യോവേൽ 3:1-21
യോവേൽ 3:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യെഹൂദായുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും ഞാൻ സകല ജാതികളെയും കൂട്ടി യെഹോശാഫാത്ത് താഴ്‌വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. അവർ എന്റെ ജനത്തിന് ചീട്ടിട്ട് ഒരു ബാലനെ ഒരു വേശ്യക്കുവേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞു കുടിക്കയും ചെയ്തു. സോരും സീദോനും സകല ഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തും. നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്ത് എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി. യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു. എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തുകയും ചെയ്യും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു. ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ. നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകല ജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ. ജാതികൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും. അരിവാൾ ഇടുവിൻ; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിനു ശരണവും യിസ്രായേൽമക്കൾക്കു ദുർഗവും ആയിരിക്കും. അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽക്കൂടി കടക്കയുമില്ല. അന്നാളിൽ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദായിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനയ്ക്കും. യെഹൂദാദേശത്തുവച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും എദോം നിർജനമരുഭൂമിയായി ഭവിക്കയും ചെയ്യും. യെഹൂദായ്ക്കോ സദാകാലത്തേക്കും യെരൂശലേമിന് തലമുറതലമുറയോളവും നിവാസികളുണ്ടാകും. ഞാൻ പോക്കിയിട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.
യോവേൽ 3:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ സമയം വരുമ്പോൾ, യെഹൂദ്യയുടെയും യെരൂശലേമിന്റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകൾ വരുമ്പോൾ, ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്‌വരയിലേക്കു നയിക്കും. അവിടെവച്ച് എന്റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേൽ ന്യായവിധി നടത്തും. അവർ എന്റെ ജനത്തെ തങ്ങളുടെ ഇടയിൽ ചിതറിക്കുകയും എന്റെ ദേശം അവർ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ. അവർ നറുക്കിട്ട് എന്റെ ജനത്തെ പങ്കിട്ടു. അവർ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാൻവേണ്ടി ബാലികയെയും വിറ്റു. സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങൾക്കെന്നോടെന്തു കാര്യം? ഞാൻ ചെയ്തതിനു നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കിൽ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സിൽ ഞാൻ നിപതിപ്പിക്കും. കാരണം എന്റെ സ്വർണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങൾ കൊണ്ടുപോയി. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി. എന്നാൽ നിങ്ങൾ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാൻ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയിൽത്തന്നെ വരുത്തും. നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ യെഹൂദാജനതയ്‍ക്ക് വിൽക്കും. അവർ അവരെ വിദൂരസ്ഥരായ ശെബായർക്കു വിറ്റുകളയും. ഇത് സർവേശ്വരന്റെ വചനം. ഇതു ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിൻ. വീരന്മാരെ ഉണർത്തുവിൻ. സകല യോദ്ധാക്കളും ചേർന്നുവരട്ടെ; നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീർപ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുർബലൻപോലും പറയട്ടെ. ചുറ്റുമുള്ള ജനതകളേ, വേഗം വരുവിൻ; നിങ്ങൾ ഒരുമിച്ചു കൂടുവിൻ. സർവേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും. ജനതകൾ ഉണർന്ന് യെഹോശാഫാത്ത്താഴ്‌വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാൻ അവിടെ ഇരിക്കും. അരിവാൾ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്‍ക്കു വലുതാണല്ലോ. അതാ ജനസഞ്ചയങ്ങൾ! വിധിയുടെ താഴ്‌വരയിൽ ജനസഞ്ചയങ്ങൾ! സർവേശ്വരന്റെ ദിനം സമീപിച്ചിരിക്കുന്നു; സൂര്യചന്ദ്രന്മാർ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു. സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കുന്നു; യെരൂശലേമിൽനിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാൽ തന്റെ ജനത്തിനു സർവേശ്വരൻ രക്ഷാസങ്കേതമത്രേ; ഇസ്രായേൽജനത്തിന് അവിടുന്നു ശക്തിദുർഗമാകുന്നു. അതുകൊണ്ട് വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യർ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. അന്നു മുന്തിരിത്തോട്ടങ്ങൾകൊണ്ടു നിറഞ്ഞ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകൾ നിറഞ്ഞ കുന്നുകൾ പാൽ ഒഴുക്കും. യെഹൂദ്യയിലെ അരുവികളിൽ ജലം നിറഞ്ഞൊഴുകും. സർവേശ്വരന്റെ ആലയത്തിൽനിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്‌വരയെ നനയ്‍ക്കും. യെഹൂദാനിവാസികളോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിർജനമരുഭൂമിയായിത്തീരും; എന്നാൽ യെഹൂദ്യയിൽ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും. വധിക്കപ്പെട്ടവർക്കുവേണ്ടി ഞാൻ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാൻ വെറുതെ വിടുകയില്ല; സർവേശ്വരൻ സീയോനിൽ വസിക്കുന്നു.
യോവേൽ 3:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഞാൻ യെഹൂദയുടെയും യെരൂശലേമിന്‍റെയും പ്രവാസികളുടെ സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും ഞാൻ സകലജനതകളെയും യെഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും എന്‍റെ ജനവും എന്‍റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. അവർ എന്‍റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു. “സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും. നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു. എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും” യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു. ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ. നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ. ”ജനതകൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും. അരിവാൾ എടുക്കുവിൻ; നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ.” വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽ നിന്നു തന്‍റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും. അങ്ങനെ ഞാൻ എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല. അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദായിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനയ്ക്കും. യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും ഏദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും. യെഹൂദയിൽ സദാകാലത്തും ആൾപ്പാർപ്പുണ്ടാകും യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും. ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും; യഹോവ സീയോനിൽ എന്നേക്കും വസിക്കും.
യോവേൽ 3:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും ഞാൻ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്‌വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽനിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. അവർ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യക്കു വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു. സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും. നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്തു അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു. എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തുകയും ചെയ്യും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു. ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ. നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ. ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും. അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്‌വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും. അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല. അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്‌വരയെ നനെക്കും. യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിർജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും. യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും. ഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.
യോവേൽ 3:1-21 സമകാലിക മലയാളവിവർത്തനം (MCV)
“ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്, ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത് താഴ്വരയിൽ കൊണ്ടുവരും. ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്, അവർക്കെതിരേ ന്യായംവിധിക്കും. അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ. അവർ എന്റെ ജനത്തിനു നറുക്കിട്ടു; വേശ്യകൾക്കുവേണ്ടി ബാലന്മാരെയും മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു. “സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും. നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി. യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു. “നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു. ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ. കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ. സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ. യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ! “ജനതകൾ ഉണരട്ടെ; അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ. കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ ഞാൻ ഉപവിഷ്ടനാകും. അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.” വിധിയുടെ താഴ്വരയിൽ ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു! വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം സമീപമായിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും, നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല. യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും. “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ, എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും. ജെറുശലേം വിശുദ്ധമായിരിക്കും; വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല. “ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും, കുന്നുകൾ പാൽ ഒഴുക്കും; യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും. യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച് ശിത്തീം താഴ്വരകളെ നനയ്ക്കും. ഈജിപ്റ്റ് ശൂന്യമാകും, ഏദോം മരുഭൂമിയാകും, അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ. യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും. അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ? ഇല്ല, ഒരിക്കലുമില്ല.”