യോശുവ 24:13-33

യോശുവ 24:13-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്ക് അനുഭവമായിരിക്കുന്നു. ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും. അതിന് ജനം ഉത്തരം പറഞ്ഞത്: യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകല ജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ. ദേശത്തു പാർത്തിരുന്ന അമോര്യർ മുതലായ സകല ജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം. യോശുവ ജനത്തോടു പറഞ്ഞത്: നിങ്ങൾക്ക് യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മ ചെയ്ത് നിങ്ങളെ സംഹരിക്കും. ജനം യോശുവയോട്: അല്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും എന്നു പറഞ്ഞു. യോശുവ ജനത്തോട്: യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നെ സാക്ഷികൾ എന്ന് അവർ പറഞ്ഞു. ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്ന് അവൻ പറഞ്ഞു. ജനം യോശുവയോട്: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്ക് ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു. അങ്ങനെ യോശുവ അന്ന് ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽവച്ച് ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു. പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികേയുള്ള കരുവേലകത്തിൻ കീഴെ നാട്ടിയുംവച്ച് യോശുവ സകല ജനത്തോടും: ഇതാ, ഈ കല്ല് നമുക്ക് സാക്ഷിയായിരിക്കട്ടെ; അത് യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന് അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു. ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു. അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവനെ എഫ്രയീംപർവതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള സകല പ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നു. അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കംചെയ്തു.

പങ്ക് വെക്കു
യോശുവ 24 വായിക്കുക

യോശുവ 24:13-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു നല്‌കി. നിങ്ങൾ അവിടെ ഇപ്പോൾ പാർക്കുന്നു. നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു. “അതുകൊണ്ട് നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ആത്മാർഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സർവേശ്വരനെ മാത്രം ആരാധിക്കുവിൻ. അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിൽ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ പാർക്കുന്ന ദേശത്തിലെ അമോര്യർ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിൻ. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും സർവേശ്വരനെത്തന്നെ സേവിക്കും.” അപ്പോൾ ജനം പ്രതിവചിച്ചു: “ഞങ്ങൾ സർവേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല. ഞങ്ങൾ അടിമകളായി പാർത്തിരുന്ന ഈജിപ്തിൽനിന്നു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ ഞങ്ങൾ നേരിട്ടുകണ്ടതാണ്. ഞങ്ങൾ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു. ഈ ദേശത്തു പാർത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സർവേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.” എന്നാൽ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു സർവേശ്വരനെ സേവിക്കാൻ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല. അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സർവേശ്വരനെ ത്യജിച്ചുകളഞ്ഞാൽ മുമ്പു നിങ്ങൾക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.” ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങൾ സർവേശ്വരനെ മാത്രം സേവിക്കും.” യോശുവ അവരോടു പറഞ്ഞു: “സർവേശ്വരനെത്തന്നെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങൾതന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങൾ സാക്ഷികളാകുന്നു” എന്ന് അവർ പ്രതിവചിച്ചു. “അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു. ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരനെ ഞങ്ങൾ സേവിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യും.” അന്നു യോശുവ ഇസ്രായേൽജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമിൽ വച്ചുതന്നെ അവർക്കു നിയമങ്ങളും ചട്ടങ്ങളും നല്‌കി. ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്റെ ധർമശാസ്ത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിൻ കീഴെ നാട്ടുകയും ചെയ്തു. യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സർവേശ്വരൻ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങൾ അവിശ്വസ്തരായി വർത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.” പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു. നൂനിന്റെ പുത്രനും സർവേശ്വരന്റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോൾ മരിച്ചു. എഫ്രയീം മലനാട്ടിൽ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയിൽത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു. യോശുവയുടെ കാലത്തും, അതിനുശേഷം സർവേശ്വരൻ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികൾ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേൽ സർവേശ്വരനെ സേവിച്ചു. ഇസ്രായേൽജനത ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ യോസേഫിന്റെ അസ്ഥികൾ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരിൽനിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേൽജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്റെ ഭാവിതലമുറകൾക്ക് അവകാശപ്പെട്ടതായിത്തീർന്നു. അഹരോന്റെ പുത്രനായ എലെയാസാരും മരിച്ചു; തന്റെ പുത്രനായ ഫീനെഹാസിന് എഫ്രയീം മലമ്പ്രദേശത്തു ഗിബെയായിൽ അവകാശമായി ലഭിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.

പങ്ക് വെക്കു
യോശുവ 24 വായിക്കുക

യോശുവ 24:13-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു. “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഫ്രാത്ത് നദിക്കക്കരെയും മിസ്രയീമിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഫ്രാത്ത് നദിക്കക്കരെവെച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്‍റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതിന് ജനം ഉത്തരം പറഞ്ഞത്: “യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിക്കുവാൻ ഞങ്ങൾക്ക് ഒരുനാളും ഇടയാകാതിരിക്കട്ടെ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് ഞങ്ങൾക്കുവേണ്ടി വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജനതകളുടെ ഇടയിലും ഞങ്ങളെ കാത്തുരക്ഷിക്കയും ചെയ്തത് ദൈവമായ യഹോവ തന്നെയല്ലോ. ദേശത്ത് പാർത്തിരുന്ന അമോര്യർ മുതലായ സകലജനതകളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനത്രേ ഞങ്ങളുടെ ദൈവം.” യോശുവ ജനത്തോടു പറഞ്ഞത്: “നിങ്ങൾക്ക് യഹോവയെ സേവിക്കുവാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്ക് നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മചെയ്ത് നിങ്ങളെ സംഹരിക്കും.” ജനം യോശുവയോട്: “അല്ല, നിശ്ചയമായും ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു. യോശുവ ജനത്തോട്: “യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ” എന്നു പറഞ്ഞു. “അതേ, ഞങ്ങൾ തന്നെ സാക്ഷികൾ” എന്നു അവർ പറഞ്ഞു. “ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പീൻ” എന്നു അവൻ പറഞ്ഞു. ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്‍റെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു. അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ചു യിസ്രായേൽ ജനവുമായി ഒരു ഉടമ്പടിചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി. പിന്നെ യോശുവ ഈ വചനങ്ങൾ എല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലക മരത്തിൻ കീഴെ നാട്ടി. യോശുവ സകലജനത്തോടും പറഞ്ഞത്: “ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും.” ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു. യഹോവയുടെ ദാസനും നൂന്‍റെ പുത്രനുമായ യോശുവ നൂറ്റിപ്പത്ത് വയസ്സുള്ളപ്പോൾ മരിച്ചു. യിസ്രായേൽ ജനം അവനെ എഫ്രയീം പർവ്വതത്തിലുള്ള തിമ്നത്ത്-സേരഹിൽ ഗാശ് മലയുടെ വടക്കുവശത്ത് അവന്‍റെ അവകാശഭൂമിയിൽ അടക്കം ചെയ്തു. യോശുവയുടെ കാലത്തും അവനുശേഷം യഹോവ യിസ്രായേലിനു വേണ്ടി ചെയ്ത സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലം വരെയും യിസ്രായേൽ യഹോവയെ സേവിച്ചു. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് കൊണ്ടുപോന്ന യോസേഫിന്‍റെ അസ്ഥികൾ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ മക്കളോട് നൂറ് വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത്, അടക്കം ചെയ്തു; അത് യോസേഫിന്‍റെ മക്കൾക്ക് അവകാശമായിത്തീർന്നിരുന്നു. അഹരോന്‍റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്‍റെ മകനായ ഫീനെഹാസിന് എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന ഒരു കുന്നിൽ അടക്കം ചെയ്തു.

പങ്ക് വെക്കു
യോശുവ 24 വായിക്കുക

യോശുവ 24:13-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു. ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും. അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാണ്കെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ. ദേശത്തു പാർത്തിരുന്ന അമോര്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം. യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും. ജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു. യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു. ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു. ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു. അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു. പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെനാട്ടിയുംവെച്ചു യോശുവ സകലജനത്തോടും: ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു. ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു. അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു. യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീർന്നു. അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.

പങ്ക് വെക്കു
യോശുവ 24 വായിക്കുക

യോശുവ 24:13-33 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’ “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതിനു ജനം ഉത്തരമായി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിക്കാൻ ഞങ്ങൾക്ക് ഇടവരരുതേ! ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിക്കുകയും ഞങ്ങൾ കാൺകെ വലിയ ചിഹ്നങ്ങൾ പ്രവർത്തിക്കയും യാത്രയിലും ഞങ്ങൾ കടന്നുപോന്ന എല്ലാ ദേശവാസികളുടെ ഇടയിലും ഞങ്ങളെ സുരക്ഷിതരായി കാക്കുകയും ചെയ്തതു ഞങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ. ദേശത്തു താമസിച്ചിരുന്ന അമോര്യർ ഉൾപ്പെടെ എല്ലാ ദേശവാസികളെയും അവിടന്ന് ഞങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു. ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും. അവിടന്നല്ലോ ഞങ്ങളുടെ ദൈവം.” യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു യഹോവയെ സേവിക്കാൻ കഴിയുന്നതല്ല; അവിടന്ന് പരിശുദ്ധനായ ദൈവം ആകുന്നു; തീക്ഷ്ണതയുള്ള ദൈവവും ആകുന്നു. നിങ്ങളുടെ അതിക്രമവും പാപവും അവിടന്ന് ക്ഷമിക്കുകയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മ ചെയ്തതുപോലെ അവിടന്ന് ഇപ്പോൾ തിരിഞ്ഞു തിന്മ ചെയ്തു നിങ്ങളെ ഉന്മൂലനംചെയ്യും.” എന്നാൽ ജനം യോശുവയോട്: “അങ്ങനെയുണ്ടാകുകയില്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു. അപ്പോൾ യോശുവ ജനത്തോട്: “നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും” എന്നു പറഞ്ഞു. അവർ മറുപടിയായി: “അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു” എന്നു പറഞ്ഞു. “ആകയാൽ നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ വലിച്ചെറിഞ്ഞു ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ സമർപ്പിക്കുക,” എന്നു യോശുവ പറഞ്ഞു. ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും. അവിടത്തെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു. ആ ദിവസം യോശുവ ജനത്തിനുവേണ്ടി ഒരു ഉടമ്പടി ഉണ്ടാക്കി അവിടെ ശേഖേമിൽവെച്ച് അതിനുവേണ്ട ഉത്തരവുകളും നിയമങ്ങളും ഉറപ്പിച്ചു. യോശുവ ഈ കാര്യങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തി. പിന്നെ അദ്ദേഹം ഒരു വലിയ കല്ലെടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന്നരികെയുള്ള കരുവേലകത്തിൻകീഴിൽ സ്ഥാപിച്ചു. യോശുവ സകലജനത്തോടും: “ഇതാ! ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; യഹോവ നമ്മോടു കൽപ്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും അതു കേട്ടിരിക്കുന്നു. ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിന്, അതു നിങ്ങൾക്കു സാക്ഷിയായിരിക്കും” എന്നു പറഞ്ഞു. പിന്നെ യോശുവ ജനത്തെ ഓരോരുത്തരെയും അവരുടെ അവകാശഭൂമിയിലേക്കു പറഞ്ഞയച്ചു. ഈ സംഭവത്തിനുശേഷം, യഹോവയുടെ ദാസനായ നൂന്റെ മകൻ യോശുവ, നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹിൽ, ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്തതൊക്കെയും അനുഭവിച്ചറിഞ്ഞിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ഇസ്രായേൽ യഹോവയെ സേവിച്ചു. ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യോസേഫിന്റെ അസ്ഥികൾ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളിൽനിന്ന് നൂറു വെള്ളിക്കാശിനു വാങ്ങിയ സ്ഥലത്ത് അടക്കംചെയ്തു. അതു യോസേഫിന്റെ പിൻഗാമികൾക്ക് അവകാശമായിത്തീർന്നു. അഹരോന്റെ മകൻ എലെയാസാരും മരിച്ചു. എലെയാസാരിനെ എഫ്രയീം മലനാട്ടിൽ അദ്ദേഹത്തിന്റെ മകനായ ഫീനെഹാസിന് കൊടുത്തിരുന്ന ഗിബെയാപട്ടണത്തിൽ അടക്കി.

പങ്ക് വെക്കു
യോശുവ 24 വായിക്കുക