ഇയ്യോബ് 16:1-21 - Compare All Versions
ഇയ്യോബ് 16:1-21 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: ഞാൻ ഈ വക പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. വ്യർഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നത് എന്ത്? നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരേ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു. ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു. ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്ക് എന്ത് ആശ്വാസമുള്ളൂ? ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. നീ എന്നെ പിടിച്ചിരിക്കുന്നു; അത് എന്റെ നേരേ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരേ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരേ കണ്ണു കൂർപ്പിക്കുന്നു. അവർ എന്റെ നേരേ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു. ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽ എന്നെ അകപ്പെടുത്തുന്നു. ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു. അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്ത് ഒഴിച്ചുകളയുന്നു. അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരേ പായുന്നു. ഞാൻ രട്ട് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു. എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർഥന നിർമ്മലമത്രേ. അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു. അവൻ മനുഷ്യനുവേണ്ടി ദൈവത്തോടും മനുഷ്യപുത്രനുവേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
ഇയ്യോബ് 16:1-21 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇയ്യോബ് പറഞ്ഞു: “ഇങ്ങനെ പലതും ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ സാന്ത്വനവും എന്നെ വേദനിപ്പിക്കുന്നു. പൊള്ളവാക്കുകൾക്ക് അവസാനമില്ലേ? അല്ലെങ്കിൽ ഇങ്ങനെ പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ, നിങ്ങൾ പറയുംപോലെ പറയാൻ എനിക്കും കഴിയുമായിരുന്നു. നിങ്ങൾക്കെതിരെ സംസാരിക്കാനും നിങ്ങളെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു. എന്റെ വാക്കുകൾകൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനവചസ്സുകൾകൊണ്ടു വേദനയാറ്റുകയും ചെയ്യുമായിരുന്നു. ഞാൻ സംസാരിച്ചാലും, എന്റെ വേദനയ്ക്കു ശമനം ഉണ്ടാകുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും, അത് എന്നെ വിട്ടുമാറുന്നില്ല. ദൈവമേ, അങ്ങ് ഇപ്പോൾ എന്നെ നിശ്ചയമായും പരിക്ഷീണനാക്കിയിരിക്കുന്നു. എന്റെ ബന്ധുജനങ്ങളെയെല്ലാം അവിടുന്നു തകർത്തുകളഞ്ഞു. അവിടുന്ന് എന്നെ പിടികൂടിയിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; അവിടുന്നെന്നെ എല്ലും തോലും ആക്കിയിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യം പറയുന്നു. അവിടുന്ന് എന്നെ വെറുക്കുകയും ഉഗ്രരോഷത്തിൽ എന്നെ ചീന്തിക്കളയുകയും ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ നേരെ പല്ലിറുമ്മുന്നു. എന്റെ ശത്രുക്കൾ എന്റെ നേരേ തീക്ഷ്ണതയോടെ നോക്കുന്നു, അവർ എന്റെ നേരേ വായ് പിളർക്കുന്നു. അവർ ഗർവത്തോടെ എന്റെ ചെകിട്ടത്ത് അടിക്കുന്നു; എനിക്കെതിരെ സംഘടിക്കുന്നു. ദൈവം എന്നെ അധർമികൾക്ക് ഏല്പിച്ചു കൊടുക്കുന്നു; ദുഷ്ടരുടെ കൈയിലേക്ക് എന്നെ എറിഞ്ഞു കൊടുക്കുന്നു. ഞാൻ സ്വസ്ഥമായി ജീവിച്ചുപോന്നു; എന്നാൽ ദൈവം എന്നെ തകർത്തു; അവിടുന്ന് എന്റെ കഴുത്തിനു പിടിച്ചു നിലത്തടിച്ചു തകർത്തുകളഞ്ഞു; അവിടുന്ന് എന്നെ നോട്ടമിട്ടിരിക്കുന്നു. അവിടുത്തെ വില്ലാളികൾ എന്നെ വളഞ്ഞിരിക്കുന്നു. അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണകൂടാതെ കുത്തിപ്പിളർക്കുന്നു; എന്റെ പിത്തരസം ഒഴുക്കിക്കളയുന്നു. അവിടുന്ന് വീണ്ടും വീണ്ടും എന്നെ ഇടിച്ചുതകർക്കുന്നു; പോരാളിയെപ്പോലെ എന്റെ നേരേ ചാടി വീഴുന്നു. ഞാൻ ചാക്കു തുന്നി വസ്ത്രമാക്കിയിരിക്കുന്നു. എന്റെ കരുത്ത് പൊടിയിൽ തൂകിക്കളഞ്ഞു. കരഞ്ഞു, കരഞ്ഞ് എന്റെ മുഖം ചുവന്നു; എന്റെ കൺപോളകൾ കരുവാളിച്ചിരിക്കുന്നു. എങ്കിലും, എന്റെ കൈകൾ അതിക്രമം കാട്ടിയിട്ടില്ല. എന്റെ പ്രാർഥന നിർമ്മലമാകുന്നു. ഭൂതലമേ, എന്റെ രക്തം മൂടിക്കളയരുതേ! എന്റെ നിലവിളി നിർബാധം തുടരട്ടെ! ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. എന്റെ സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു. ഞാൻ ദൈവസന്നിധിയിൽ കണ്ണുനീരൊഴുക്കുന്നു. അയൽക്കാരനോടു ന്യായവാദം നടത്തുന്നതുപോലെ ദൈവത്തോട് എനിക്കുവേണ്ടി ന്യായവാദം നടത്താൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ!
ഇയ്യോബ് 16:1-21 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “ഞാൻ ഇതുപോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്? നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെനേരെ മൊഴികളെ യോജിപ്പിക്കുകയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു. ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനം കൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. “ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു? ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; അവിടുന്ന് എന്‍റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്ക് വിരോധമായി എഴുന്നേറ്റ് എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്ക് വിരോധമായി കൂട്ടം കൂടുന്നു. ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. “ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; എന്നെ തനിക്കു ഉന്നമാക്കി നിർത്തിയിരിക്കുന്നു. അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്‍റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു. അവിടുന്ന് എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. ഞാൻ ചാക്ക് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു. എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ. “അയ്യോ ഭൂമിയേ, എന്നോടു ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ; എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്‍റെ കണ്ണ് ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു. അവൻ മനുഷ്യനു വേണ്ടി ദൈവത്തോടും മനുഷ്യപുത്രനു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
ഇയ്യോബ് 16:1-21 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു? നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു. ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു. ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു? ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു. അവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു. ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു. അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു. അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു. എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ. അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു. അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
ഇയ്യോബ് 16:1-21 MCV (സമകാലിക മലയാളവിവർത്തനം)
അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ. നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്? നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു. എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും. “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല. ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ. അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു. അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു. ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു. ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു. എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു; അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു. വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു. “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; എന്റെ അഭിമാനം പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു. കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു; എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, എന്റെ പ്രാർഥന നിർമലമായതുതന്നെ. “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ! ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു. എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു; മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു!