ഇയ്യോബ് 2:1-8
ഇയ്യോബ് 2:1-8 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. അവരുടെ കൂട്ടത്തിൽ സാത്താനും യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ എത്തിയിരുന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ടു വരുന്നു” എന്നു സാത്താൻ മറുപടി പറഞ്ഞു. യഹോവ സാത്താനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമിയിൽ ആരുംതന്നെ ഇല്ലല്ലോ. അവൻ ഇപ്പോഴും തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചിരിക്കുന്നു; യാതൊരു കാരണവുംകൂടാതെ അവനെ നശിപ്പിക്കുന്നതിനു നീ എന്നെ അവനെതിരായി പ്രകോപിപ്പിച്ചല്ലോ.” സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “ത്വക്കിനുപകരം ത്വക്കുമാത്രം; ഒരു മനുഷ്യൻ തന്റെ ജീവനുവേണ്ടി തനിക്കുള്ളതൊക്കെയും ത്യജിച്ചുകളയും. ഇപ്പോൾ അങ്ങ് കൈനീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക. അവൻ മുഖത്തുനോക്കി അങ്ങയെ ദുഷിച്ചു പറയും.” യഹോവ സാത്താനോട്: “അങ്ങനെയെങ്കിൽ ഇതാ, അവനെ നിന്റെ ഇഷ്ടത്തിനു വിട്ടുതരുന്നു; അവന്റെ ജീവനെമാത്രം തൊടരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടുപോയി. അവൻ ഇയ്യോബിനെ ഉള്ളംകാൽമുതൽ ഉച്ചിവരെ കഠിനമായ പരുക്കളാൽ ബാധിച്ചു. അദ്ദേഹം ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ടു തന്നത്താൻ ചുരണ്ടിക്കൊണ്ടിരുന്നു.
ഇയ്യോബ് 2:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു. യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിനു സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതേ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു എന്ന് അരുളിച്ചെയ്തു. സാത്താൻ യഹോവയോട്: ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവനു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: ഇതാ, അവൻ നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട് ഇയ്യോബിനെ ഉള്ളംകാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
ഇയ്യോബ് 2:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പതിവുപോലെ മറ്റൊരു ദിവസം മാലാഖമാർ സർവേശ്വരന്റെ സന്നിധിയിലെത്തി. സാത്താനും അവരോടൊപ്പം അവിടെ എത്തി. സർവേശ്വരൻ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഭൂമിയിലെല്ലാം ചുറ്റി സഞ്ചരിച്ചശേഷം വരികയാണ്” സാത്താൻ മറുപടി പറഞ്ഞു. സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ കണ്ണു വച്ചിരിക്കുന്നുവോ? ഭൂമിയിൽ അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരുമില്ല. അവനെ അകാരണമായി നശിപ്പിക്കാൻ നീ എന്റെ സമ്മതം വാങ്ങി. എങ്കിലും അവൻ ഇപ്പോഴും ഭക്തിയിൽ ഉറച്ചുനില്‌ക്കുന്നു.” സാത്താൻ സർവേശ്വരനോടു പറഞ്ഞു: “ത്വക്കിനു പകരം ത്വക്ക്! മനുഷ്യൻ സ്വജീവനുവേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കും. അവിടുന്ന് ഇയ്യോബിനെ ശാരീരികമായി പീഡിപ്പിക്കുമോ? തീർച്ചയായും അയാൾ അവിടുത്തെ മുഖത്തുനോക്കി ദുഷിക്കും.” അപ്പോൾ സർവേശ്വരൻ പറഞ്ഞു: “ശരി, ഇതാ അവനെ നിന്റെ അധികാരത്തിൽ വിട്ടിരിക്കുന്നു. എന്നാൽ അവനു ജീവാപായം വരുത്തരുത്.” അങ്ങനെ സാത്താൻ സർവേശ്വരന്റെ സന്നിധി വിട്ടുപോയി. ഇയ്യോബിന്റെ പാദം മുതൽ ശിരസ്സുവരെ ദേഹം ആസകലം വേദനിപ്പിക്കുന്ന വ്രണംകൊണ്ട് സാത്താൻ അദ്ദേഹത്തെ ദണ്ഡിപ്പിച്ചു. ഇയ്യോബ് ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ട് തന്റെ ശരീരം ചൊറിഞ്ഞുകൊണ്ടിരുന്നു.
ഇയ്യോബ് 2:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു. യഹോവ സാത്താനോട്: “നീ എവിടെ നിന്നു വരുന്നു?” എന്നു ചോദിച്ചു. സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്നു അരുളിച്ചെയ്തു. സാത്താൻ യഹോവയോട്: “ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്‍റെ ജീവനു പകരം നൽകും. അങ്ങേയുടെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്‍റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു.
ഇയ്യോബ് 2:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു. യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു. സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.