യോനാ 1:1-5
യോനാ 1:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അമിത്ഥായുടെ മകനായ യോനായ്ക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തർശ്ശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി. യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പല്ക്കാർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിനു ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനായോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
യോനാ 1:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമിത്ഥായുടെ പുത്രൻ യോനായ്‍ക്ക് ദൈവത്തിന്റെ അരുളപ്പാടുണ്ടായി: “നീ മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” എന്നാൽ യോനാ സർവേശ്വരന്റെ സന്നിധിയിൽനിന്ന് തർശ്ശീശിലേക്ക് ഓടിപ്പോകാൻ ഒരുങ്ങി. അയാൾ യോപ്പയിൽ എത്തി; അവിടെ തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രക്കൂലി കൊടുത്ത് കയറി. അങ്ങനെ സർവേശ്വരന്റെ സന്നിധിയിൽനിന്നു സഹയാത്രികരോടൊത്ത് തർശ്ശീശിലേക്കു പുറപ്പെട്ടു. എന്നാൽ സർവേശ്വരൻ കടലിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടൽ ക്ഷോഭിച്ചു; കപ്പൽ തകർന്നുപോകുമെന്ന നിലയായി. കപ്പലിൽ ഉള്ളവർ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാർഥിച്ചു. കേവുഭാരം കുറയ്‍ക്കാൻ കപ്പൽക്കാർ ചരക്കുകൾ കടലിലെറിഞ്ഞു. എന്നാൽ യോനാ ഈ സമയത്ത് കപ്പലിന്റെ അടിത്തട്ടിൽ സുഖമായി ഉറങ്ങുകയായിരുന്നു.
യോനാ 1:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അമിത്ഥായുടെ മകനായ യോനായ്ക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു: “നീ മഹാനഗരമായ നീനെവേയിൽ ചെന്നു അതിന് വിരോധമായി പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനെവേയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു യാത്രക്കൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽ നിന്നും തർശ്ശീശിലേക്കു പൊയ്ക്കളവാൻ അതിൽ കയറി. യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു, കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയിലായി. കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്‍റെ ദേവനോട് നിലവിളിച്ചു. കപ്പലിന് ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
യോനാ 1:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി. യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
യോനാ 1:1-5 സമകാലിക മലയാളവിവർത്തനം (MCV)
അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.” എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി. എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി. പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു.