ഇയ്യോബ് 11:13-18

ഇയ്യോബ് 11:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇയ്യോബേ, നിന്റെ ഹൃദയം നേരെയാക്കുക, അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക. നീ അധർമം ചെയ്യുന്നെങ്കിൽ അത് ഉപേക്ഷിക്കുക; ദുഷ്ടത നിന്റെ കൂടാരത്തിൽ വസിക്കാൻ അനുവദിക്കരുത്. അപ്പോൾ നീ കളങ്കരഹിതനായി മുഖം ഉയർത്തും നിശ്ചയം! നീ നിർഭയനും സുരക്ഷിതനുമായിരിക്കും. നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശമാനമാകും. അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും പ്രത്യാശയാൽ നിനക്ക് ആത്മവിശ്വാസമുണ്ടാകും; നീ സംരക്ഷിക്കപ്പെടും; നീ സുരക്ഷിതനായി വിശ്രമിക്കും.

ഇയ്യോബ് 11:13-18 സമകാലിക മലയാളവിവർത്തനം (MCV)

“നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ, നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ, നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല. നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും. അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും.