ഇയ്യോബ് 23:1-10
ഇയ്യോബ് 23:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു. അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു. ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു. അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളൂ. അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കൈയിൽനിന്നു രക്ഷപെടുമായിരുന്നു. ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല. വടക്ക് അവൻ പ്രവർത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല; തെക്കോട്ട് അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും. എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും.
ഇയ്യോബ് 23:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ഇയ്യോബ് പറഞ്ഞു: “ഇന്നും എന്റെ സങ്കടം കയ്പേറിയതു തന്നെ; ഞാൻ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങൾ എന്റെമേൽ ഭാരമായിരിക്കുന്നു. ദൈവത്തെ എവിടെ കണ്ടെത്താമെന്ന് അറിഞ്ഞിരുന്നെങ്കിൽ! അവിടുത്തെ സിംഹാസനത്തെ സമീപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്റെ സങ്കടം അവിടുത്തോട് ബോധിപ്പിക്കുകയും എന്റെ എല്ലാ ന്യായവാദങ്ങളും അവിടുത്തോടു പറയുകയും ചെയ്യുമായിരുന്നു. അവിടുന്ന് എനിക്ക് എന്ത് ഉത്തരം അരുളും എന്നും എന്നോട് എന്തു സംസാരിക്കും എന്നും അറിയുമായിരുന്നു. അവിടുത്തെ മഹാശക്തിയാൽ എന്നോടു വാദിക്കുമോ? ഇല്ല; ഞാൻ പറയുന്നത് അവിടുന്നു ശ്രദ്ധിക്കും. നീതിനിഷ്ഠന് അവിടുത്തോടു ന്യായവാദം നടത്താൻ കഴിയും; അങ്ങനെ എന്റെ ന്യായാധിപനായ അവിടുന്ന് എന്നേക്കുമായി എന്നെ മോചിപ്പിക്കും. ഇതാ, ഞാൻ കിഴക്കോട്ടു നടന്നു നോക്കുന്നു. പക്ഷേ അവിടുന്ന് അവിടെയില്ല; പടിഞ്ഞാറു ചെന്നിട്ട് അവിടെയും അവിടുത്തെ കാണുന്നില്ല ഞാൻ വടക്കും തെക്കും അന്വേഷിക്കുന്നു; അവിടെയും അവിടുത്തെ കാണാൻ കഴിയുന്നില്ല; എന്നാൽ എന്റെ വഴി അവിടുന്ന് അറിയുന്നു; അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോൾ ഞാൻ സ്വർണംപോലെ ശോഭിക്കും.
ഇയ്യോബ് 23:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു; ദൈവത്തിന്‍റെ കൈ എന്‍റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു. ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു. ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. ദൈവത്തിന്‍റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു; അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു. അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ. അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്‍റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു. ഞാൻ കിഴക്കോട്ടു ചെന്നാൽ അവിടുന്ന് അവിടെ ഇല്ല; പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല. വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും. “എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
ഇയ്യോബ് 23:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു. അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു. ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു. അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു. അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു. ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല. വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും. എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
ഇയ്യോബ് 23:1-10 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്; ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു. തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ; അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ! എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു. അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു. എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു. തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ? ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ. തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം; അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു. “ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല; ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല. അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല. എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു; അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും.