യോശുവ 2:12-24

യോശുവ 2:12-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്ത് എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം. അവർ അവളോട്: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും എന്ന് ഉത്തരം പറഞ്ഞു. എന്നാറെ അവൾ അവരെ കിളിവാതിലിലൂടെ ഒരു കയറു കെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു. അവൾ അവരോട്: തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു. അവർ അവളോടു പറഞ്ഞത്: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതിൽക്കൽ ഈ ചുവപ്പുചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിനു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെമേൽ കൈവച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും. അതിന് അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതിൽക്കൽ കെട്ടി. അവർ പുറപ്പെട്ട് പർവതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും. അങ്ങനെ അവർ ഇരുവരും പർവതത്തിൽനിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു: യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്ന് അവർ യോശുവയോടു പറഞ്ഞു.

പങ്ക് വെക്കു
യോശുവ 2 വായിക്കുക

യോശുവ 2:12-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് ഞാൻ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സർവേശ്വരന്റെ നാമത്തിൽ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം. കൂടാതെ എന്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവർക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.” അവർ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവൻ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങൾ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാൽ സർവേശ്വരൻ ഈ ദേശം ഞങ്ങൾക്കു നല്‌കുമ്പോൾ ഞങ്ങൾ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.” കോട്ടയോടു ചേർത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവൾ പാർത്തിരുന്നത്. അവൾ അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു. അവൾ അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാൻ അവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയിൽ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.” അവർ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങൾ പാലിക്കും. ഞങ്ങൾ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോൾ ഞങ്ങളെ ഇറക്കിവിട്ട ജനാലയിൽ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്റെ ഭവനത്തിൽ ഒരുമിച്ചു കൂട്ടണം. ആരെങ്കിലും ഭവനത്തിനു പുറത്തുപോയാൽ അവന്റെ മരണത്തിന് ഉത്തരവാദി അവൻതന്നെ ആയിരിക്കും. അതിനു ഞങ്ങൾ കുറ്റക്കാരായിരിക്കയില്ല; എന്നാൽ നിന്റെകൂടെ ഭവനത്തിനുള്ളിൽ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാൽ അതിനുത്തരവാദി ഞങ്ങളായിരിക്കും. ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാൽ നീ ചെയ്യിച്ച പ്രതിജ്ഞയിൽനിന്നു ഞങ്ങൾ വിമുക്തരായിരിക്കും.” “അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവൾ അവരെ യാത്ര അയച്ചു. അവർ പോയപ്പോൾ അവൾ ആ ചുവപ്പുചരട് ജനാലയിൽ കെട്ടിവച്ചു. അവർ മലയിൽ കയറി മൂന്നു ദിവസം ഒളിച്ചിരുന്നു; രാജാവ് അയച്ച ആളുകൾ ആ പ്രദേശമെല്ലാം അന്വേഷിച്ചുവെങ്കിലും അവരെ കാണാതെ മടങ്ങിപ്പോയി. അപ്പോൾ ചാരന്മാർ രണ്ടു പേരും മലയിൽനിന്ന് ഇറങ്ങി, യോർദ്ദാൻനദി കടന്ന് നൂനിന്റെ പുത്രനായ യോശുവയുടെ അടുക്കൽ എത്തി, സംഭവിച്ചതെല്ലാം അറിയിച്ചു. “ആ ദേശമൊക്കെയും സർവേശ്വരൻ നമുക്ക് നല്‌കിയിരിക്കയാൽ നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.”

പങ്ക് വെക്കു
യോശുവ 2 വായിക്കുക

യോശുവ 2:12-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ആകയാൽ ഞാൻ നിങ്ങളോട് ദയ ചെയ്കകൊണ്ട് നിങ്ങളും എന്‍റെ പിതൃഭവനത്തോട് ദയ ചെയ്തു ഞങ്ങളെ മരണത്തിൽനിന്ന് വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോട് സത്യം ചെയ്കയും ഉറപ്പുള്ള ഒരു അടയാളം തരികയും വേണം. കൂടാതെ എന്‍റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിക്കുമെന്ന് ഉറപ്പും നല്കേണം.” അവർ അവളോട്: “ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്ക് തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും” എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവൾ അവരെ കിളിവാതിലിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ അവരോട്: “തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നുദിവസം ഒളിച്ചിരിക്കുക; അതിന്‍റെശേഷം നിങ്ങളുടെ വഴിക്കു പോകാം” എന്നു പറഞ്ഞു. അവർ അവളോട് പറഞ്ഞത്: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങൾ പാലിക്കും. ഞങ്ങൾ ഈ ദേശത്ത് വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട കിളിവാതില്ക്കൽ ഈ ചുവപ്പു ചരട് കെട്ടുകയും നിന്‍റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്‍റെ വീട്ടിൽ ഒരുമിച്ചു വരുത്തിക്കൊള്ളുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന് പുറത്തിറങ്ങിയാൽ അവന്‍റെ മരണത്തിന് അവൻ കുറ്റക്കാരനായിരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്കിലും അവന്‍റെമേൽ കൈവച്ചാൽ ഞങ്ങൾ ഉത്തരവാദികളായിരിക്കും എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവർ ആകും.” അതിന് അവൾ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞ് അവരെ അയച്ചു. അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പു ചരട് കിളിവാതില്ക്കൽ കെട്ടി. അവർ പുറപ്പെട്ടു പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നുദിവസം അവിടെ താമസിച്ചു. തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും. അങ്ങനെ അവർ ഇരുവരും പർവ്വതത്തിൽ നിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്‍റെ മകനായ യോശുവയുടെ അടുക്കൽ ചെന്നു തങ്ങൾക്ക് സംഭവിച്ചത് ഒക്കെയും അവനെ അറിയിച്ചു. “യഹോവ നിശ്ചയമായും ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു” എന്നു അവർ യോശുവയോടു പറഞ്ഞു.

