യോശുവ 10:16-43
യോശുവ 10:16-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദായിലെ ഗുഹയിൽ ചെന്ന് ഒളിച്ചു. രാജാക്കന്മാർ ഐവരും മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്ന് യോശുവയ്ക്ക് അറിവുകിട്ടി. എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവിൻ; നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരേ ആരും തന്റെ നാവ് അനക്കിയതുമില്ല. പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാർ ഐവരെയും ഗുഹയിൽനിന്ന് എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു. യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു. അന്ന് യോശുവ മക്കേദാ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല ; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്ന് ലിബ്നയോടു യുദ്ധം ചെയ്തു. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്ന് ലാഖീശിനു ചെന്ന് അതിന്റെ നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു. യഹോവ ലാഖീശിനെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെയൊക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു. യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്ന് എഗ്ലോനു ചെന്ന് അതിന്റെ നേരേ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു. അവർ അന്നുതന്നെ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെയൊക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി. യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്ന് ഹെബ്രോനു ചെന്നു; അതിന്റെ നേരേ യുദ്ധം ചെയ്തു. അവർ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകല മനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി. പിന്നെ യോശുവയും എല്ലാ യിസ്രായേലും തിരിഞ്ഞ് ദെബീരിന്നു ചെന്ന് അതിന്റെ നേരേ യുദ്ധംചെയ്തു. അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു. ഇങ്ങനെ യോശുവ മലനാട്, തെക്കേദേശം, താഴ്‌വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശമൊക്കെയും അവിടങ്ങളിലെ സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകല ജീവികളെയും നിർമ്മൂലമാക്കി. യോശുവ കാദേശ് -ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻവരെയും ഗോശെൻദേശമൊക്കെയും ജയിച്ചടക്കി. ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്. പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.
യോശുവ 10:16-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമോര്യരാജാക്കന്മാർ അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആ വിവരം അറിഞ്ഞപ്പോൾ യോശുവ പറഞ്ഞു: “ഗുഹയുടെ വാതില്‌ക്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവർക്ക് കാവൽ ഏർപ്പെടുത്തുക. നിങ്ങൾ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്.” യോശുവയും ഇസ്രായേൽജനവും അവരെ സംഹരിച്ചു. ഏതാനും പേർ മാത്രം തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിച്ചു രക്ഷപെട്ടു. ജനമെല്ലാം മക്കേദാപാളയത്തിൽ യോശുവയുടെ അടുക്കൽ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യർക്കെതിരെ നാവനക്കാൻ ആരും ധൈര്യപ്പെട്ടില്ല. പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്റെ അടുക്കൽ കൊണ്ടുവരിക.” അങ്ങനെ അവർ യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ അദ്ദേഹം ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി; തന്റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങൾ ഈ രാജാക്കന്മാരുടെ കഴുത്തിൽ ചവിട്ടുവിൻ.” അവർ അങ്ങനെ ചെയ്തു. യോശുവ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്ന ശത്രുക്കളോടെല്ലാം സർവേശ്വരൻ ഇങ്ങനെതന്നെ പ്രവർത്തിക്കും.” പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങൾ അഞ്ചുമരങ്ങളിൽ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു. സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങൾ മരങ്ങളിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകൾ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്. അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു. പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായിൽനിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു. സർവേശ്വരൻ ലിബ്നയുടെയും അവിടത്തെ രാജാവിന്റെയുംമേൽ ഇസ്രായേലിനു വിജയം നല്‌കി. ഒരാൾപോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവർത്തിച്ചു. പിന്നീട് യോശുവയും ഇസ്രായേൽജനവും ലിബ്നയിൽനിന്നു ലാഖീശിലേക്കു പോയി; അവർ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു. സർവേശ്വരൻ ഇസ്രായേലിന് ലാഖീശിന്റെ മേലും വിജയം നല്‌കി. രണ്ടാം ദിവസം അവർ അതിനെ പിടിച്ചടക്കി. ലിബ്നയിൽ പ്രവർത്തിച്ചതുപോലെതന്നെ പട്ടണത്തിൽ ഒരാൾപോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി. ഗേസെർരാജാവായ ഹോരാം ലാഖീശിന്റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു. യോശുവയും ഇസ്രായേൽജനവും ലാഖീശിൽനിന്ന് എഗ്ലോനിൽ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു. അവർ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശിൽ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി. യോശുവയും ഇസ്രായേൽജനവും എഗ്ലോനിൽനിന്നു ഹെബ്രോനിൽ എത്തി അതിനെ ആക്രമിച്ചു. അവർ അതു പിടിച്ചടക്കി. അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവർത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു. പിന്നീട് യോശുവയും ഇസ്രായേൽജനവും തിരിച്ചു ദെബീരിന്റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു; അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവർത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവർത്തിച്ചു. അങ്ങനെ യോശുവ മലനാട്, നെഗെബ്, താഴ്‌വരകൾ, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം മുഴുവനും അവയിലെ രാജാക്കന്മാരെയും കീഴടക്കി; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ ഒരാൾ പോലും ശേഷിക്കാതെ എല്ലാവരെയും യോശുവ നശിപ്പിച്ചു. കാദേശ്-ബർന്നേയാമുതൽ ഗസ്സാവരെയും ഗിബെയോൻവരെയുള്ള ഗോശെൻ ദേശം മുഴുവനും യോശുവ കീഴടക്കി. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അവർക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് ഈ രാജാക്കന്മാരെയും അവരുടെ രാജ്യങ്ങളെയും യോശുവ ഒറ്റയടിക്ക് പിടിച്ചടക്കി. പിന്നീട് യോശുവയും ഇസ്രായേൽജനവും ഗില്ഗാലിലെ പാളയത്തിലേക്കു മടങ്ങി.
യോശുവ 10:16-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവയ്ക്ക് അറിവുകിട്ടി. യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ; നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടക്കുവാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി. ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽ മക്കളുടെ നേരെ ആരും നാവ് അനക്കിയതുമില്ല. പിന്നെ യോശുവ: “ഗുഹയുടെ വായ് തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്‍റെ അടുക്കൽ കൊണ്ടുവരുവീൻ” എന്നു പറഞ്ഞു. അവർ യെരൂശലേം രാജാവ്, ഹെബ്രോൻ രാജാവ്, യർമ്മൂത്ത് രാജാവ്, ലാഖീശ് രാജാവ്, എഗ്ലോൻ രാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെതന്നെ ചെയ്യും” എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ ആ അഞ്ചു രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി. സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽ നിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു. അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരിഹോരാജാവിനോട് ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു. യോശുവയും യിസ്രായേൽ ജനവും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്നു അതിനോട് യുദ്ധംചെയ്തു. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരിഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടുത്തെ രാജാവിനോടും ചെയ്തു. യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽ നിന്ന് ലാഖീശിലേക്ക് ചെന്നു പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു. യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു. അവർ അതിനെ രണ്ടാംദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കുവാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു. യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്നു പാളയമിറങ്ങി അതിനോട് യുദ്ധംചെയ്തു, അവർ അന്ന് തന്നെ അതിനെ പിടിച്ചു. വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി. യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്നു യുദ്ധംചെയ്തു. അവർ അത് പിടിച്ച്, വാളിന്റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാ പട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി. പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്നു യുദ്ധംചെയ്തു. അവൻ അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു. ഇങ്ങനെ യോശുവ, മലനാട്, തെക്കേദേശം, താഴ്‌വര, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം ഒക്കെയും സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി. യോശുവ കാദേശ്ബർന്നേയ മുതൽ ഗസ്സാവരെയും ഗിബെയോൻ വരെ ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി. യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതിനാൽ ഈ രാജാക്കന്മാരെയൊക്കെയും അവരുടെ ദേശവും യോശുവ ഒരേ സമയത്ത് പിടിച്ചു. പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.
യോശുവ 10:16-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി. എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ; നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടർന്നു അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല. പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്നു ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു. അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു. യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു. യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു. അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി. യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു. അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി. പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു. അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു. ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്‌വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി. യോശുവ കാദേശ്ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി. ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു. പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
യോശുവ 10:16-43 സമകാലിക മലയാളവിവർത്തനം (MCV)
രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു. ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു. യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക. എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി. ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല. ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു. അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു. സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്. അന്ന് യോശുവ മക്കേദാ പിടിച്ചു. പട്ടണത്തെയും അതിലെ രാജാവിനെയും വാളിന്റെ വായ്ത്തലയാൽ വീഴ്ത്തി. അതിലുണ്ടായിരുന്ന സകലരെയും ഉന്മൂലനാശംവരുത്തി. ഒരുത്തനും അവശേഷിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ മക്കേദാരാജാവിനോടും ചെയ്തു. ഇതിനുശേഷം യോശുവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന ഇസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നായിലേക്കു പുറപ്പെട്ട് അതിനെ ആക്രമിച്ചു. യഹോവ അതിനെയും അതിലെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. പട്ടണത്തെയും അതിലുള്ള എല്ലാവരെയും യോശുവ വാളിനിരയാക്കി; ആരെയും ശേഷിപ്പിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ അവർ അവിടത്തെ രാജാവിനോടും ചെയ്തു. പിന്നെ യോശുവ, ഇസ്രായേൽമക്കൾ എല്ലാവരോടുംകൂടി ലിബ്നായിൽനിന്ന് ലാഖീശിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു; യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; രണ്ടാംദിവസം യോശുവ അതു പിടിച്ചു. ലിബ്നായിൽ ചെയ്തതുപോലെതന്നെ, പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി. ഇതിനിടയിൽ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കാൻ വന്നു. എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം തോൽപ്പിച്ചു. പിന്നെ യോശുവയും എല്ലാ ഇസ്രായേലും ലാഖീശിൽനിന്ന് എഗ്ലോനിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ച്, അതിനെ ആക്രമിച്ചു. അന്നുതന്നെ അവർ അതിനെ പിടിച്ചു; പട്ടണം വാളിനിരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി. അതിനുശേഷം യോശുവയും എല്ലാ ഇസ്രായേലും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു ചെന്ന് അതിനെ ആക്രമിച്ചു. ആരെയും ശേഷിപ്പിക്കാതെ പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും അതിലുള്ള സകലരെയും വാളിനിരയാക്കി. എഗ്ലോനോടു ചെയ്തതുപോലെതന്നെ ആ പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും ഉന്മൂലനാശംവരുത്തി. അനന്തരം യോശുവയും ഇസ്രായേല്യർ എല്ലാവരുംകൂടി തിരിഞ്ഞു ദെബീരിനുനേരേ ചെന്ന് അതിനെ ആക്രമിച്ചു. പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും പിടിച്ച് അവർ വാളിനിരയാക്കി. അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി. ആരെയും ശേഷിപ്പിച്ചില്ല. ലിബ്നായോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ഹെബ്രോനോടു ചെയ്തതുപോലെയും അവർ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു. അങ്ങനെ യോശുവ മലനാട്, തെക്കേദേശം, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങളുൾപ്പെട്ട മേഖലമുഴുവനും അവയിലെ സകലരാജാക്കന്മാരെയും കീഴടക്കി. ആരെയും ശേഷിപ്പിച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ജീവനുള്ള സകലതിനും ഉന്മൂലനാശംവരുത്തി. യോശുവ കാദേശ്-ബർന്നേയമുതൽ ഗസ്സാവരെയും ഗോശെൻമേഖലമുതൽ ഗിബെയോൻവരെയും എല്ലാവരെയും കീഴടക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട്, യോശുവ ഈ രാജാക്കന്മാരെല്ലാവരെയും അവരുടെ പ്രദേശങ്ങളെയും ഒരൊറ്റ സൈനികനീക്കത്തിൽ കീഴടക്കി. പിന്നെ യോശുവയും എല്ലാ ഇസ്രായേലും ഗിൽഗാലിൽ പാളയത്തിലേക്കു മടങ്ങി.