ഇയ്യോബ് 21:27-34

ഇയ്യോബ് 21:27-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരേ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നത്? വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? അനർഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു. അവന്റെ നടപ്പിനെക്കുറിച്ച് ആർ അവന്റെ മുഖത്തു നോക്കിപറയും? അവൻ ചെയ്തതിനു തക്കവണ്ണം ആർ അവനു പകരം വീട്ടും? എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറയ്ക്കൽ കാവൽ നില്ക്കുന്നു. താഴ്‌വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവർക്ക് എണ്ണമില്ല. നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.

ഇയ്യോബ് 21:27-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ ആലോചനകളും എന്നെ തെറ്റിൽ ചാടിക്കാനുള്ള ഉപായങ്ങളും എനിക്ക് അറിയാം. ആ പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടൻ വസിച്ചിരുന്ന കൂടാരം എവിടെ എന്നു നിങ്ങൾ ചോദിക്കുന്നു. വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? വിനാശത്തിന്റെ നാളിൽ ദുഷ്ടൻ ഒഴിവാക്കപ്പെടുന്നു എന്നും ക്രോധദിവസത്തിൽ അവർ സംരക്ഷിക്കപ്പെടുന്നു എന്നുമുള്ള അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ? അവന്റെ മാർഗങ്ങളെ അവന്റെ മുഖത്തു നോക്കി ആർ കുറ്റപ്പെടുത്തും? അവന്റെ പ്രവൃത്തികൾക്ക് ആർ പകരം ചോദിക്കും? അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുകയും ശവകുടീരത്തിനു കാവൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. താഴ്‌വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും; എല്ലാവരും അവനെ അനുഗമിക്കുന്നു. അവന്റെ മുൻഗാമികളും അസംഖ്യമാണ്. പിന്നെ എങ്ങനെ നിങ്ങൾ എന്നെ പാഴ്‌വാക്കുകളാൽ ആശ്വസിപ്പിക്കും. നിങ്ങളുടെ മറുപടി കാപട്യത്തിൽ കുറഞ്ഞൊന്നുമല്ല.”

ഇയ്യോബ് 21:27-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. “രാജകുമാരന്‍റെ ഭവനം എവിടെ? ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്? വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന് തക്കവണ്ണം ആര്‍ അവനു പകരംവീട്ടും? എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; അവന്‍റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു. താഴ്വരയിലെ മണ്‍കട്ട അവനു മധുരമായിരിക്കും; അവന്‍റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവനു മുമ്പ് പോയവർ അനേകം പേരാണ്. “നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.”

ഇയ്യോബ് 21:27-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നതു? വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു. അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന്നു തക്കവണ്ണം ആർ അവന്നു പകരം വീട്ടും? എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറെക്കൽ കാവൽനില്ക്കുന്നു. താഴ്‌വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവർക്കു എണ്ണമില്ല. നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.

ഇയ്യോബ് 21:27-34 സമകാലിക മലയാളവിവർത്തനം (MCV)

“നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്. നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’ വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ? വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു. അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും? അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു. “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!”