ഇയ്യോബ് 5:17-27
ഇയ്യോബ് 5:17-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവൻ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു. ആറു കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. ക്ഷാമകാലത്ത് അവൻ നിന്നെ മരണത്തിൽ നിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽ നിന്നും വിടുവിക്കും. നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല. വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല. നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും. തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂർണ വാർധക്യത്തിൽ കല്ലറയിൽ കടക്കും. ഞങ്ങൾ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.
ഇയ്യോബ് 5:17-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ശാസിക്കുന്ന മനുഷ്യൻ ധന്യനാകുന്നു; അതിനാൽ സർവശക്തന്റെ ശിക്ഷണത്തെ അവഗണിക്കരുത്. അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു; അവിടുന്നു പ്രഹരിക്കുന്നു; എന്നാൽ തൃക്കരങ്ങൾ സൗഖ്യം നല്‌കുകയും ചെയ്യുന്നു. എല്ലാ അനർഥങ്ങളിൽനിന്നും അവിടുന്നു നിന്നെ വിടുവിക്കും ഒരനർഥവും നിന്നെ സ്പർശിക്കുകയില്ല. ക്ഷാമകാലത്തു മരണത്തിൽനിന്നും യുദ്ധകാലത്തു വാളിൽനിന്നും അവിടുന്നു നിന്നെ വിടുവിക്കും. വാക്പ്രഹരത്തിൽനിന്നു നീ മറയ്ക്കപ്പെടും. വിനാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. ക്ഷാമത്തിലും വിനാശത്തിലും നീ ചിരിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല. വയലിലെ കല്ലുകളോടു നിനക്കു സഖ്യമുണ്ടാകും; കാട്ടുമൃഗങ്ങൾ നിന്നെ ഉപദ്രവിക്കുകയില്ല. നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ പരിശോധിക്കുമ്പോൾ ഒന്നുപോലും നഷ്ടപ്പെട്ടതായി കാണുകയില്ല. നിന്റെ സന്താനപരമ്പര അസംഖ്യമായിരിക്കും; നിന്റെ സന്തതി പുൽക്കൊടിപോലെ തഴയ്‍ക്കും. വിളഞ്ഞ കറ്റകൾ യഥാവസരം മെതിക്കളത്തിൽ എത്തുന്നതുപോലെ പൂർണവാർധക്യത്തിലേ നീ മരണമടയുകയുള്ളൂ. ഇതു ഞങ്ങൾ അന്വേഷിച്ച് അറിഞ്ഞിരിക്കുന്നു; ഇതു സത്യം. നിന്റെ നന്മയ്‍ക്കായി ഇതു ഗ്രഹിച്ചുകൊള്ളുക.”
ഇയ്യോബ് 5:17-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല. വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. നിന്റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. നിന്റെ മക്കൾ അസംഖ്യമെന്നും നിന്‍റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ അറിയും. തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ടു ഗ്രഹിച്ചുകൊള്ളുക.“
ഇയ്യോബ് 5:17-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു. അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു. ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല. വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും. നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല. നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും. തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. ഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.
ഇയ്യോബ് 5:17-27 സമകാലിക മലയാളവിവർത്തനം (MCV)
“നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ; അതിനാൽ സർവശക്തന്റെ ശിക്ഷണം നീ നിന്ദിക്കരുത്. അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു; അവിടന്ന് പ്രഹരിക്കുകയും അവിടത്തെ കരം സൗഖ്യം നൽകുകയുംചെയ്യുന്നു. ആറു ദുരന്തങ്ങളിൽനിന്നും അവിടന്ന് നിന്നെ കരകയറ്റും; ഏഴാമത്തേതിൽ ഒരു തിന്മയും നിന്നെ സ്പർശിക്കുകയില്ല. ക്ഷാമകാലത്ത് അവിടന്ന് നിന്നെ മരണത്തിൽനിന്നു വിടുവിക്കും, യുദ്ധമുഖത്ത് വാളിന്റെ വായ്ത്തലയിൽനിന്നും. നാവുകൊണ്ടുള്ള പ്രഹരങ്ങളിൽനിന്നു നീ മറയ്ക്കപ്പെടും വിനാശം വരുമ്പോൾ നീ ഭയപ്പെടേണ്ടതുമില്ല. നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടേണ്ടതുമില്ല. നിലത്തെ കല്ലുകളോടുപോലും നിനക്കു സഖ്യമുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും; നീ സമ്പത്ത് പരിശോധിക്കുമ്പോൾ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. നിന്റെ മക്കൾ അനേകമെന്നും നിന്റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ മനസ്സിലാക്കും. വിളഞ്ഞ കറ്റകൾ തക്കസമയത്ത് അടുക്കിവെക്കുന്നതുപോലെ പൂർണവാർധക്യത്തിൽ നീ കല്ലറയിലേക്ക് ആനയിക്കപ്പെടും. “ഇവയെല്ലാം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു, അവ വാസ്തവമാണുതാനും. എന്റെ ഉപദേശം കേൾക്കുക, നിന്റെ നന്മയ്ക്കായി അതു പ്രാവർത്തികമാക്കുക.”