യോശുവ 22:10-34

യോശുവ 22:10-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ കനാൻദേശത്തിലെ യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാനു സമീപത്ത് ഒരു യാഗപീഠം, കാഴ്ചയ്ക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്ത് യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്ക് എതിരേ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു. യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിനു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി. യിസ്രായേൽമക്കൾ ഗിലെയാദ്‍ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന് ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരെയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു. അവർ ഗിലെയാദ്‍ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞതെന്തെന്നാൽ: യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്ന് യഹോവയോടു മത്സരിക്കേണ്ടതിന് ഒരു യാഗപീഠം പണിത് ഇന്ന് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്ത്? പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭയ്ക്ക് ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ. നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സർവസഭയോടും കോപിപ്പാൻ സംഗതിയാകും. നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നു വരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിത് യഹോവയോടു മത്സരിക്കരുത്; ഞങ്ങളോടും മത്സരിക്കരുത്. സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവസഭയുടെയുംമേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്. അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: സർവവല്ലഭനാകുന്ന ദൈവമായ യഹോവ, സർവവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ- അങ്ങനെയെങ്കിൽ ഇന്നു തന്നെ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെപോകട്ടെ- യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവതന്നെ ചോദിച്ചുകൊള്ളട്ടെ. നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു, നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തത്? അതുകൊണ്ട് നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല. ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിനുമത്രേ. അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ സാക്ഷിയായിരിക്കേണ്ടതിനു തന്നെ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കിയിട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാൺമിൻ എന്നു മറുപടി പറവാൻ ഇടയാകും. ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കിയിട്ട് യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാൻ ഞങ്ങൾക്കു സംഗതി വരരുതേ. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോട് ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മധ്യേ ഉണ്ട് എന്ന് ഞങ്ങൾ ഇന്ന് അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദുദേശത്തുനിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്ന് അവരോടു വസ്തുത അറിയിച്ചു. യിസ്രായേൽമക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല. രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.

പങ്ക് വെക്കു
യോശുവ 22 വായിക്കുക

യോശുവ 22:10-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രക്കാരും കനാനിലുള്ള യോർദ്ദാൻ പ്രദേശത്ത് എത്തിയപ്പോൾ അവർ ഒരു വലിയ യാഗപീഠം പണിതു. അവർ തങ്ങളുടെ അവകാശഭൂമിയിൽ കനാനിലെ യോർദ്ദാൻ പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയർത്തിയിരിക്കുന്നു എന്ന വാർത്ത ഇസ്രായേൽജനം കേട്ടപ്പോൾ ജനസമൂഹം മുഴുവൻ യോർദ്ദാനു കിഴക്കുള്ള ഗോത്രക്കാരോടു യുദ്ധം ചെയ്യാൻ ശീലോവിൽ ഒന്നിച്ചുകൂടി. ഇസ്രായേൽജനം പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനെ ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കൽ അയച്ചു. യോർദ്ദാന് ഇക്കരെയുള്ള പത്തു ഗോത്രങ്ങളുടെ പ്രതിനിധികളായി ഓരോ ഗോത്രത്തിൽനിന്നും ഒരാൾ വീതം പത്തു കുടുംബത്തലവന്മാരെ ഫീനെഹാസിന്റെ കൂടെ അയച്ചിരുന്നു. അവർ ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “സർവേശ്വരന്റെ സർവജനസമൂഹവും ഇങ്ങനെ പറയുന്നു: ഇസ്രായേലിന്റെ ദൈവത്തിനെതിരായി നിങ്ങൾ എന്തൊരു വിശ്വാസവഞ്ചനയാണു കാട്ടിയിരിക്കുന്നത്? നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം നിർമ്മിച്ചതിനാൽ അവിടുത്തോടു നിങ്ങൾ മത്സരിച്ചിരിക്കുന്നു. നിങ്ങൾ സർവേശ്വരനെ വിട്ടകന്നിരിക്കുന്നു. പെയോരിൽ വച്ചു നാം ചെയ്ത പാപം പോരായോ? ഒരു മഹാമാരികൊണ്ട് അവിടുന്നു നമ്മെ ശിക്ഷിച്ചു; അന്നു ചെയ്ത പാപത്തിൽനിന്ന് ഇന്നും നാം മോചിതരായിട്ടില്ല. നിങ്ങൾ ഇപ്പോൾ സർവേശ്വരനെ വിട്ടകലാൻ പോകുകയാണോ? നിങ്ങൾ ഇന്ന് അവിടുത്തോടു മത്സരിക്കുന്നു എങ്കിൽ അവിടുന്ന് എല്ലാ ഇസ്രായേൽജനത്തോടും നാളെ കോപിക്കും. നിങ്ങളുടെ അവകാശഭൂമി സർവേശ്വരനെ ആരാധിക്കാൻ പറ്റിയതല്ല എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ അവിടുത്തെ തിരുസാന്നിധ്യകൂടാരം ഇരിക്കുന്ന ദേശത്തേക്കു വന്ന് ഞങ്ങളുടെ ഇടയിൽ ഭൂമി കൈവശപ്പെടുത്തുക. നമ്മുടെ ദൈവമായ സർവേശ്വരന്റെ യാഗപീഠത്തിനു പുറമേ നിങ്ങൾക്കുവേണ്ടി മറ്റൊരു യാഗപീഠം നിർമ്മിച്ച് അവിടുത്തോടു മത്സരിക്കരുത്. നശിപ്പിക്കുന്നതിനുവേണ്ടി വേർതിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സർവേശ്വരൻ നല്‌കിയിട്ടുള്ള കല്പനകൾ സേരഹിന്റെ പുത്രനായ ആഖാൻ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്റെ സർവസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്റെ പാപം നിമിത്തം നശിച്ചത് അവൻ മാത്രം ആയിരുന്നില്ലല്ലോ.” അപ്പോൾ രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേൽജനത്തിന്റെ നേതാക്കന്മാരോടു പറഞ്ഞു: “സർവശക്തനായ ദൈവമാണ് സർവേശ്വരൻ! അതേ, സർവശക്തനായ ദൈവമാണ് സർവേശ്വരൻ. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേൽജനവും അതറിയട്ടെ! ഞങ്ങൾ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കിൽ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ. സർവേശ്വരനെ അനുഗമിക്കുന്നതിൽനിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേൽ ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും ചെയ്തതെങ്കിൽ സർവേശ്വരൻതന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ. നിങ്ങളുടെ മക്കൾ ഭാവിയിൽ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനുമായി നിങ്ങൾക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങൾ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങൾ അങ്ങനെ പെരുമാറിയത്. രൂബേൻ, ഗാദ് ഗോത്രക്കാരായ ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ സർവേശ്വരൻ യോർദ്ദാൻനദിയെ അതിരാക്കി വച്ചിരിക്കുന്നു; സർവേശ്വരനുമായി നിങ്ങൾക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതിൽനിന്നു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങൾ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങൾ ഒരു യാഗപീഠം നിർമ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങൾക്കോ വേണ്ടിയുള്ളതല്ല; നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തിൽ അർപ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ പിൻതലമുറക്കാർക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാർ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങൾക്കു സർവേശ്വരനിൽ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്.” “ഞങ്ങളോടോ ഞങ്ങളുടെ പിൻതലമുറക്കാരോടോ അവർ ഇപ്രകാരം പിൽക്കാലത്തു ചോദിച്ചാൽ, യാഗാർപ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ സാക്ഷ്യത്തിനായി സർവേശ്വരന്റെ യാഗപീഠത്തിന്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാർ നിർമ്മിച്ചതാണിതെന്നു ഞങ്ങൾ പറയും. നമ്മുടെ ദൈവമായ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിലുള്ള യാഗപീഠമല്ലാതെ ഹോമയാഗത്തിനോ, ധാന്യയാഗത്തിനോ മറ്റു യാഗങ്ങൾക്കോ വേറൊരു യാഗപീഠമുണ്ടാക്കി സർവേശ്വരനോടു മത്സരിക്കുകയും അവിടുത്തെ വഴികളിൽനിന്നു വ്യതിചലിക്കുകയും ചെയ്യാൻ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ.” രൂബേൻ, ഗാദ്, മനശ്ശെ ഗോത്രക്കാർ പറഞ്ഞതു കേട്ടപ്പോൾ പുരോഹിതനായ ഫീനെഹാസിനും അദ്ദേഹത്തോടൊത്തുണ്ടായിരുന്ന ജനനേതാക്കൾക്കും ഗോത്രത്തലവന്മാർക്കും തൃപ്തിയായി. പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് അവരോടു പറഞ്ഞു: “സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങൾ അറിയുന്നു. കാരണം നിങ്ങൾ അവിടുത്തേക്കെതിരായി അകൃത്യം ചെയ്തില്ല; നിങ്ങൾ ഇസ്രായേൽജനത്തെ സർവേശ്വരന്റെ കോപത്തിൽനിന്നു വിടുവിച്ചിരിക്കുന്നു. എലെയാസാരിന്റെ മകൻ ഫീനെഹാസും ജനനേതാക്കളും ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെ അടുക്കൽനിന്ന് കനാൻദേശത്തു തിരിച്ചുവന്ന് ഇസ്രായേൽജനത്തെ വിവരം അറിയിച്ചു. അതു കേട്ടപ്പോൾ ഇസ്രായേൽജനത്തിനും സന്തോഷമായി. അവർ ദൈവത്തെ സ്തുതിച്ചു. രൂബേൻ, ഗാദ്ഗോത്രക്കാരുടെ ദേശം യുദ്ധം ചെയ്ത് പിടിച്ചടക്കുന്നതിനെക്കുറിച്ച് പിന്നീടവർ സംസാരിച്ചില്ല. രൂബേൻ, ഗാദ്ഗോത്രക്കാർ “സർവേശ്വരനാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയിൽ ഒരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.

