ഇയ്യോബ് 29:1-6

ഇയ്യോബ് 29:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ: അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. അന്ന് അവന്റെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽക്കൂടി നടന്നു. എന്റെ കൂടാരത്തിനു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കയും സർവശക്തൻ എന്നോടുകൂടെ വസിക്കയും എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

ഇയ്യോബ് 29:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇയ്യോബ് പിന്നെയും പറഞ്ഞത്: “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും എന്‍റെ മക്കൾ എന്‍റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു.

ഇയ്യോബ് 29:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ: അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

ഇയ്യോബ് 29:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു: “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ, അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ. എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ! അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.