ഇയ്യോബ് 31:1-23

ഇയ്യോബ് 31:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സർവശക്തൻ തരുന്ന അവകാശവും എന്ത്? നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? എന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ? ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ- ദൈവം എന്റെ പരമാർഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കി നോക്കുമാറാകട്ടെ- എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ, ഞാൻ വിതച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ. എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, എന്റെ ഭാര്യ മറ്റൊരുത്തനു മാവു പൊടിക്കട്ടെ; അന്യർ അവളുടെമേൽ കുനിയട്ടെ. അതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ; അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് എന്റെ അനുഭവമൊക്കെയും നിർമ്മൂലമാക്കും. എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും? ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുത്തനല്ലയോ? ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, അനാഥന് അംശം കൊടുക്കാതെ ഞാൻ തനിച്ച് എന്റെ ആഹാരം കഴിച്ചെങ്കിൽ- ബാല്യംമുതൽ ഞാൻ അപ്പൻ എന്ന പോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ- ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട് അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ട് അവനു കുളിർ മാറിയില്ലെങ്കിൽ പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരേ കൈയോങ്ങിയെങ്കിൽ, എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കൈയുടെ ഏപ്പു വിട്ടുപോകട്ടെ. ദൈവം അയച്ച വിപത്ത് എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്ക് ആവതില്ലാതെയായി.

ഇയ്യോബ് 31:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ കണ്ണുകളുമായി ഞാൻ ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോൾ ഞാൻ എങ്ങനെ കന്യകയിൽ കണ്ണുവയ്‍ക്കും? അത്യുന്നതനായ ദൈവം എനിക്കു നല്‌കുന്ന ഓഹരി എന്ത്? സർവശക്തനിൽനിന്ന് എനിക്കു ലഭിക്കുന്ന അവകാശം എന്ത്? നീതികെട്ടവന്റെമേൽ അത്യാഹിതവും അധർമിയുടെമേൽ വിപത്തും നിപതിക്കുന്നില്ലേ? ദൈവം എന്റെ പ്രവൃത്തികൾ അറിയുന്നില്ലേ? എന്റെ കാൽവയ്പുകൾ അവിടുന്ന് കാണുന്നില്ലേ? സത്യവിരുദ്ധമായി ഞാൻ നടന്നിട്ടുണ്ടെങ്കിൽ, ഞാൻ വഞ്ചന പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദൈവം ഒത്തതുലാസിൽ തൂക്കിനോക്കി എന്റെ സത്യസന്ധത നിർണയിക്കട്ടെ. ഞാൻ നേരായ മാർഗത്തിൽനിന്നു വ്യതിചലിച്ചെങ്കിൽ, കണ്ടതിലെല്ലാം ഞാൻ ആർത്തിപൂണ്ടിട്ടുണ്ടെങ്കിൽ, എന്റെ കരത്തിൽ കറ പുരണ്ടിട്ടുണ്ടെങ്കിൽ, ഞാൻ വിതച്ചത് മറ്റൊരുവൻ അനുഭവിക്കട്ടെ. എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. പരസ്‍ത്രീയിൽ ഞാൻ ഭ്രമിച്ചുപോയിട്ടുണ്ടെങ്കിൽ, അയൽക്കാരന്റെ വാതില്‌ക്കൽ ഞാൻ പതിയിരുന്നിട്ടുണ്ടെങ്കിൽ, എന്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ; അവളോടൊത്ത് അന്യർ ശയിക്കട്ടെ. അങ്ങനെയുള്ളതു കൊടിയ പാതകമാണല്ലോ; ന്യായാധിപന്മാർ ശിക്ഷ വിധിക്കേണ്ട അധർമംതന്നെ. അതു വിനാശകരമായ നരകാഗ്നിയാകുന്നു. എനിക്കുള്ള സർവസ്വവും അതു നിർമ്മൂലമാക്കും. പരാതിയുമായി എന്നെ സമീപിച്ച ദാസന്റെയോ ദാസിയുടെയോ ന്യായം ഞാൻ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ, ദൈവം എന്നെ വിധിക്കാൻ എഴുന്നേല്‌ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? ദൈവം അന്വേഷണം നടത്തുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും? അമ്മയുടെ ഉദരത്തിൽ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്റെ ദാസനെയും സൃഷ്‍ടിച്ചത്? ഒരുവൻ തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തിൽ മെനഞ്ഞത്? ദരിദ്രൻ ആഗ്രഹിച്ചത് ഞാൻ കൊടുക്കാതിരുന്നിട്ടുണ്ടെങ്കിൽ, സഹായത്തിനുവേണ്ടി നോക്കിയ വിധവകളെ ഞാൻ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അനാഥനു നല്‌കാതെ ഞാൻ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കിൽ, ബാല്യംമുതൽ പിതാവിനെപ്പോലെ ഞാൻ അനാഥനെ വളർത്തുകയും ജനനംമുതൽ അവനെ പരിപാലിക്കുകയും ചെയ്തിരുന്നല്ലോ. ഒരുവൻ വസ്ത്രമില്ലാതെ തണുപ്പുകൊണ്ടു വലയുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ കണ്ടിട്ട് ഞാൻ അത് അവഗണിച്ചിട്ടുണ്ടെങ്കിൽ, എന്റെ ആടുകളിൽ നിന്നെടുത്ത കമ്പിളികൊണ്ടുള്ള ചൂടേറ്റ് അയാൾ എന്നെ ഹൃദയപൂർവം അനുഗ്രഹിക്കാൻ ഞാൻ ഇട വരുത്തിയിട്ടില്ലെങ്കിൽ, നഗരവാതില്‌ക്കൽ എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട് അനാഥന്റെ നേരേ ഞാൻ കൈ ഉയർത്തിയിട്ടുണ്ടെങ്കിൽ, എന്റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ, എന്റെ ഭുജത്തിന്റെ സന്ധിബന്ധം അറ്റുപോകട്ടെ. ദൈവം വരുത്തിയ വിപത്തിനാൽ, ഞാൻ കൊടിയ ഭീതിയിലായിരുന്നു; അവിടുത്തെ പ്രഭാവത്തിന്റെ മുമ്പിൽ നില്‌ക്കാൻ എനിക്കു കഴിവില്ലായിരുന്നു.

