യോശുവ 3:7-13
യോശുവ 3:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യഹോവ യോശുവയോട്: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു. യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിൻ. സർവഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.
യോശുവ 3:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ. ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാർ നദീതീരത്ത് എത്തുമ്പോൾ നദിയിൽ ഇറങ്ങി നില്‌ക്കാൻ അവരോട് കല്പിക്കണം.” യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം കേൾക്കുവിൻ. നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും. സർവലോകത്തിന്റെയും നാഥനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കുമുമ്പേ യോർദ്ദാനിലേക്കു പോകും. ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു തിരഞ്ഞെടുക്കുക. സർവഭൂമിയുടെയും നാഥനായ സർവേശ്വരന്റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ പതിക്കുമ്പോൾതന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.”
യോശുവ 3:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടു കൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക” എന്നും അരുളിച്ചെയ്തു. യോശുവ യിസ്രായേൽ മക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുവിൻ” എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്ക് മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽ നിന്ന് ഓരോ ആൾ വീതം യിസ്രായേൽ ഗോത്രങ്ങളിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുക്കുവിൻ. സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.”
യോശുവ 3:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു. യോശുവ യിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടു; അവൻ നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾഇതിനാൽ അറിയും. ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിൻ. സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.
യോശുവ 3:7-13 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.” യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക. ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു. അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”