ഇയ്യോബ് 42:7-17

ഇയ്യോബ് 42:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഈ വചനങ്ങളെ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായത് സംസാരിച്ചിട്ടില്ല. ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കുവേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ. അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. അവന്റെ സകല സഹോദരന്മാരും സഹോദരിമാരും മുമ്പേ അവനു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്ന് അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകല അനർഥത്തെയുംകുറിച്ച് അവർ അവനോടു സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ-ഹപ്പൂക് എന്നും പേർ വിളിച്ചു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്ക് അവകാശം കൊടുത്തു. അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണനുമായി മരിച്ചു.

ഇയ്യോബ് 42:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇയ്യോബിനോടു സംസാരിച്ചശേഷം, സർവേശ്വരൻ തേമാന്യനായ എലീഫസിനോട് ഇങ്ങനെ അരുളിച്ചെയ്തു: “നിന്റെയും നിന്റെ സ്നേഹിതന്മാരുടെയും നേർക്ക് എന്റെ രോഷം ജ്വലിച്ചിരിക്കുന്നു; കാരണം, എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, എന്നെക്കുറിച്ചു നിങ്ങൾ ശരിയായിട്ടല്ല സംസാരിച്ചത്. അതുകൊണ്ടു നിങ്ങൾ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കുവേണ്ടി ഹോമയാഗം അർപ്പിക്കുക. ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല. തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫറും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു. സർവേശ്വരൻ ഇയ്യോബിന്റെ പ്രാർഥന സ്വീകരിച്ചു. ഇയ്യോബ് തന്റെ സ്നേഹിതർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ സർവേശ്വരൻ അയാൾക്കു സമ്പൽസമൃദ്ധി വീണ്ടും നല്‌കി; അതു മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആയിരുന്നു. ഇയ്യോബിന്റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഇയ്യോബിനു വരുത്തിയ അനർഥങ്ങളെക്കുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊൻനാണയവും പൊൻമോതിരവും സമ്മാനിച്ചു. ഇങ്ങനെ സർവേശ്വരൻ ഇയ്യോബിന്റെ ജീവിതസായാഹ്നം മുമ്പിലത്തേതിനെക്കാൾ അനുഗൃഹീതമാക്കി. അദ്ദേഹം പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ജോടി കാളകളും ആയിരം പെൺകഴുതകളും സമ്പാദിച്ചു. ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു. മൂത്തമകൾക്ക് യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തെ മകൾക്കു കേരെൻ ഹപ്പൂക്ക് എന്നും പേരിട്ടു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായി മറ്റാരും ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അവർക്കു സഹോദരന്മാരോടൊപ്പം പിതൃസ്വത്ത് നല്‌കി. പിന്നീട് ഇയ്യോബ് നൂറ്റിനാല്പതു വർഷം ജീവിച്ചു. അദ്ദേഹം മക്കളും മക്കളുടെ മക്കളുമായി നാലാം തലമുറവരെയുമുള്ള സന്തതികളെ കണ്ടു. അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു.

ഇയ്യോബ് 42:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: “നിന്നോടും നിന്‍റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല. ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്ക് വേണ്ടി ഹോമയാഗം അർപ്പിക്കുവിൻ; എന്‍റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്‍റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കും; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ.” അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്‍റെ മുഖത്തെ ആദരിച്ചു. ഇയ്യോബ് തന്‍റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്‍റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. അവന്‍റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്‍റെ അടുക്കൽവന്ന് അവന്‍റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു. യഹോവ അവന്‍റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിൻകാലത്തെ അവന്‍റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന് പതിനാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക്ക് എന്നും പേര് വിളിച്ചു. ഇയ്യോബിന്‍റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടി അവർക്ക് അവകാശം കൊടുത്തു. അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പത് വര്‍ഷം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.

ഇയ്യോബ് 42:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല. ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ. അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവൾക്കു അവൻ യെമീമാ എന്നും രണ്ടാമത്തെവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ-ഹപ്പൂക്ക് എന്നും പേർ വിളിച്ചു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്കു അവകാശം കൊടുത്തു. അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.

ഇയ്യോബ് 42:7-17 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഇയ്യോബിനോട് ഈ കാര്യങ്ങളെല്ലാം അരുളിച്ചെയ്തതിനുശേഷം, തേമാന്യനായ എലീഫാസിനോട് കൽപ്പിച്ചത്: “എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നീ എന്നെക്കുറിച്ചു ശരിയായ കാര്യങ്ങൾ സംസാരിക്കാഞ്ഞതിനാൽ എന്റെ കോപം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാർക്കും എതിരേ ജ്വലിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ ഏഴു കാളകളും ഏഴ് കോലാട്ടുകൊറ്റന്മാരുമായി, എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽപോയി നിങ്ങൾക്കുവേണ്ടി ഒരു ഹോമയാഗം അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. നിങ്ങളുടെ തെറ്റിനു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കുമാറ് ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ എന്നെക്കുറിച്ചു സത്യമായ കാര്യങ്ങൾ നിങ്ങൾ സംസാരിച്ചിട്ടില്ലല്ലോ.” അങ്ങനെ തേമാന്യനായ എലീഫാസും ശൂഹ്യനായ ബിൽദാദും നാമാത്യനായ സോഫറും പോയി യഹോവ തങ്ങളോടു കൽപ്പിച്ചതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കൈക്കൊണ്ടു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരും മുമ്പ് അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിന്റെമേൽ വരുത്തിയ എല്ലാ ദോഷങ്ങളെയുംകുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരിലോരോരുത്തരും അദ്ദേഹത്തിന് ഓരോ വെള്ളിനാണയവും ഓരോ സ്വർണമോതിരവും പാരിതോഷികമായി നൽകി. യഹോവ ഇയ്യോബിന്റെ ശിഷ്ടജീവിതകാലം മുൻകാലത്തെക്കാൾ അനുഗ്രഹപൂർണമാക്കി. അദ്ദേഹത്തിനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരംജോടി കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. തന്റെ പുത്രിമാരിൽ മൂത്തവൾക്ക് യെമീമയെന്നും രണ്ടാമത്തവൾക്കു കെസിയായെന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക് എന്നും പേരിട്ടു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരികളായ സ്ത്രീകൾ ആ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. അവരുടെ പിതാവ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് ഓഹരികൊടുത്തു. ഇതിനുശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; തന്റെ മക്കളെയും അവരുടെ മക്കളെയും അങ്ങനെ നാലു തലമുറകൾവരെ കണ്ടു. ഇയ്യോബ് വയോവൃദ്ധനും പൂർണായുഷ്മാനുമായി ഇഹലോകവാസം വെടിഞ്ഞു.