ഇയ്യോബ് 9:1-20
ഇയ്യോബ് 9:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അത് അങ്ങനെതന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? അവന് അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാൻ കഴികയില്ല. അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവൻ ആർ? അവൻ പർവതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. അവൻ സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു. അവൻ തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. അവൻ സപ്തർഷി, മകയിരം, കാർത്തിക ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു. അവൻ എന്റെ അരികെകൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല. അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്ന് ആർ ചോദിക്കും? ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവനു വഴങ്ങുന്നു. പിന്നെ ഞാൻ അവനോട് ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? ഞാൻ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും. ഞാൻ വിളിച്ചിട്ട് അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല. കൊടുങ്കാറ്റുകൊണ്ട് അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു. ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്റെ വയറു നിറയ്ക്കുന്നു. ബലം വിചാരിച്ചാൽ: അവൻ തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്ക് അവധി നിശ്ചയിക്കും? ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
ഇയ്യോബ് 9:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇയ്യോബ് പറഞ്ഞു: “എനിക്കറിയാം; അത് അങ്ങനെതന്നെ. എന്നാൽ ദൈവത്തിന്റെ മുമ്പിൽ മനുഷ്യന് എങ്ങനെ നീതിമാനാകാൻ കഴിയും? ദൈവത്തോടു വാഗ്വാദത്തിന് ഒരുമ്പെട്ടാൽ ആയിരത്തിൽ ഒന്നിനുപോലും ഉത്തരം പറയാൻ ഒരുവനും സാധ്യമല്ല. അവിടുന്നു ജ്ഞാനിയും ശക്തനുമാകുന്നു; അവിടുത്തോട് എതിർത്തുനിന്ന് ആർ ജയിച്ചിട്ടുണ്ട്? അവിടുന്നു പർവതങ്ങളെ നീക്കിക്കളയുന്നു; കോപത്തിൽ അവയെ കീഴ്മേൽ മറിക്കുന്നു; എന്നിട്ടും അവ അതറിയുന്നില്ല. ഭൂമിയെ അവിടുന്നു പ്രകമ്പനം കൊള്ളിക്കുന്നു; അതിന്റെ തൂണുകൾ ഇളകിയാടുന്നു. അവിടുന്നു കല്പിക്കുമ്പോൾ സൂര്യൻ ഉദിക്കുന്നില്ല; അവിടുന്നു നക്ഷത്രങ്ങൾക്കു മുദ്ര വയ്‍ക്കുന്നു. അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു. സപ്തർഷിമണ്ഡലത്തെയും മകയിരം, കാർത്തിക എന്നിവയെയും ദക്ഷിണ നക്ഷത്രമണ്ഡലത്തെയും സൃഷ്‍ടിച്ചത് അവിടുന്നുതന്നെ. മനുഷ്യബുദ്ധിക്ക് അഗോചരമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവർത്തിക്കുന്നു. അവിടുന്ന് എന്റെ സമീപത്തുകൂടി കടന്നുപോകുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; അവിടുന്നു നടന്നുനീങ്ങുന്നു; എന്നാൽ ഞാൻ അവിടുത്തെ അറിയുന്നില്ല. അവിടുന്നു പിഴുതുമാറ്റുന്നു; ആര് അവിടുത്തെ തടയും? അവിടുന്നു ചെയ്യുന്നത് എന്ത് എന്ന് ആർ ചോദിക്കും? രഹബിന്റെ സഹായികൾ അവിടുത്തെ പാദങ്ങളിൽ വീണുവണങ്ങിയിട്ടും ദൈവം തന്റെ ക്രോധം അടക്കുന്നില്ല. പിന്നെ എങ്ങനെ ഞാൻ അവിടുത്തോട് ഉത്തരം പറയാനുള്ള വാക്കുകൾ കണ്ടെത്തും? ഞാൻ നീതിമാനെങ്കിലും അവിടുത്തോട് ഉത്തരം പറയാൻ കഴിയുന്നില്ല. എന്നെ വിധിക്കുന്ന അവിടുത്തോട് ഞാൻ കരുണയ്‍ക്കായി യാചിക്കേണ്ടിവരുന്നു. ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്നു ഉത്തരമരുളിയാലും അവിടുന്ന് എന്നെ ശ്രദ്ധിച്ചു എന്നു ഞാൻ വിചാരിക്കുകയില്ല. എന്തെന്നാൽ കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നു. അകാരണമായി എന്റെ മുറിവുകളും വർധിപ്പിക്കുന്നു. ശ്വസിക്കാൻപോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങൾകൊണ്ട് അവിടുന്ന് എന്നെ നിറയ്‍ക്കുന്നു. ഇതൊരു ബലപരീക്ഷണമെങ്കിൽ ദൈവം എത്ര ബലവാൻ! ഇതു നീതിയുടെ പ്രശ്നമെങ്കിൽ എന്റെ ന്യായവാദം കേൾക്കാൻ അവിടുത്തെ ആരു വിളിച്ചുവരുത്തും? ഞാൻ നിർദോഷിയെങ്കിലും എന്റെ വാക്കുകൾതന്നെ എന്നെ കുറ്റംവിധിക്കും; ഞാൻ നിഷ്കളങ്കനെങ്കിലും എന്റെ അകൃത്യം അവിടുന്നു തെളിയിക്കും.
ഇയ്യോബ് 9:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു; അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു. അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു. അവിടുന്ന് എന്‍റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല. അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും? ‘നീ എന്ത് ചെയ്യുന്നു’ എന്നു ആര്‍ ചോദിക്കും? ”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ; എന്‍റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കുകയില്ല. കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു. ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും? ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും.
ഇയ്യോബ് 9:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങിനെ? അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല. അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ? അവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. അവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു. അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. അവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു. അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല. അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും? ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു. പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും. ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല. കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു. ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു. ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും? ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
ഇയ്യോബ് 9:1-20 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു: “അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം; എങ്ങനെയാണ് നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനാകുന്നത്? അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ, അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ. അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്. അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്? അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും അവിടത്തെ കോപത്തിൽ അവിടന്ന് അവയെ മറിച്ചിടുകയും ചെയ്യുന്നു. അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും അതിന്റെ തൂണുകൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു. സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു; അവിടന്നു നക്ഷത്രങ്ങളുടെ പ്രഭയെ അടച്ചു മുദ്രവെക്കുന്നു. അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും. അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു. അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു; എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു. അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല; അവിടന്ന് എന്റെ ചാരത്തുകൂടി നീങ്ങുന്നു, എന്നാൽ എനിക്കു ദർശിക്കാൻ കഴിയുന്നില്ല. അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും? ‘അങ്ങ് എന്താണീ ചെയ്യുന്നത്,’ എന്നു ചോദിക്കാൻ ആർക്കു കഴിയും? ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല. രഹബിന്റെ അനുയായികൾ അവിടത്തേക്ക് കീഴടങ്ങുന്നു. “ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ? അവിടത്തോടു തർക്കിക്കാൻ ഞാൻ എവിടെനിന്നു വാക്കുകൾ കണ്ടെത്തും? ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല; എന്റെ ന്യായാധിപനോട് കരുണയ്ക്കായി യാചിക്കുകമാത്രമേ എനിക്കു കഴിയൂ. ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും അവിടന്ന് എന്റെ സങ്കടയാചനകൾ കേൾക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും അകാരണമായി എന്റെ മുറിവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ ദുരിതംകൊണ്ട് എന്റെ ഉള്ളം നിറയ്ക്കുന്നു. ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ! ന്യായവാദത്തിന്റെ കാര്യമാണെങ്കിൽ, അതിനായി ആര് അവിടത്തെ വിളിച്ചുവരുത്തും? ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും. ഞാൻ നിഷ്കളങ്കനായാലും, അവിടന്ന് എന്നെ കുറ്റക്കാരനായി പ്രഖ്യാപിക്കും.