ഇയ്യോബ് 21:7-21

ഇയ്യോബ് 21:7-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർധക്യം പ്രാപിക്കയും അവർക്കു ബലം വർധിക്കയും ചെയ്യുന്നത് എന്ത്? അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ചു നില്ക്കുന്നു. അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല. അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു. അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്ക് ഇറങ്ങുന്നു. അവർ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഞങ്ങൾ സർവശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു. എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം! അവർ കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ. അവന്റെ സ്വന്ത കണ്ണ് അവന്റെ നാശം കാണട്ടെ; അവൻ തന്നെ സർവശക്തന്റെ ക്രോധം കുടിക്കട്ടെ. അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോട് അവനെന്തു താൽപര്യം?

ഇയ്യോബ് 21:7-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദുർജനം ദീർഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ ആയുസ്സ് വാർധക്യത്തോളം നീളുകയും, അവർ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്? അവരുടെ സന്തതിപരമ്പരകൾ അഭിവൃദ്ധിപ്പെടുന്നത് അവർ കാണുന്നു. അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ നിപതിക്കുന്നില്ല. അവരുടെ കാളകൾ ഇണചേരുന്നു; ഒന്നും നിഷ്ഫലമാകുന്നില്ല; അവരുടെ പശുക്കൾ പ്രസവിക്കുന്നു; അവയുടെ ഗർഭം അലസുന്നില്ല. അവരുടെ കുഞ്ഞുങ്ങൾ ആട്ടിൻപറ്റത്തെ പോലെ പെരുകുന്നു. അവർ ഉല്ലാസനൃത്തം ചെയ്യുന്നു. അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും പാടുന്നു; കുഴലിന്റെ നാദധാരയിൽ ആനന്ദിക്കുന്നു. അവർ ഐശ്വര്യസമൃദ്ധിയിൽ ആയുഷ്കാലം കഴിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലിറങ്ങുന്നു. അവർ ദൈവത്തോടു പറയുന്നു; അകന്നുപോവുക. അവിടുത്തെ വഴികൾ ഞങ്ങൾക്ക് അറിയേണ്ടതില്ല. ഞങ്ങൾ സേവിക്കാൻ ആരാണീ സർവശക്തൻ? ദൈവത്തോടു പ്രാർഥിച്ചിട്ട് ഞങ്ങൾക്ക് എന്തു കിട്ടാനാണ്?’ ഇതാ, അവരുടെ ഐശ്വര്യം അവർക്കധീനം തന്നെയല്ലേ? എന്നാൽ ദുഷ്ടന്മാരുടെ ഉപദേശം എനിക്കാവശ്യമില്ല. ദുഷ്ടന്മാരുടെ വിളക്ക് എത്രയോ തവണ കെട്ടുപോയിരിക്കുന്നു. വിപത്തുകൾ അവരുടെമേൽ വന്നിട്ടില്ലേ? ദൈവം തന്റെ കോപത്തിൽ അവരുടെമേൽ കഷ്ടത അയച്ചിട്ടില്ലേ? അവർ കാറ്റിൽപ്പെട്ട വൈക്കോൽപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും അല്ലേ? പിതാക്കളുടെ അപരാധം അവരുടെ മക്കൾക്കായി ദൈവം കരുതിവയ്‍ക്കുന്നു എന്നു നിങ്ങൾ പറയുന്നു. അപരാധികളെത്തന്നെ ദൈവം ശിക്ഷിക്കട്ടെ. അർഹിക്കുന്ന പ്രതിഫലം ദൈവം നല്‌കുന്നു എന്ന് അവർ അറിയട്ടെ തങ്ങളുടെ നാശം സ്വന്തം കണ്ണുകൾകൊണ്ടു തന്നെ അവർ കാണട്ടെ. സർവശക്തന്റെ ക്രോധത്തിന്റെ പാനപാത്രം അവർ കുടിക്കട്ടെ. ആയുസ്സൊടുങ്ങിയാൽ പിന്നെ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അവർക്ക് എന്ത് ആകുലത?

ഇയ്യോബ് 21:7-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു. അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്‍റെ വടി അവരുടെ മേൽ വരുന്നതുമില്ല. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല. അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; കുഴലിന്‍റെ നാദത്തിൽ സന്തോഷിക്കുന്നു. അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു. അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്‍? ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു. എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. “ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്ത് വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം! അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ. അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ; അവൻ തന്നെ സർവ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ; അവന്‍റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ തന്‍റെശേഷം തന്‍റെ ഭവനത്തോട് അവനെന്ത് താത്പര്യം?

ഇയ്യോബ് 21:7-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു? അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു. അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല. അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു. അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു. അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു. എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവർക്കു ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം! അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ. അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവൻ തന്നേ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ; അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?

ഇയ്യോബ് 21:7-21 സമകാലിക മലയാളവിവർത്തനം (MCV)

ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്? അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു. അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല. അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു. ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു. അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു. എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല. ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’ എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു. “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു? എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു. ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ! അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ. അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ?