. ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരീഹോ സമഭൂമിയിൽ കടന്നു. അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി. അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോട്: “സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽ നിന്ന് കയറുവാൻ കല്പിക്ക” എന്നു അരുളിച്ചെയ്തു. യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽ നിന്ന് കയറുവാൻ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്‍റെ നടുവിൽനിന്ന് കയറി; അവരുടെ ഉള്ളങ്കാൽ കരയ്ക്ക് വെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും മടങ്ങിവന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽ നിന്ന് കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി. യോർദ്ദാനിൽ നിന്ന് എടുത്ത പന്ത്രണ്ട് കല്ലുകൾ യോശുവ ഗില്ഗാലിൽ നാട്ടി. യിസ്രായേൽ മക്കളോട് പറഞ്ഞത് എന്തെന്നാൽ: “ഈ കല്ലുകൾ എന്ത്? എന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോട് ചോദിച്ചാൽ: യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദ്ദാനിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോട് പറയേണം. നിങ്ങളുടെ ദൈവമായ യഹോവ മുമ്പ് ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. കാരണം ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന് തന്നെ.”

പങ്ക് വെക്കു
യോശുവ 4 വായിക്കുക

യോശുവ 4:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു: യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്തു വെപ്പാൻ കല്പിപ്പിൻ. അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ചെന്നു യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ലു ചുമലിൽ എടുക്കേണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ: യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോർദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു. മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. ജനമൊക്കെയും കടന്നു തീർന്നപ്പോൾ ജനം കാണ്ങ്കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു. മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു. ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു. അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി; അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി. യോർദ്ദാനിൽനിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലിൽ നാട്ടി, യിസ്രായേൽമക്കളോടു പറഞ്ഞതു എന്തെന്നാൽ; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കൾ പിതാക്കന്മാരോടു ചോദിച്ചാൽ: യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോർദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം. ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

പങ്ക് വെക്കു
യോശുവ 4 വായിക്കുക

യോശുവ 4:1-24 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു: “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.” അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.” യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്. മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു. മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു. ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു. അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു. പിന്നെ യഹോവ യോശുവയോട്, “ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു. “യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു. അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി. ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു. യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു. യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ, ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക. കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു. ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”

പങ്ക് വെക്കു
യോശുവ 4 വായിക്കുക