ഇയ്യോബ് 31:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? എന്‍റെ വഴികൾ ദൈവം കാണുന്നില്ലയോ? എന്‍റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? “ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്‍റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ - ദൈവം എന്‍റെ പരമാർത്ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ എന്‍റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, എന്‍റെ ഹൃദയം എന്‍റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്‍റെ കൈയ്ക്ക് പറ്റിയെങ്കിൽ, ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; എന്‍റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. “എന്‍റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്‍റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, എന്‍റെ ഭാര്യ മറ്റൊരുത്തനു മാവ് പൊടിക്കട്ടെ; അന്യർ അവളുടെമേൽ പതുങ്ങട്ടെ. അത് മഹാപാതകമല്ലയോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ; അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. “എന്‍റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും? ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ? “ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്‍റെ ആഹാരം കഴിച്ചെങ്കിൽ - ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട് അവന്‍റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്‍റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ, “പട്ടണവാതില്‍ക്കൽ എനിക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് ഞാൻ അനാഥന്‍റെ നേരെ കയ്യോങ്ങിയെങ്കിൽ, എന്‍റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്‍റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ. ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.

ഇയ്യോബ് 31:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സർവ്വശക്തൻ തരുന്ന അവകാശവും എന്തു? നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാർക്കു വിപത്തുമല്ലയോ? എന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ? ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ - ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ - എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ, ഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ. എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യർ അവളുടെ മേൽ കുനിയട്ടെ. അതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ; അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിർമ്മൂലമാക്കും. എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും? ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചതു ഒരുത്തനല്ലയോ? ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, അനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ - ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ - ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ടു അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ, പട്ടണവാതില്ക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ. ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.

ഇയ്യോബ് 31:1-23 സമകാലിക മലയാളവിവർത്തനം (MCV)

