യോശുവ 1:12-18
യോശുവ 1:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവരൊക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് യഹോവ നിങ്ങൾക്ക് എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അതിനെ അനുഭവിച്ചു കൊള്ളേണം. അവർ യോശുവയോട് : നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. ആരെങ്കിലും നിന്റെ കല്പന നിഷേധിക്കുകയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്ക് അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്ന് ഉത്തരം പറഞ്ഞു.
യോശുവ 1:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രൂബേൻ, ഗാദ്ഗോത്രക്കാരോടും മനശ്ശെയുടെ അർധഗോത്രക്കാരോടും യോശുവ പറഞ്ഞു: “സ്വസ്ഥമായി വസിക്കാൻ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കുമെന്ന് അവിടുത്തെ ദാസനായ മോശ നിങ്ങളോടു പറഞ്ഞിരുന്നത് ഓർക്കുക.” നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദ്ദാനിക്കരെ മോശ നിങ്ങൾക്കു നല്‌കിയ ദേശത്തുതന്നെ പാർക്കട്ടെ. എന്നാൽ നിങ്ങളിൽ യുദ്ധം ചെയ്യാൻ പ്രാപ്തരായ പുരുഷന്മാർ, യുദ്ധസന്നാഹത്തോടെ നിങ്ങളുടെ സഹോദരർക്കുവേണ്ടി അവരുടെ മുമ്പേ പോകണം. സർവേശ്വരൻ അവർക്കു നല്‌കുന്ന ദേശം കൈവശമാക്കി അവിടെ അവർക്കു സ്വസ്ഥത ലഭിക്കുന്നതുവരെ നിങ്ങൾ അവരെ സഹായിക്കണം. അതിനുശേഷം അവിടുത്തെ ദാസനായ മോശ യോർദ്ദാനു കിഴക്കു നിങ്ങൾക്ക് അവകാശമായി നല്‌കിയിട്ടുള്ള ദേശത്തു മടങ്ങിവന്ന് അതു കൈവശമാക്കി വസിച്ചുകൊള്ളുവിൻ.” അവർ യോശുവയോടു പറഞ്ഞു: “അങ്ങു കല്പിക്കുന്നതെല്ലാം ഞങ്ങൾ ചെയ്യാം; അങ്ങ് അയയ്‍ക്കുന്നിടത്തെല്ലാം ഞങ്ങൾ പോകാം; മോശയെ ഞങ്ങൾ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങൾ അനുസരിക്കാം. അങ്ങയുടെ ദൈവമായ സർവേശ്വരൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ, അങ്ങു നല്‌കുന്ന കല്പനകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നവൻ മരിക്കണം; അങ്ങു ശക്തനും ധീരനും ആയിരുന്നാലും.”
യോശുവ 1:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കണം. യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കണം; അതിന്‍റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അത് അനുഭവിച്ചുകൊള്ളേണം.” അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ. ആരെങ്കിലും നിന്‍റെ കല്പനകളോട് മത്സരിക്കയും നിന്‍റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും” എന്നു ഉത്തരം പറഞ്ഞു.
യോശുവ 1:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്നു യഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം. അവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
യോശുവ 1:12-18 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’ നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക. യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.” അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി. ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”