പങ്ക് വെക്കു
യോശുവ 22 വായിക്കുക

യോശുവ 22:10-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കനാൻദേശത്തിലെ യോർദ്ദാന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന്‍ നദിക്ക് സമീപത്ത്, കാഴ്ചയ്ക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു. അവർ കനാൻ ദേശത്തിന്‍റെ കിഴക്ക് യോർദ്ദാൻ പ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽ മക്കൾ കേട്ടു. അപ്പോൾ യിസ്രായേൽ മക്കളുടെ സഭമുഴുവനും അവരോട് യുദ്ധത്തിന് പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി. യിസ്രായേൽ മക്കൾ ഗിലെയാദ്‌ ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്‍റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്‍റെ മകനായ ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്‍റെ മറ്റുഗോത്രങ്ങളിൽ നിന്നും ഓരോ ഗോത്രത്തിന് ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവർ ഓരോരുത്തനും യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗിലെയാദ്‌ ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്‍റെയും അടുക്കൽ ചെന്നു അവരോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേൽ മുഴുവനും ഇപ്രകാരം ചോദിക്കുന്നു: നിങ്ങൾ യഹോവയോട് മത്സരിച്ച് ഒരു യാഗപീഠം പണിത് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം യിസ്രായേലിന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതെന്ത്? പെയോരിൽ വച്ചു നാം ചെയ്ത പാപം പോരായോ? അതുനിമിത്തം യഹോവ ഒരു മഹാമാരി അയച്ചിട്ടും നാം ഇന്നുവരെ ആ പാപം നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ? നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്ന് യഹോവയോട് മത്സരിക്കുന്നു; നാളെ അവൻ എല്ലാ യിസ്രായേലിനോടും കോപിപ്പാൻ സംഗതിയാകും. “നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നു വരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്ന യഹോവയുടെ അവകാശദേശത്തേക്ക് വന്ന് ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവീൻ; നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ മറ്റൊരു യാഗപീഠം പണിത് യഹോവയോടും ഞങ്ങളോടും മത്സരിക്കരുത്. സേരെഹിന്‍റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്‍റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്‍റെ അകൃത്യത്താൽ നശിച്ചത്.” അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: “സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ ഈ കാര്യം അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്‍റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ. യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ. “നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്‍റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്ത് കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്നു പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്. അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാത്ത ഒരു യാഗപീഠം പണിയുക’ എന്നു ഞങ്ങൾ പറഞ്ഞു. ഞങ്ങൾ യഹോവയുടെ സമാഗമനകൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്‍റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല’ എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ. “അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നെ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്‍റെ പ്രതിരൂപം കാണ്മീൻ’ എന്നു മറുപടി പറവാൻ ഇടയാകും. നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്‍റെ മുമ്പാകെയുള്ള അവന്‍റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കി യഹോവയോട് മത്സരിക്കയും യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്ക് ഒരിക്കലും ഇടയാകയില്ല.” രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായവരും കേട്ടപ്പോൾ അവർക്ക് സന്തോഷമായി. പുരോഹിതനായ എലെയാസാരിന്‍റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ യഹോവയോട് ഈ കാര്യത്തിൽ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മദ്ധ്യേ ഉണ്ട് എന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽ മക്കളെ യഹോവയുടെ കോപത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ പുരോഹിതനായ എലെയാസാരിന്‍റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദ്‌ ദേശത്തു നിന്ന് കനാൻ ദേശത്തേക്ക് മടങ്ങിച്ചെന്ന് യിസ്രായേൽ ജനത്തോട് വസ്തുത അറിയിച്ചു. യിസ്രായേൽ മക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പിന്നെ സംസാരിച്ചതേയില്ല. രൂബേന്യരും ഗാദ്യരും “യഹോവ തന്നെ ദൈവം എന്നതിന് ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.

പങ്ക് വെക്കു
യോശുവ 22 വായിക്കുക

യോശുവ 22:10-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ കനാൻദേശത്തിലെ യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന്നു സമീപത്തു ഒരു യാഗപീഠം, കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്തു യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു. യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി. യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു. അവർ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാൽ: യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു? പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ. നിങ്ങൾ ഇന്നു യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സർവ്വസഭയോടും കോപിപ്പാൻ സംഗതിയാകും. നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു. സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവ്വസഭയുടെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചതു. അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു: സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ‒അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെ പോകട്ടെ‒ യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ. നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്കു എന്തു കാര്യമുള്ളു? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു? അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല. ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ. അതുകൊണ്ടു ഞങ്ങൾ പറഞ്ഞതു: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിൻ എന്നു മറുപടി പറവാൻ ഇടയാകും. ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്കു സംഗതിവരരുതേ. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങൾ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ്‌ദേശത്തു നിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു. യിസ്രായേൽമക്കൾക്കു ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല. രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.

പങ്ക് വെക്കു
യോശുവ 22 വായിക്കുക

യോശുവ 22:10-34 സമകാലിക മലയാളവിവർത്തനം (MCV)

കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു. യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു. അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി. ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു. അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു. അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു: “യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്? പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ. നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ? “ ‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും. നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്. സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ” അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു: “സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്! യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ. “അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്. “അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല. നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ. “കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’ “ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.” രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു. ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല. രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ് എന്നു പേരിട്ടു.

പങ്ക് വെക്കു
യോശുവ 22 വായിക്കുക