യോശുവ 3:1-7
യോശുവ 3:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യോശുവ അതികാലത്ത് എഴുന്നേറ്റ്, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ട് യോർദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പേ അവിടെ താമസിച്ചു. മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽക്കൂടി നടന്ന് ജനത്തോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. പുരോഹിതന്മാരോട് യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട്: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.
യോശുവ 3:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേൽജനത്തോടൊത്ത് ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാൻനദിയുടെ തീരത്ത് എത്തി. അവർ മറുകര കടക്കുന്നതിനു മുൻപ് അവിടെ പാളയമടിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ നേതാക്കന്മാർ പാളയത്തിൽ കടന്നുചെന്നു ജനത്തോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാർ പുറപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ പാളയം വിട്ട് അവരെ അനുഗമിക്കുക; അവർ നിങ്ങൾക്കു മാർഗദർശികളായിരിക്കും. നിങ്ങൾ ആ വഴിയിൽക്കൂടി ഇതിനുമുൻപ് പോയിട്ടില്ലല്ലോ; എന്നാൽ പെട്ടകത്തിൽനിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.” പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; സർവേശ്വരൻ നാളെ നിങ്ങളുടെ ഇടയിൽ ഒരു അദ്ഭുതം പ്രവർത്തിക്കും.” യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവർ ചെയ്തു. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ.
യോശുവ 3:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവ അതികാലത്ത് എഴുന്നേറ്റ്, യിസ്രായേൽ മക്കൾ എല്ലാവരുമായി ശിത്തീമിൽ നിന്നു പുറപ്പെട്ടു യോർദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു. മൂന്നുദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽ കൂടി നടന്ന് ജനത്തോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകവും അത് ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങൾ പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും പെട്ടകത്തിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്. നിങ്ങൾ പോകേണ്ട വഴി അറിയേണ്ടതിന് അത് നിങ്ങളെ നയിക്കും; ഈ വഴിക്ക് നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.” പിന്നെ യോശുവ ജനത്തോട്: “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും” എന്നു പറഞ്ഞു. പുരോഹിതന്മാരോട് യോശുവ: “നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടപ്പിൻ” എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടു കൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.
യോശുവ 3:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു. മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. പുരോഹിതന്മാരോടു യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.
യോശുവ 3:1-7 സമകാലിക മലയാളവിവർത്തനം (MCV)
അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു. മൂന്നുദിവസത്തിനുശേഷം ജനത്തിന്റെ നായകന്മാർ പാളയത്തിൽക്കൂടി കടന്ന്, ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം. ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.” പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു. യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു. പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും.