യോശുവ 24:1-4
യോശുവ 24:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നു നിന്നു. അപ്പോൾ യോശുവ സർവജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് പണ്ടു നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു. എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നു കൊണ്ടുവന്ന് കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ച് അവന്റെ സന്തതിയെ വർധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു. യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
യോശുവ 24:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശുവ സകല ഇസ്രായേൽഗോത്രക്കാരെയും ശെഖേമിൽ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയിൽ വന്നുകൂടി. അപ്പോൾ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവപിതാക്കന്മാർ പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാർത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു. അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാൻ കൊണ്ടുവന്നു. അവനെ കനാൻദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‌കുകയും ചെയ്തു. അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്‌കി. ഏശാവിനു സേയീർ പർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി.
യോശുവ 24:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു. യോശുവ സർവ്വജനത്തോടും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “അബ്രാഹാമിന്‍റെയും നാഹോരിന്റെയും പിതാവായ തേരഹ് തുടങ്ങി നിങ്ങളുടെ പിതാക്കന്മാർ പണ്ട് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു. എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെ നിന്ന് കൊണ്ടുവന്ന് കനാൻദേശത്തുകൂടെ നടത്തി അവന്‍റെ സന്തതിയെ വർദ്ധിപ്പിക്കുകയും അവന് യിസ്ഹാക്കിനെ കൊടുക്കുകയും ചെയ്തു. യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന് ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്ക് പോയി.
യോശുവ 24:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു. അപ്പോൾ യോശുവ സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചുപോന്നു. എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു. യിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
യോശുവ 24:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യോശുവ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചു. അവർ ദൈവസന്നിധിയിൽ വന്നു. യോശുവ സർവജനത്തോടുമായി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വളരെക്കാലം മുമ്പ് അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവികർ യൂഫ്രട്ടീസ് നദിക്കക്കരെ താമസിച്ച് അന്യദേവന്മാരെ ഭജിച്ചുവന്നു. എന്നാൽ, ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ യൂഫ്രട്ടീസ് നദിക്കക്കരെനിന്നു കൊണ്ടുവന്നു; കനാൻദേശത്തുകൂടി നടത്തി; അദ്ദേഹത്തിന് നിരവധി പിൻഗാമികളെ കൊടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തിന് യിസ്ഹാക്കിനെ നൽകി, യിസ്ഹാക്കിനു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു. ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്കു പോയി.