യോവേൽ 2:1-17
യോവേൽ 2:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അത് അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകല നിവാസികളും നടുങ്ങിപ്പോകട്ടെ. ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നെ. പർവതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ട് ഉണ്ടായിട്ടില്ല; ഇനി മേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല. അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കൈയിൽനിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും; പടയ്ക്ക് നിരന്നു നില്ക്കുന്ന ശക്തിയുള്ള പടജ്ജനംപോലെയും തന്നെ. അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകല മുഖങ്ങളും വിളറിപ്പോകുന്നു; അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരേ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽ കൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാവുന്നവൻ ആർ? എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാട്. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർഥത്തെക്കുറിച്ച് അനുതപിക്കും. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ച് തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളൊരു അനുഗ്രഹം വച്ചേക്കയില്ലയോ? ആർക്കറിയാം? സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ! ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തുവരട്ടെ. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മധ്യേ കരഞ്ഞുംകൊണ്ട്: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെമേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്? എന്നിങ്ങനെ പറയട്ടെ.
യോവേൽ 2:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീയോനിൽ കാഹളം മുഴക്കുവിൻ. എന്റെ വിശുദ്ധപർവതത്തിൽ ആപൽസൂചന നല്‌കുവിൻ. സകല ദേശവാസികളും നടുങ്ങട്ടെ. സർവേശ്വരന്റെ ദിവസം വരുന്നുവല്ലോ. അത് ആസന്നമായിരിക്കുന്നു. ഇരുളിന്റെയും മ്ലാനതയുടെയും ദിവസം! കാർമേഘത്തിന്റെയും കൂരിരുട്ടിന്റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പർവതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല. അവരുടെ മുമ്പിൽ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവർക്കു മുമ്പിലുള്ള ദേശം ഏദൻതോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയിൽനിന്നു രക്ഷപെടുകയില്ല. അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവർ പായുന്നു. പർവതശിഖരങ്ങളിൽ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവർ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവർ ഉണ്ടാക്കുന്നു. അവർ പടയ്‍ക്ക് ഒരുങ്ങിനില്‌ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു. അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവർ മുന്നേറുന്നു. യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു. അവരിൽ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാർഗങ്ങളിൽ മുമ്പോട്ടു നീങ്ങുന്നു. അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവർ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങൾ തട്ടിനീക്കി അവർ മുന്നേറുന്നു. ആർക്കും അവരെ തടയാനാകത്തില്ല. അവർ നഗരത്തിന്മേൽ ചാടിവീഴുന്നു. മതിലിന്മേൽ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവർ വീടുകളിൽ കടക്കുന്നു. അവർക്കു മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാർ ഇരുളുന്നു; നക്ഷത്രങ്ങൾ പ്രഭയറ്റു പോകുന്നു. സർവേശ്വരൻ തന്റെ സൈന്യത്തിനു മുമ്പിൽ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവൻ കരുത്തുറ്റവൻ. സർവേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാൻ ആർക്കു കഴിയും? സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂർണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങൾ എങ്കലേക്കു തിരിയുവിൻ. വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങൾ തന്നേ കീറി ദൈവമായ സർവേശ്വരനിലേക്കു തിരിയുവിൻ. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാൻ അവിടുന്നെപ്പോഴും സന്നദ്ധനാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാൻ നിങ്ങൾക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു? സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. സഭ വിളിച്ചുകൂട്ടുവിൻ. ജനത്തെ കൂട്ടിവരുത്തുവിൻ! അവരെ വിശുദ്ധീകരിക്കുവിൻ! ജനപ്രമാണികളെ വിളിച്ചുകൂട്ടുവിൻ; കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ മണവറയും മണവാട്ടി ഉറക്കറയും വിട്ടു പുറത്തുവരട്ടെ. സർവേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതർ ദേവാലയപൂമുഖത്തിനും യാഗപീഠത്തിനും മധ്യേനിന്ന് ഉള്ളുനൊന്തു കരയട്ടെ. സർവേശ്വരാ, അവിടുത്തെ ജനത്തോടു ക്ഷമിക്കണമേ. അന്യജനത അവരുടെമേൽ വാഴത്തക്കവിധം അവിടുത്തെ മക്കളെ നിന്ദാപാത്രവും പഴമൊഴിയും ആക്കരുതേ. ഇവരുടെ ദൈവം എവിടെ എന്നു ജനതകൾ ചോദിക്കാൻ ഇടവരുത്തരുതേ!
യോവേൽ 2:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല. അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപ്പെടുകയില്ല. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു; അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്‍റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിന്‍റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിക്കുവാൻ കഴിയും? “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം? സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ! ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.
യോവേൽ 2:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ. ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല. അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ. അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു; അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ? എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം? സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ! ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.
യോവേൽ 2:1-17 സമകാലിക മലയാളവിവർത്തനം (MCV)
സീയോനിൽ കാഹളം ഊതുക; എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, കാരണം യഹോവയുടെ ദിവസം വരുന്നു. അതു സമീപമായിരിക്കുന്നു— അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല. അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല. അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു. രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു. അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു. അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു. അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു. അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല. യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും? “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു. അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും. സീയോനിൽ കാഹളം ഊതുക, വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സഭയെ വിശുദ്ധീകരിക്കുക; ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മുറിയിൽനിന്ന് അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ. യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. ‘അവരുടെ ദൈവം എവിടെ? എന്ന് അവർ പറയുന്നതെന്തിന്?’ ”