പങ്ക് വെക്കു
യോശുവ 2 വായിക്കുക

യോശുവ 2:12-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം. അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു. എന്നാറെ അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു. അവൾ അവരോടു: തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു. അവർ അവളോടു പറഞ്ഞതു: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്ക്കൽ ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽ നിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും. അതിന്നു അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതില്ക്കൽ കെട്ടി. അവർ പുറപ്പെട്ടു പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ല താനും. അങ്ങനെ അവർ ഇരുവരും പർവ്വതത്തിൽനിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്നു തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു. യഹോവ ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവർ യോശുവയോടു പറഞ്ഞു.

പങ്ക് വെക്കു
യോശുവ 2 വായിക്കുക

യോശുവ 2:12-24 സമകാലിക മലയാളവിവർത്തനം (MCV)

“അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക. എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.” ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.” അങ്ങനെ അവൾ ജനാലയിലൂടെ ഒരു കയർകെട്ടി അവരെ ഇറക്കി. അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു. അവൾ അവരോട്, “പിൻതുടരുന്നവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കുന്നതിനു പർവതങ്ങളിലേക്കു പോകുക. അവർ മടങ്ങിവരുന്നതുവരെ—മൂന്നുദിവസം—അവിടെ ഒളിച്ചിരുന്നശേഷം നിങ്ങളുടെ വഴിക്കു പോകുക” എന്നും പറഞ്ഞു. ആ പുരുഷന്മാർ അവളോടു പറഞ്ഞത്, “ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ, നീ ഞങ്ങളെ ഇറക്കിവിട്ട ഈ ജനാലയിൽ ഈ ചെമപ്പുചരടു കെട്ടുകയും നിന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്നും ഞങ്ങൾ ഒഴിവുള്ളവരായിരിക്കും. ആരെങ്കിലും വീടിനുപുറത്ത്, തെരുവിലേക്കിറങ്ങിയാൽ അവരുടെ രക്തം അവരുടെ തലമേൽ ഇരിക്കും; ഞങ്ങൾ ഉത്തരവാദികളായിരിക്കുകയില്ല. നിന്നോടുകൂടെ വീട്ടിൽ ഇരിക്കുന്ന ആരുടെയെങ്കിലുംമേൽ ആരെങ്കിലും കൈവെച്ചാൽ, അവരുടെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. എന്നാൽ ഞങ്ങൾ ചെയ്യുന്നത് നീ ആരെയെങ്കിലും അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരായിരിക്കും.” “സമ്മതിച്ചിരിക്കുന്നു, നിങ്ങൾ പറഞ്ഞതുപോലെതന്നെ ആകട്ടെ,” അവൾ പറഞ്ഞു. അവൾ അവരെ യാത്രയയച്ചതിനുശേഷം, ആ ചെമപ്പുചരട് ജനാലയിൽ കെട്ടുകയും ചെയ്തു. അവർ പുറപ്പെട്ട് പർവതത്തിൽച്ചെന്നു മൂന്നുദിവസം അവിടെ താമസിച്ചു. അവരെ തെരഞ്ഞുപോയവർ വഴിനീളെ അന്വേഷിച്ചു, കണ്ടെത്താതെ മടങ്ങിപ്പോകുകയും ചെയ്തു. ഇതിനുശേഷം ആ രണ്ടു പുരുഷന്മാർ പർവതത്തിൽനിന്നിറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനെ അറിയിച്ചു. “തീർച്ചയായും, യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ദേശവാസികൾ എല്ലാവരും നമ്മുടെനിമിത്തം ഭയത്താൽ ഉരുകിയിരിക്കുന്നു,” എന്ന് അവർ യോശുവയോടു പറഞ്ഞു.

പങ്ക് വെക്കു
യോശുവ 2 വായിക്കുക