“ലൈംഗികാസക്തിയോടെ ഒരു യുവതിയെയും നോക്കുകയില്ലെന്ന് ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടിചെയ്തു. ഉയരത്തിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും ഉന്നതത്തിൽനിന്ന് സർവശക്തൻ നൽകുന്ന അവകാശവും എന്ത്? അത് അധർമികളുടെ വിപത്തും ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാശവുമല്ലേ? അവിടന്ന് എന്റെ വഴികൾ കാണുന്നില്ലേ? എന്റെ കാലടികളെല്ലാം എണ്ണിനോക്കുന്നില്ലേ? “ഞാൻ കാപട്യത്തിൽ വിഹരിക്കുകയോ, എന്റെ കാൽ വഞ്ചനയ്ക്കു പിറകേ പായുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ദൈവം നീതിയുടെ ത്രാസിൽ എന്നെ തൂക്കിനോക്കട്ടെ; എന്റെ നിഷ്കളങ്കത അവിടന്ന് മനസ്സിലാക്കട്ടെ. എന്റെ കാലടികൾ നേർവഴിയിൽനിന്ന് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണുകളെ അനുഗമിച്ചിട്ടുണ്ടെങ്കിൽ, എന്റെ കൈകൾ കളങ്കിതമായിട്ടുണ്ടെങ്കിൽ— ഞാൻ വിതച്ചതു മറ്റൊരാൾ ഭക്ഷിക്കട്ടെ; എന്റെ വിളവുകൾ പിഴുതെറിയപ്പെടട്ടെ. “എന്റെ ഹൃദയം ഒരു സ്ത്രീയാൽ വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ അയൽവാസിയുടെ വാതിൽക്കൽ പതിയിരുന്നിട്ടുണ്ടെങ്കിൽ, എന്റെ ഭാര്യ മറ്റൊരു പുരുഷനുവേണ്ടി മാവു പൊടിക്കട്ടെ; മറ്റുള്ളവർ അവളോടൊത്തു കിടക്കപങ്കിടട്ടെ. കാരണം അതു മ്ലേച്ഛതനിറഞ്ഞ ഒരു പാതകവും ശിക്ഷായോഗ്യമായ ഒരു പാപവും ആണല്ലോ. അതു നരകപര്യന്തം ദഹിപ്പിക്കുന്ന അഗ്നിയാണ്; എന്റെ എല്ലാ സമ്പാദ്യവും അത് ഉന്മൂലനംചെയ്യും. “എന്റെ ദാസനോ ദാസിയോ എന്നോട് ഒരു പരാതി ബോധിപ്പിച്ചിട്ട്; ഞാൻ എന്റെ സേവകരിൽ ആർക്കെങ്കിലും നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ, ദൈവം അവിടത്തെ ന്യായവിധി ആരംഭിക്കുമ്പോൾ ഞാൻ എന്തുചെയ്യും? അവിടന്ന് എന്നോടു കണക്കുചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും? എന്നെ ഉദരത്തിൽ ഉരുവാക്കിയവനല്ലേ അവരെയും ഉരുവാക്കിയത്? ഒരുവൻതന്നെയല്ലേ ഞങ്ങൾ ഇരുവരെയും മാതൃഗർഭത്തിൽ രൂപപ്പെടുത്തിയത്? “ഞാൻ ദരിദ്രരുടെ ആഗ്രഹം നിഷേധിക്കുകയോ വിധവയുടെ കണ്ണുകളെ നിരാശപ്പെടുത്തുകയോ ചെയ്തെങ്കിൽ, അനാഥർക്കു പങ്കുവെക്കാതെ ഞാൻ എന്റെ ആഹാരം തനിയേ ഭക്ഷിച്ചെങ്കിൽ— അല്ല, എന്റെ ചെറുപ്പംമുതൽതന്നെ ഒരു പിതാവിനെപ്പോലെ അവരെ പരിപാലിക്കുകയും എന്റെ ജനനംമുതൽതന്നെ ഞാൻ വിധവയെ സഹായിക്കുകയും ചെയ്തല്ലോ— ആരെങ്കിലും വസ്ത്രമില്ലാതെ നശിക്കുന്നതും ദരിദ്രർ പുതപ്പില്ലാതെ വിഷമിക്കുന്നതും ഞാൻ കണ്ടിട്ട്, അവരുടെ ഹൃദയം എന്നോടു നന്ദി പറയാതെയും എന്റെ ആട്ടിൻരോമംകൊണ്ട് അവർ തണുപ്പു മാറ്റാതെയും ഇരുന്നിട്ടുണ്ടെങ്കിൽ, കോടതിയിൽ എനിക്കു സ്വാധീനം ഉണ്ടെന്നു കരുതി അനാഥരിൽ ആർക്കെങ്കിലുമെതിരേ ഞാൻ കൈയോങ്ങിയിട്ടുണ്ടെങ്കിൽ, എന്റെ കൈ തോളിൽനിന്ന് അടർന്നുപോകട്ടെ; സന്ധിബന്ധങ്ങളിൽനിന്ന് അത് ഒടിഞ്ഞുമാറട്ടെ. കാരണം ദൈവം അയയ്ക്കുന്ന വിപത്ത് ഞാൻ ഭയന്നിരുന്നു; അവിടത്തെ പ്രഭാവംനിമിത്തം എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.