യോശുവ 18:1-28

യോശുവ 18:1-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു. എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു. യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന് നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും? ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിൻ; ഞാൻ അവരെ അയയ്ക്കും; അവർ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങൾക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം. അത് ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്ത് തെക്ക് പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്ത് വടക്ക് പാർത്തുകൊള്ളട്ടെ. അങ്ങനെ നിങ്ങൾ ദേശം ഏഴു ഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും. ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാനു കിഴക്കു വാങ്ങിയിരിക്കുന്നു. അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോട് യോശുവ: നിങ്ങൾ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു. അവർ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു. അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് അവർക്കുവേണ്ടി ചീട്ടിട്ടു; അവിടെവച്ച് യോശുവ യിസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു. ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദായുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മധ്യേ കിടക്കുന്നു. വടക്കുഭാഗത്ത് അവരുടെ വടക്കേ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്ക് യെരീഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽക്കൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു. അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു. പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറേ വശത്ത് ബേത്ത്-ഹോരോന് എതിരേയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലായിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറേഭാഗം. തെക്കേഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയ്ക്കെതിരേയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്‌വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപർവതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി അരാബായ്ക്കെതിരേയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ അഴിമുഖത്ത് ഉപ്പുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിർ. അതിന്റെ കിഴക്കേ അതിർ യോർദ്ദാൻ ആകുന്നു; ഇത് ബെന്യാമീൻമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. എന്നാൽ ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ലാ, ഏമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ, അവ്വീം, പാരാ, ഒഫ്രാ, കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഗിബെയോൻ, രാമാ, ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ, രേക്കെം, യിർപ്പേൽ, തരലാ, സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇത് ബെന്യാമീൻമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

