യോശുവ 14:6-15

യോശുവ 14:6-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ എന്നെയും നിന്നെയും കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്-ബർന്നേയയിൽവച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ. യഹോവയുടെ ദാസനായ മോശെ കാദേശ്-ബർന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ വന്ന് എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നു. നീ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു. മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശെയോട് ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വച്ചിരിക്കുന്നു; ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു. ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും. അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമായി പറ്റിനിന്നതുകൊണ്ടു തന്നെ. ഹെബ്രോനു പണ്ട് കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽവച്ച് അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.

പങ്ക് വെക്കു
യോശുവ 14 വായിക്കുക

യോശുവ 14:6-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം യെഹൂദാഗോത്രക്കാരിൽ ചിലർ ഗില്ഗാലിൽ വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബർന്നേയയിൽവച്ചു സർവേശ്വരൻ നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങൾ അങ്ങ് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. സർവേശ്വരന്റെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്റെ വ്യക്തമായ അഭിപ്രായം ഞാൻ അദ്ദേഹത്തെ അറിയിച്ചു. എന്നാൽ എന്റെകൂടെ ഉണ്ടായിരുന്നവർ തങ്ങളുടെ വാക്കുകളാൽ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്റെ ദൈവമായ സർവേശ്വരനെ പൂർണമായി പിന്തുടർന്നു. ഞാൻ അങ്ങനെ ചെയ്തതുകൊണ്ട് നിന്റെ കാൽ പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു. മരുഭൂമിയിൽ സഞ്ചരിച്ചിരുന്നപ്പോഴായിരുന്നു സർവേശ്വരൻ ഇതു മോശയിലൂടെ അരുളിച്ചെയ്തത്. അതിനുശേഷം നാല്പത്തിയഞ്ചു വർഷം കഴിഞ്ഞു. അവിടുന്നു പ്രതിജ്ഞ ചെയ്തിരുന്നതുപോലെതന്നെ എന്നെ ഇതുവരെയും കാത്തുസൂക്ഷിച്ചു. ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. മോശ എന്നെ അയച്ച സമയത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോഴും എനിക്ക് ഉണ്ട്. യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും. അതുകൊണ്ട് സർവേശ്വരൻ അന്നു കല്പിച്ച പ്രകാരം ഈ പർവതപ്രദേശം എനിക്ക് ഇപ്പോൾ തരിക. അനാക്യരും കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും അവിടെ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. സർവേശ്വരൻ എന്റെകൂടെ ഉണ്ടെങ്കിൽ അവിടുന്നു കല്പിച്ചതുപോലെതന്നെ ഞാൻ അവരെ ഓടിക്കും.” യെഫുന്നെയുടെ പുത്രനായ കാലേബിനെ യോശുവ അനുഗ്രഹിക്കുകയും ഹെബ്രോൻ പ്രദേശം അവകാശമായി കൊടുക്കുകയും ചെയ്തു. കെനിസ്യനായ യെഫുന്നെയുടെ മകനായ കാലേബ് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു പൂർണമായി വിശ്വസ്തത പുലർത്തിയിരുന്നതുകൊണ്ട് ഹെബ്രോൻ ഇന്നും കാലേബിന്റെ പിൻതലമുറക്കാർക്ക് അവകാശപ്പെട്ടതായിരിക്കുന്നു. ഹെബ്രോന്റെ ആദ്യത്തെ പേര് കിര്യത്ത്-അർബ എന്നായിരുന്നു; അനാക്യരിൽ ഏറ്റവും പ്രബലനായിരുന്നു അർബ. യുദ്ധം അവസാനിച്ചു; നാട്ടിൽ സമാധാനം ഉണ്ടായി.

പങ്ക് വെക്കു
യോശുവ 14 വായിക്കുക

യോശുവ 14:6-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യെഹൂദാ ഗോത്രക്കാർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോട് പറഞ്ഞത്: “യഹോവ നമ്മെക്കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്ബർന്നേയയിൽ വച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ. യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽ നിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്‍റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ, ജനത്തിന്‍റെ ഹൃദയം ഭയം കൊണ്ട് ഉരുകുമാറാക്കി; ഞാനോ എന്‍റെ ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നു. ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവെച്ച ദേശം നിനക്കും നിന്‍റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്ന് സത്യംചെയ്ത് പറഞ്ഞിരുന്നു. “യിസ്രായേൽ മരുഭൂമിയിൽ സഞ്ചരിച്ച നാല്പത്തഞ്ച് വര്‍ഷം ഇതാ യഹോവ, താൻ അരുളിച്ചെയ്തിരുന്നതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്. ആകയാൽ യഹോവ അന്ന് എനിക്ക് വാഗ്ദത്തം ചെയ്ത ഈ ഹെബ്രോൻമല എനിക്ക് തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.” അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നെ. ഹെബ്രോന് പണ്ട് കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം വന്നു.

പങ്ക് വെക്കു
യോശുവ 14 വായിക്കുക

യോശുവ 14:6-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ്ബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ. യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു. നീ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു. മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു. ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും. അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു. അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ. ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

പങ്ക് വെക്കു
യോശുവ 14 വായിക്കുക

യോശുവ 14:6-15 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ. യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി. എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു. അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട് നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു. “യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു. മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്. അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.” അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു; അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ. ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ. അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.

പങ്ക് വെക്കു
യോശുവ 14 വായിക്കുക