ഇയ്യോബ് 24:13-17

ഇയ്യോബ് 24:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. വ്യഭിചാരിയുടെ കണ്ണ് അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറച്ചു നടന്ന് ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു. ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സുതന്നെ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.

ഇയ്യോബ് 24:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വെളിച്ചത്തോടാണു ചിലരുടെ മത്സരം. അവർക്കു വെളിച്ചത്തിന്റെ വഴി അജ്ഞാതമാണ്; അതിലെയല്ല അവർ സഞ്ചരിക്കുന്നത്; കൊലപാതകി പുലരും മുൻപേ എഴുന്നേറ്റു ദരിദ്രനെയും എളിയവനെയും കൊന്നൊടുക്കുന്നു; രാത്രിയിൽ അവൻ മോഷ്‍ടിക്കുന്നു. വ്യഭിചാരി ഇരുട്ടു വരാൻ കാത്തിരിക്കുന്നു; സന്ധ്യയായാൽ തന്നെ ആരും കാണാതിരിക്കാൻ മുഖം മറച്ചു നടക്കുന്നു. ചിലർ രാത്രിയിൽ ഭവനഭേദനം നടത്തുന്നു; പകൽ അവർ വാതിലടച്ച് ഒളിച്ചു പാർക്കുന്നു; അവർ വെളിച്ചത്ത് ഇറങ്ങുന്നില്ല. കൂരിരുട്ട് അവർക്കു പുലർകാലമാകുന്നു. അന്ധകാരത്തിന്റെ ഭീകരതയുമായി അവർ ചങ്ങാത്തം കൂടുന്നു.

ഇയ്യോബ് 24:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്‍റെ വഴികളെ അറിയുന്നില്ല; അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല. കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ചു നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു. ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.

ഇയ്യോബ് 24:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു. ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല. പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.

ഇയ്യോബ് 24:13-17 സമകാലിക മലയാളവിവർത്തനം (MCV)

“അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്. സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു. വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു. ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല. അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.