പങ്ക് വെക്കു
യോശുവ 18 വായിക്കുക

യോശുവ 18:1-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേശം പിടിച്ചടക്കിയതിനു ശേഷം ഇസ്രായേൽജനസമൂഹം ശീലോവിൽ ഒന്നിച്ചുകൂടി; അവിടെ അവർ തിരുസാന്നിധ്യകൂടാരം സ്ഥാപിച്ചു. അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങൾ ഇസ്രായേല്യരിൽ ശേഷിച്ചിരുന്നു. അതുകൊണ്ട് യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങൾ എത്രനാൾ അലസരായിരിക്കും? ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവർ ദേശം ചുറ്റി നടന്ന്, അവർക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എന്റെ അടുക്കൽ മടങ്ങിവരട്ടെ. യെഹൂദാഗോത്രം ദേശത്തിന്റെ തെക്കു ഭാഗത്തും യോസേഫ്ഗോത്രക്കാർ വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ. ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കണം. ഏഴു ഭാഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളോടുകൂടി അവർ എന്റെ അടുക്കൽ വരണം; ഞാൻ ഇവിടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു നറുക്കിടും. സർവേശ്വരന്റെ പുരോഹിതന്മാർ എന്ന നിലയിൽ ശുശ്രൂഷ ചെയ്യുന്നതു ലേവ്യരുടെ അവകാശമായതുകൊണ്ട് അവർക്കു മറ്റുള്ളവരോടൊപ്പം അവകാശം ലഭിക്കുകയില്ല. ഗാദ്, രൂബേൻ ഗോത്രക്കാർക്കും മനശ്ശെയുടെ പകുതി ഗോത്രക്കാർക്കും അവരുടെ അവകാശം യോർദ്ദാനു കിഴക്കുവശത്ത് സർവേശ്വരന്റെ ദാസനായ മോശയിൽനിന്നു ലഭിച്ചിട്ടുണ്ടല്ലോ. “നിങ്ങൾ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ശീലോവിൽ സർവേശ്വരസന്നിധിയിൽ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്റെ അടുക്കൽ മടങ്ങിവരണം.” ഈ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അവർ യാത്ര പുറപ്പെട്ടു. അവർ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി, ശീലോവിൽ യോശുവയുടെ അടുക്കൽ മടങ്ങിയെത്തി. പിന്നീട് സർവേശ്വരസന്നിധിയിൽ വച്ച് യോശുവ ശേഷിച്ച ഗോത്രക്കാർക്കു വേണ്ടി നറുക്കിട്ടു ഭൂമി ഭാഗിച്ചുകൊടുത്തു. ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്ക് നറുക്കു വീണു; അവരുടെ അവകാശദേശം യെഹൂദാഗോത്രക്കാരുടെയും യോസേഫ്ഗോത്രക്കാരുടെയും സ്ഥലങ്ങളുടെ ഇടയ്‍ക്കായിരുന്നു. വടക്കുവശത്തുള്ള അവരുടെ അതിര് യോർദ്ദാനിൽനിന്ന് ആരംഭിച്ച് യെരീഹോവിന്റെ വടക്കുവശത്തുള്ള ചെരുവിൽക്കൂടി മലനാട്ടിലൂടെ പടിഞ്ഞാറോട്ടു കടന്ന് ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു. അവിടെനിന്നു ബേഥേൽ എന്നുകൂടി പേരുള്ള ലൂസിന്റെ തെക്കേ ചരിവിൽക്കൂടി കടന്നു ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലയും കടന്ന് അതാരോത്ത്-അദ്ദാരിൽ ഇറങ്ങുന്നു. പിന്നീട് അതു വളഞ്ഞ് പടിഞ്ഞാറു വശത്തുള്ള ബേത്ത്-ഹോരോന്റെ എതിർവശത്തുള്ള മലയിൽ എത്തി തെക്കോട്ടു തിരിഞ്ഞ് യെഹൂദാഗോത്രക്കാരുടെ ഒരു പട്ടണമായ കിര്യത്ത്- ബാലയിൽ ചെന്ന് അവസാനിക്കുന്നു. ഇതാണ് പടിഞ്ഞാറേ അതിര്. തെക്കേ അതിര് കിര്യത്ത്-യെയാരീമിന്റെ അതിർത്തിയിൽ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു. അവിടെനിന്ന് അത് ബെൻ-ഹിന്നോംതാഴ്‌വരയുടെ എതിർവശത്തും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്‌വര കടന്ന് യെബൂസ്യപർവതത്തിന്റെ ചരിവിൽക്കൂടി ഏൻ-രോഗേലിലേക്കു പോകുന്നു. അതിനുശേഷം വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലും അവിടെനിന്ന് അദുമ്മീം കയറ്റത്തിന്റെ എതിർ വശത്തുള്ള ഗെലീലോത്തിലും കൂടി രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലിങ്കലേക്ക് ഇറങ്ങിച്ചെല്ലുന്നു. പിന്നീട് വടക്കോട്ടു തിരിഞ്ഞ് ബേത്ത്-അരാബായുടെ ചരിവിൽക്കൂടി അരാബായിലേക്ക് ഇറങ്ങുന്നു. പിന്നീട് ബേത്ത്-ഹൊഗ്‍ലായുടെ വടക്കേ ചരുവിൽക്കൂടി കടന്നു യോർദ്ദാൻനദിയുടെ പതനസ്ഥലമായ ചാവുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്റെ തെക്കേ അതിര്. കിഴക്കേ അതിര് യോർദ്ദാൻനദി ആണ്. ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിരുകൾ ഇവയാകുന്നു. യെരീഹോ, ബേത്ത്-ഹൊഗ്‍ലാ, എമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ, അവ്വീം, പാരാ, ഒഫ്രാ, കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ഇവയ്‍ക്കു പുറമേ ഗിബെയോൻ, രാമാ, ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ, രേക്കെം, യിർപ്പേൽ, തരലാ, സേല, ഏലെഫ്, യെബൂസ്യനഗരമായ യെരൂശലേം, ഗിബെയത്ത്, കിര്യത്ത്- യെയാരീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്കു ലഭിച്ചു. ബെന്യാമീൻഗോത്രക്കാർക്ക് കുടുംബം കുടുംബമായി ലഭിച്ച സ്ഥലങ്ങൾ ഇവയാണ്.

പങ്ക് വെക്കു
യോശുവ 18 വായിക്കുക

യോശുവ 18:1-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യിസ്രായേൽ മക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു. എന്നാൽ യിസ്രായേൽ മക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു. യോശുവ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും? ഓരോ ഗോത്രത്തിൽ നിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്‍റെ അടുക്കൽ മടങ്ങിവരേണം. യെഹൂദാഗോത്രം ദേശത്തിന്‍റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ; ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം നിങ്ങൾ ദേശം ഏഴു ഭാഗമായി വിഭാഗിച്ച രേഖ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും. “ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മോശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു.” അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ” എന്നു യോശുവ അവരോട് പറഞ്ഞിരുന്നു. അവർ ദേശം ചുറ്റി സഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു. യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്ക് വേണ്ടി ചീട്ടിട്ടു; അവിടെവെച്ച് യോശുവ യിസ്രായേൽ മക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു. ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്‍റെ അതിർ യെഹൂദായുടെ മക്കളുടെയും യോസേഫിന്‍റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു. അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരീഹോവിന്‍റെ പാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു. അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്‍റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു. പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതുതന്നെ പടിഞ്ഞാറെ അതിർ. തെക്കേ അതിർ കിര്യത്ത്-യെയാരീമിന്‍റെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യ പർവ്വതത്തിന്‍റെ പാർശ്വംവരെയും ഏൻ-രോഗേൽ വരെയും ഇറങ്ങി വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ ഇറങ്ങിച്ചെല്ലുന്നു. അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങുന്നു. പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്‍റെ നദീമുഖത്ത് ചാവുകടലിന്‍റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിർ. കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ അതിരുകൾ. എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്, ബേത്ത്-അരാബ, സെമറയീം, ബേഥേൽ, അവ്വീം, പാര, ഒഫ്രെ, കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; ഗിബെയോൻ, രാമ, ബെരോത്ത്, മിസ്പെ, കെഫീര, മോസ, രേക്കെം, യിർപ്പേൽ, തരല, സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.

പങ്ക് വെക്കു
യോശുവ 18 വായിക്കുക

യോശുവ 18:1-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു. എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു. യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും? ഓരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം. അതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്തു തെക്കു പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്തു വടക്കു പാർത്തുകൊള്ളട്ടെ. അങ്ങനെ നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടും. ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു. അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‌വിൻ എന്നു പറഞ്ഞു. അവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു. അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു. ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു. വടക്കുഭാഗത്തു അവരുടെ വടക്കെ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു. അവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു. പിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെഭാഗം തെക്കെഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്‌വരയിൽ കൂടി തെക്കോട്ടു യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു. ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്, ബേത്ത്-അരാബ, സെമാറയീം, ബേഥേൽ, അവ്വീം, പാര, ഒഫ്ര, കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഗിബെയോൻ, രാമ, ബേരോത്ത്, മിസ്പെ, കെഫീര, മോസ, രേക്കെം, യിർപ്പേൽ, തരല, സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

പങ്ക് വെക്കു
യോശുവ 18 വായിക്കുക

യോശുവ 18:1-28 സമകാലിക മലയാളവിവർത്തനം (MCV)

ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും? ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം. ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ. ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും. ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.” ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു. യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു. ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. അവരുടെ അവകാശഭൂമി യെഹൂദയുടെയും യോസേഫിന്റെയും ഗോത്രങ്ങളുടെ അവകാശങ്ങളുടെ ഇടയിൽ ആയിരുന്നു. അതിന്റെ വടക്കേ അതിര് യോർദാൻനദിയിൽ ആരംഭിച്ച്, യെരീഹോവിന്റെ വടക്കേ ചരിവ് കടന്ന്, പടിഞ്ഞാറ് മലനാട്ടിൽ പ്രവേശിച്ച് ബേത്-ആവെൻ മരുഭൂമിയിൽക്കൂടി പുറത്തുവരുന്നു. അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു. തെക്കുവശത്തുള്ള ബേത്-ഹോരോന് എതിരേയുള്ള കുന്നിൽനിന്ന് ആ അതിര് വീണ്ടും തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറുവശത്തുകൂടി യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലിൽ അവസാനിക്കുന്നു. ഇതു പടിഞ്ഞാറേ ഭാഗം. തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു. പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു. അവിടെനിന്നു വടക്കോട്ടു വളഞ്ഞ് ഏൻ-ശേമെശിലേക്കു കയറി അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങുന്നു. തുടർന്ന് ബേത്-അരാബയുടെ വടക്കേ ചരിവിലേക്ക് ഇറങ്ങി അരാബയിൽ എത്തുന്നു. പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്. കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു. ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു. ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ലഭിച്ച പട്ടണങ്ങൾ ഇവയാണ്: യെരീഹോ, ബേത്-ഹൊഗ്ലാ, ഏമെക്-കെസീസ്; ബേത്-അരാബ, സെമരായീം, ബേഥേൽ, അവ്വീം, പാറാ, ഒഫ്ര; കെഫാർ-അമ്മോനി, ഒഫ്നി, ഗേബാ— ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; ഗിബെയോൻ, രാമാ, ബേരോത്ത് മിസ്പാ, കെഫീരാ, മോസ, രേക്കെം, യിർപ്പേൽ, തരലാ, സേല, ഹലെഫ്, ജെറുശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്—ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇവയാകുന്നു ബെന്യാമീൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.

പങ്ക് വെക്കു
യോശുവ 18 വായിക്കുക