യോശുവ 20:1-9

യോശുവ 20:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ യഹോവ യോശുവയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന് ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ. രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം. ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കയും വേണം. രക്തപ്രതികാരകൻ അവനെ പിന്തുടർന്നു ചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നുപോയതാകയാൽ അവർ അവനെ അവന്റെ കൈയിൽ ഏല്പിക്കരുത്. അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെശേഷം കൊലചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്തപട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം. അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും കിഴക്ക് യെരീഹോവിനെതിരേ യോർദ്ദാനക്കരെ മരുഭൂമിയിൽ രൂബേൻഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു. അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കൈയാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന് യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നെ.

പങ്ക് വെക്കു
യോശുവ 20 വായിക്കുക

യോശുവ 20:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“മോശ മുഖേന ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ അഭയനഗരങ്ങൾ വേർതിരിക്കാൻ ജനത്തോടു പറയുക” എന്നു സർവേശ്വരൻ യോശുവയോടു കല്പിച്ചു. അബദ്ധവശാൽ ഒരാൾ മറ്റൊരാളെ കൊല്ലാൻ ഇടയായാൽ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ബന്ധുവിൽ നിന്നു രക്ഷപെട്ട് അഭയം പ്രാപിക്കുന്നതിനുള്ള നഗരങ്ങളാണ് അവ. അവയിൽ ഏതെങ്കിലുമൊരു പട്ടണത്തിലേക്ക് ഓടിച്ചെല്ലുന്നവൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട് ആ നഗരത്തിലെ ജനനേതാക്കളോട് അവന്റെ പ്രശ്നം വിശദീകരിച്ചു പറയണം. അവർ അവനെ പട്ടണത്തിൽ പ്രവേശിക്കാൻ അനുവദിക്കണം. കൂടാതെ തങ്ങളുടെ ഇടയിൽ പാർക്കുന്നതിന് ഒരു സ്ഥലം അവനു നല്‌കുകയും വേണം. പ്രതികാരകൻ അവനെ പിന്തുടർന്നു ചെന്നാലും പൂർവവിദ്വേഷം കൂടാതെ അബദ്ധവശാൽ അങ്ങനെ ചെയ്തുപോയതാകയാൽ പ്രതികാരകന്റെ കൈയിൽ അവനെ ഏല്പിക്കരുത്. അവൻ ജനത്തിന്റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതുവരെയോ അന്നത്തെ മഹാപുരോഹിതൻ മരിക്കുന്നതുവരെയോ അവിടെത്തന്നെ പാർക്കണം. അതിനുശേഷം അവനു താൻ വിട്ടുപോന്ന പട്ടണത്തിൽ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം. അവർ യോർദ്ദാനു പടിഞ്ഞാറു നഫ്താലി മലനാട്ടിലുള്ള ഗലീലയിലെ കേദെശും എഫ്രയീം മലനാട്ടിലുള്ള ശെഖേമും യെഹൂദാ മലനാട്ടിലുള്ള ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും യോർദ്ദാനു കിഴക്ക് യെരീഹോവിനെതിരെയുള്ള മരുഭൂമിയിൽ, രൂബേൻഗോത്രത്തിന് അവകാശപ്പെട്ട സമഭൂമിയിലുള്ള ബേസെരും, ഗിലെയാദിൽ ഗാദ് ഗോത്രക്കാരുടെ രാമോത്തും, ബാശാനിൽ മനശ്ശെഗോത്രക്കാരുടെ ഗോലാനും അഭയനഗരങ്ങളായി വേർതിരിച്ചു. അബദ്ധവശാൽ ഒരാളെ കൊന്നവൻ ജനസമൂഹത്തിന്റെ മുമ്പാകെ വിസ്താരത്തിനു നില്‌ക്കുന്നതുവരെ പ്രതികാരം ചെയ്യേണ്ടവനിൽനിന്ന് രക്ഷപെടാൻ വേണ്ടി ഇസ്രായേൽജനത്തിനും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശികൾക്കും വേണ്ടി വേർതിരിച്ചിട്ടുള്ള അഭയനഗരങ്ങൾ ഇവയാകുന്നു.

പങ്ക് വെക്കു
യോശുവ 20 വായിക്കുക

യോശുവ 20:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ യിസ്രായേൽ മക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “മന:പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ. രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം. “ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്‍റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്‍റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കുകയും വേണം. രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവവിദ്വേഷം കൂടാതെയും തന്‍റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്‍റെ കയ്യിൽ ഏല്പിക്കരുത്. അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്‍റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്‍റെശേഷം കൊല ചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.” അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കാദേശും എഫ്രയീം മലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും കിഴക്ക് യെരീഹോവിനെതിരെ യോർദ്ദാന്‍ നദിക്കക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു. അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്‍ക്കുംവരെ രക്തപ്രതികാരകന്‍റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നെ.

പങ്ക് വെക്കു
യോശുവ 20 വായിക്കുക

യോശുവ 20:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ. രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം. ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം. രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു. അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം. അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു. അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.

പങ്ക് വെക്കു
യോശുവ 20 വായിക്കുക

യോശുവ 20:1-9 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയിൽക്കൂടി ഇസ്രായേൽമക്കളോടു കൽപ്പിച്ചപ്രകാരം, അഭയസ്ഥാനമായിരിക്കേണ്ട പട്ടണങ്ങൾ നിശ്ചയിക്കാൻ നീ ഇസ്രായേൽമക്കളോടു പറയുക. അവിചാരിതമായോ അബദ്ധവശാലോ ഒരാളെ കൊന്ന ഒരു വ്യക്തി അവിടേക്ക് ഓടിപ്പോയി രക്തപ്രതികാരകനിൽനിന്നു രക്ഷനേടാനായിട്ടാണ് ഈ ക്രമീകരണം. ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിച്ചെല്ലുന്ന വ്യക്തി പട്ടണകവാടത്തിൽ നിന്നുകൊണ്ടു കാര്യത്തിന്റെ നിജസ്ഥിതി പട്ടണത്തലവന്മാരെ അറിയിക്കണം. അങ്ങനെ ഗോത്രത്തലവന്മാർ ആ മനുഷ്യനെ പട്ടണത്തിൽ പ്രവേശിപ്പിച്ച്, തങ്ങളുടെകൂടെ പാർക്കേണ്ടതിനു സ്ഥലം കൊടുക്കുകയും വേണം. രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്. അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.” അങ്ങനെ അവർ നഫ്താലിമലനാട്ടിലെ ഗലീലായിലുള്ള കേദേശ്, എഫ്രയീംമലനാട്ടിലെ ശേഖേം, യെഹൂദാമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, യെരീഹോവിലെ യോർദാൻനദിയുടെ കിഴക്കുവശത്തുള്ള മരുഭൂമിയിൽ രൂബേൻഗോത്രത്തിലെ പീഠഭൂമിയിലുള്ള ബേസെർ, ഗാദ്ഗോത്രത്തിലെ ഗിലെയാദിലുള്ള രാമോത്ത്, മനശ്ശെഗോത്രത്തിലെ ബാശാനിലുള്ള ഗോലാൻ എന്നീ പട്ടണങ്ങൾ വേർതിരിച്ചു. ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.

പങ്ക് വെക്കു
യോശുവ 20 വായിക്കുക