ഇയ്യോബ് 36:1-25
ഇയ്യോബ് 36:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്ക് പറവാനുണ്ട്. ഞാൻ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും. എന്റെ വാക്ക് ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നെ. അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു. അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ അവൻ അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. അവൻ അവരുടെ ചെവി പ്രബോധനത്തിനു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു. അവർ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി വിളിക്കുന്നില്ല. അവർ യൗവനത്തിൽതന്നെ മരിച്ചുപോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതുപോലെ നശിക്കുന്നു. അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽതന്നെ അവരുടെ ചെവി തുറക്കുന്നു. നിന്നെയും അവൻ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുത്. കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളൊക്കെയും മതിയാകുമോ? ജാതികൾ തങ്ങളുടെ സ്ഥലത്തുവച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുത്. സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുത്; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നത്. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവനു തുല്യനായ ഉപദേശകൻ ആരുള്ളൂ? അവനോട് അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്ന് അവനോട് ആർക്കു പറയാം? അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നത്. മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
ഇയ്യോബ് 36:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എലീഹൂ തുടർന്നു: “അല്പമൊന്നു ക്ഷമിക്കൂ; ഞാൻ പറഞ്ഞുതരാം. ദൈവത്തിനുവേണ്ടി ഇനിയും ചില കാര്യങ്ങൾകൂടി എനിക്കു പറയാനുണ്ട്. ഞാൻ വ്യാപകമായ വിജ്ഞാനം സമ്പാദിക്കും. എന്റെ സ്രഷ്ടാവ് നീതിമാനെന്നു സമർഥിക്കും. എന്റെ വാക്കു കളവല്ല. അറിവു തികഞ്ഞവൻ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നു. ദൈവം ബലവാനാണ്, അവിടുന്ന് ആരെയും വെറുക്കുന്നില്ല. അവിടുത്തെ ജ്ഞാനശക്തിയും അപാരംതന്നെ. അവിടുന്നു ദുഷ്ടന്റെ ജീവനെ പരിരക്ഷിക്കുന്നില്ല; എന്നാൽ പീഡിതന് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു. നീതിമാന്മാരുടെമേൽ എപ്പോഴും അവിടുത്തെ കടാക്ഷമുണ്ട്. അവരെ രാജാക്കന്മാരുടെകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു. അവരെ എപ്പോഴും ഉയർത്തുന്നു. അവർ ചങ്ങലകൊണ്ടു ബന്ധിക്കപ്പെടുകയും കഷ്ടതയുടെ പാശത്തിൽ കുടുങ്ങുകയും ചെയ്താൽ അവിടുന്ന്, അവരുടെ പ്രവൃത്തിയും അഹങ്കാരത്തോടെ ചെയ്തുപോയ അകൃത്യങ്ങളും അവരെ ബോധ്യപ്പെടുത്തും. അവിടുന്ന് പ്രബോധനത്തിന് അവരുടെ കാതുകൾ തുറക്കും. അധർമത്തിൽനിന്നു പിന്തിരിയാൻ അവിടുന്ന് അവരോട് ആജ്ഞാപിക്കും. അവർ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂർത്തിയാക്കും. ദൈവകല്പന അനുസരിക്കാതിരുന്നാൽ അവർ വാളാൽ നശിക്കും; നിനച്ചിരിയാതെ മരണമടയും. അധർമിയിൽനിന്ന് കോപം അകലുകയില്ല; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ സഹായത്തിനുവേണ്ടി നിലവിളിക്കുകയില്ല. യൗവനത്തിൽതന്നെ അവർ മരിക്കും. അവരുടെ ജീവിതാന്ത്യം അപമാനകരമായിരിക്കും. പീഡിതരെ പീഡനംകൊണ്ട് അവിടുന്നു രക്ഷിക്കുന്നു; അനർഥങ്ങൾകൊണ്ട് അവരുടെ കണ്ണു തുറപ്പിക്കുന്നു. താങ്കളെയും അവിടുന്നു കഷ്ടതയുടെ പിടിയിൽനിന്നു ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് ആനയിക്കുമായിരുന്നു. താങ്കളുടെ മേശമേൽ സ്വാദിഷ്ഠഭോജ്യങ്ങൾ നിരത്തുമായിരുന്നു. ദുഷ്ടന്മാർക്കുള്ള ന്യായവിധി താങ്കളെ ഗ്രസിച്ചിരിക്കുന്നു; ന്യായവിധിയും നീതിയും താങ്കളെ പിടികൂടിയിരിക്കുന്നു. ജാഗ്രത പാലിക്കുക; കോപം താങ്കളെ നിന്ദ്യകാര്യങ്ങളിലേക്കു പ്രലോഭിപ്പിക്കാതിരിക്കട്ടെ; മോചനദ്രവ്യത്തിന്റെ വലിപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ. നിലവിളിയോ, കരുത്തോ താങ്കളെ വേദനയിൽനിന്ന് രക്ഷിക്കുമോ? ജനതകൾ സ്വദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന രാത്രിക്കു വേണ്ടി കൊതിക്കരുത്. അധർമത്തിലേക്ക് തിരിയാതെ സൂക്ഷിക്കുക; കാരണം, അതാണ് താങ്കൾ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം തന്റെ മഹാശക്തിയാൽ സമുന്നതനായിരിക്കുന്നു; അവിടുത്തെപ്പോലെ ഒരു ഗുരു ആരുണ്ട്? ദൈവത്തിനു മാർഗനിർദ്ദേശം നല്‌കാൻ ആരുണ്ട്? അവിടുന്നു ചെയ്തത് തെറ്റെന്ന് ആർക്കു പറയാൻ കഴിയും? ദൈവത്തിന്റെ പ്രവൃത്തിയെ മനുഷ്യർ പാടിപ്പുകഴ്ത്തുന്നു; അവയെ താങ്കൾ പ്രകീർത്തിക്കണം. സർവമനുഷ്യരും അതു കണ്ടിരിക്കുന്നു. ദൂരെനിന്നു മനുഷ്യൻ അതു കാണുന്നു.
ഇയ്യോബ് 36:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എലീഹൂ പിന്നെയും പറഞ്ഞത്: “അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്. ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; എന്‍റെ സ്രഷ്ടാവിന്‍റെ നീതിയെ അറിയിക്കും. എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം; അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. “ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ. അവിടുന്ന് ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു. അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്‍റെ നോട്ടം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. “അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല. അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു. അവിടുന്ന് പീഡിതനെ അവന്‍റെ പീഡയാൽ വിടുവിക്കുന്നു; അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു. “നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന് ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്. കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ? ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്. സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക. “ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു? ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം? അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്. മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
ഇയ്യോബ് 36:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും. എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ. അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു. അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ അവൻ അവർക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു. അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല. അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു. അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു. നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു. നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു. കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ? ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു. സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം? അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു. മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
ഇയ്യോബ് 36:1-25 സമകാലിക മലയാളവിവർത്തനം (MCV)
എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു: “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം. ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും. വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്. “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്. അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു. നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു. എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു. തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു. അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും. ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും. “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല. ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു. അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു. “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു. താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു. ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ. താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ? ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്. അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം. “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്? അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും? മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക. സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.