യോശുവ 23:4-16
യോശുവ 23:4-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ട് മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകല ജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുത്; അവയെ സേവിക്കയും നമസ്കരിക്കയും അരുത്. നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ. യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ. അല്ലാതെ നിങ്ങൾ വല്ല പ്രകാരവും പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്ന് വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കെണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾവിൻ. ഇതാ, ഞാൻ ഇന്നു സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണഹൃദയത്തിലും പൂർണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങൾക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ള എല്ലാ നന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെതന്നെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
യോശുവ 23:4-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോർദ്ദാൻനദിമുതൽ മെഡിറ്ററേനിയൻ സമുദ്രംവരെയുള്ള പ്രദേശത്ത് ഞാൻ പിടിച്ചടക്കിയതും ഇനിയും അവശേഷിച്ചിരിക്കുന്നതുമായ ദേശം മുഴുവൻ ഞാൻ നിങ്ങൾക്ക് അവകാശമായി വിഭജിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും. അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കും. അതുകൊണ്ട് മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കുന്ന കാര്യത്തിൽ ജാഗ്രതയുള്ളവരായിരിക്കണം. അതിൽനിന്നു വ്യതിചലിക്കരുത്. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന വിജാതീയരുമായി നിങ്ങൾ സംസർഗം പുലർത്തരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കരുത്. അതു ചൊല്ലി സത്യം ചെയ്യരുത്; അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരനോടു നിങ്ങൾ ഇന്നുവരെ വിശ്വസ്തരായിരുന്നതുപോലെ മേലിലും ആയിരിക്കുക. ബലിഷ്ഠരായ അസംഖ്യം ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് അവിടുന്നു നീക്കിക്കളഞ്ഞു; അവരിൽ ഒരുവനും നിങ്ങളോട് എതിർത്തുനില്‌ക്കാൻ കഴിഞ്ഞില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നുതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തു; നിങ്ങളിൽ ഓരോരുത്തർക്കും ആയിരം പേരെ വീതം തുരത്താൻ കഴിഞ്ഞു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുന്നതിൽ നിങ്ങൾ അത്യുത്സുകരായിരിക്കണം. നേരേമറിച്ച് നിങ്ങൾ പിന്തിരിയുകയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന അന്യജാതിക്കാരുമായി ഇടകലരുകയും അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ, നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങൾക്കു നല്‌കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങൾ നിർമ്മാർജനം ചെയ്യപ്പെടുന്നതുവരെ അവർ നിങ്ങൾക്കു കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക. എല്ലാ മനുഷ്യരെയുംപോലെ എനിക്കും ഈ ലോകത്തോടു യാത്രപറയാൻ സമയം ആയിരിക്കുന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്ത സകല നന്മകളും അവിടുന്നു നല്‌കിയിരിക്കുന്നു. ഇത് നിങ്ങൾക്കു പൂർണമായി അറിയാമല്ലോ. എല്ലാ വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി; അതുപോലെതന്നെ അവിടുത്തെ ഉടമ്പടി ലംഘിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾ നിശ്ശേഷം നശിക്കുന്നതുവരെ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും. നിങ്ങളുടെ ദൈവമായ സർവേശ്വരനോടുള്ള ഉടമ്പടി ലംഘിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താൽ അവിടുത്തെ കോപം നിങ്ങളുടെമേൽ ജ്വലിക്കും. അങ്ങനെ അവിടുന്നു നിങ്ങൾക്കു നല്‌കിയ ഈ വിശിഷ്ടമായ ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നിർമ്മാർജനം ചെയ്യപ്പെടും.”
യോശുവ 23:4-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോർദ്ദാൻ മുതൽ പടിഞ്ഞാറ് മഹാസമുദ്രം വരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭജിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ തന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽ നിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. “ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിച്ചു നടപ്പാനും അതിൽ നിന്ന് ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്. നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ. യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണമനസ്സോടെ സ്നേഹിക്കുവാൻ ശ്രദ്ധിച്ചുകൊൾക. അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ. ഇതാ, എനിക്ക് സകലഭൂവാസികളെയും പോലെ ലോകത്തോടു യാത്ര പറയുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു. നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കും വരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും. നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെനേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.”
യോശുവ 23:4-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യംചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു. നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ. യഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നേ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ. അല്ലാതെ നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ. ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേൽ വരുത്തും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
യോശുവ 23:4-16 സമകാലിക മലയാളവിവർത്തനം (MCV)
യോർദാൻമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ ശേഷിച്ച എല്ലാ രാഷ്ട്രങ്ങളുടെയും—ഞാൻ ആക്രമിച്ചു കീഴടക്കിയ എല്ലാ രാഷ്ട്രങ്ങളുടെയും—ഭൂപ്രദേശം മുഴുവൻ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗിച്ചുതന്നത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നീക്കിയതിനുശേഷം, നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശപ്പെടുത്തുകയും ചെയ്യും. “ആകയാൽ നല്ല കരുത്തുള്ളവരായിരിക്കുക. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതൊക്കെയും, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, അനുസരിച്ചു നടക്കുന്നതിൽ ശ്രദ്ധവെക്കുക. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ദേശവാസികളോട് ഇടകലരരുത്. അവരുടെ ദേവന്മാരുടെ പേരുകൾ പ്രസ്താവിക്കുകയോ ആ പേരു പറഞ്ഞ് ശപഥംചെയ്യുകയോ അരുത്. അവയെ സേവിക്കുകയോ നമസ്കരിക്കുകയോ അരുത്. നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നു നിൽക്കുക. “യഹോവ നിങ്ങളുടെമുമ്പിൽനിന്ന് വലുപ്പവും ബലവുമുള്ള ദേശവാസികളെ ഓടിച്ചുകളഞ്ഞു. നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരുത്തനും സാധിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ, താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതിനാൽ, നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിൽ ഏറ്റവും ജാഗ്രത പാലിക്കുക. “എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് ദേശവാസികളിൽ ശേഷിച്ചവരോട് ഇടകലരുകയും അവരുമായി മിശ്രവിവാഹബന്ധത്തിലും മറ്റു ബന്ധങ്ങളിലും ഏർപ്പെടുകയും ചെയ്താൽ, മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക. “ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ എല്ലാ നല്ല വാഗ്ദാനങ്ങളും നിറവേറിയതുപോലെതന്നെ, യഹോവ കൽപ്പിച്ചതുപോലെ ഈ നല്ല ദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുന്നതിന് എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തുന്നതിനും യഹോവയ്ക്കു കഴിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി നിങ്ങൾ ലംഘിക്കുകയോ അന്യദൈവങ്ങളുടെ അടുക്കൽപോയി അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെമേൽ ജ്വലിക്കുകയും, അവിടന്ന് നിങ്ങൾക്കു നൽകിയിട്ടുള്ള ഈ നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകുകയും ചെയ്യും.”