യോനാ 3:1-6
യോനാ 3:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായതെന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക. അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായൊരു നഗരമായിരുന്നു. യോനാ നഗരത്തിൽ കടന്ന് ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു. എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. വർത്തമാനം നീനെവേ രാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു.
യോനാ 3:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വീണ്ടും യോനായോട് അരുളിച്ചെയ്തു: “നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാൻ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.” അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താൻ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ. യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോൾ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.” നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവർതൊട്ടു ചെറിയവർവരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു. ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.
യോനാ 3:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായത് എന്തെന്നാൽ: “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിൽ ചെന്നു ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോടു പ്രസംഗിക്കുക.” അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിൽ ചെന്നു. ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ എത്താൻ മൂന്നുദിവസം നടക്കേണ്ടത്ര മഹാനഗരമായിരുന്നു നീനെവേ. യോനാ നഗരത്തിൽ കടന്ന് ആദ്യ ദിവസം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “നാല്പതു ദിവസം കഴിഞ്ഞാൽ നിനെവേയ്ക്ക് ഉന്മൂലനാശം സംഭവിക്കും.” എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. വലിയവരും ചെറിയവരും ഒരുപോലെ അനുതാപത്തോടെ രട്ടുടുത്തു. ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.
യോനാ 3:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക. അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു. യോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു. എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. വർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.
യോനാ 3:1-6 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ അരുളപ്പാട് യോനായ്ക്കു രണ്ടാമതും ഉണ്ടായി: “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്നു ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക.” അങ്ങനെ യഹോവയുടെ അരുളപ്പാടനുസരിച്ച് യോനാ പെട്ടെന്നുതന്നെ നിനവേയിലേക്കു പോയി. ഒരറ്റംമുതൽ മറ്റേയറ്റംവരെ നടക്കാൻ മൂന്നുദിവസം വേണ്ടിവരുന്നത്ര വലുപ്പമുള്ള ഒരു നഗരമായിരുന്നു നിനവേ. യോനാ, പട്ടണത്തിൽ പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നശേഷം വിളിച്ചുപറഞ്ഞു: “നാൽപ്പതുദിവസം കഴിയുമ്പോൾ നിനവേനഗരം നശിപ്പിക്കപ്പെടും.” ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു. ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു.