യോശുവ 10:8-10
യോശുവ 10:8-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിർത്തു. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി.
യോശുവ 10:8-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നിരിക്കുന്നു. അവരിൽ ഒരാൾപോലും നിന്നെ നേരിടാൻ കരുത്തനല്ല. യോശുവയും സൈന്യവും ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനിൽ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവർ അമോര്യരെ ആക്രമിച്ചു. സർവേശ്വരൻ ഇസ്രായേൽസൈന്യത്തിന്റെ മുൻപിൽ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യർ ഗിബെയോനിൽവച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോൻ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടർന്നു കൊന്നൊടുക്കി.
യോശുവ 10:8-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല” എന്നു അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ടു രാത്രിമുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു. യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
യോശുവ 10:8-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിർത്തു. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
യോശുവ 10:8-10 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു. ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു. യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി.