യോനാ 4:1-11
യോനാ 4:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോനായ്ക്ക് ഇത് അത്യന്തം അനിഷ്ടമായി, അവനു കോപം വന്നു. അവൻ യഹോവയോടു പ്രാർഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്ക് ഇതുതന്നെ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർഥത്തെക്കുറിച്ച് അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു. ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു. നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു. അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്ത് ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവോളം അതിൻ കീഴെ തണലിൽ പാർത്തു. യോനായെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലയ്ക്കു തണൽ ആയിരിക്കേണ്ടതിനു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അത് അവനു മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റന്നാൾ പുലർന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അത് ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ളൊരു കിഴക്കൻകാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനായുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു. ദൈവം യോനായോട്: നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന് അവൻ: ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു. അതിനു യഹോവ: നീ അധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായിവരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്ക് അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലംകൈയും ഇടംകൈയും തമ്മിൽ തിരിച്ചറിഞ്ഞു കൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.
യോനാ 4:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇത് യോനായ്‍ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സർവേശ്വരനോടു പ്രാർഥിച്ചു: “എന്റെ ദേശത്തുവച്ചു ഞാൻ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് സർവേശ്വരാ, ഇപ്പോൾ എന്റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു: “നിന്റെ ഈ കോപം ഉചിതമോ?” അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്റെ കിഴക്കുവശത്ത് ഒരു കുടിൽ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാൻ അതിൽ പാർത്തു. സർവേശ്വരൻ അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളർന്ന് തണൽ നല്‌കിയപ്പോൾ യോനായ്‍ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു. എന്നാൽ പിറ്റേന്നു പുലർച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി. വെയിലായപ്പോൾ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. ഉച്ചവെയിൽ യോനായുടെ തലയിൽ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളർന്നു. മരിച്ചാൽമതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു. “ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു. സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്‍ക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളർന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ? വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?”
യോനാ 4:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോനായ്ക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു. അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നെ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശ്ശീശിലേക്ക് ഓടിപ്പോയത്, നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു. ആകയാൽ യഹോവേ, എന്‍റെ ജീവനെ എടുത്തുകൊള്ളേണമേ, ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്നു പറഞ്ഞു. “നീ കോപിക്കുന്നതു ന്യായമോ?” എന്ന് യഹോവ ചോദിച്ചു. അനന്തരം യോനാ നഗരത്തിന്‍റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്ത് ഭവിക്കും എന്നു കാണുവാൻ അതിന്‍റെ തണലിൽ കാത്തിരുന്നു. യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്‍റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നുപൊങ്ങി. യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അത് വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു. “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്നു പറഞ്ഞു. ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ?” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നെ” എന്നു പറഞ്ഞു. അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചുപോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് സഹതാപം തോന്നരുതോ?” എന്നു ചോദിച്ചു.
യോനാ 4:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു. അവൻ യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു. ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു. നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു. അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിൻ കീഴെ തണലിൽ പാർത്തു. യോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ളോരു കിഴക്കൻ കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു. ദൈവം യോനയോടു: നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു. അതിന്നു യഹോവ നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‌വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.
യോനാ 4:1-11 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു. അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.” അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു. തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു. യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി. എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു. ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?” അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”