ഇയ്യോബ് 11:1-20
ഇയ്യോബ് 11:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: വാക്ബാഹുല്യത്തിന് ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ? നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ? എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിനു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ. അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരേ അധരം തുറക്കയും ജ്ഞാനമർമങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായത്; നിനക്കെന്തറിയാം? അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നത് ആർ? അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്‍ടിവയ്ക്കാതെ തന്നെ അവൻ ദ്രോഹം കാണുന്നു. പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ നിന്റെ കൈയിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. നിന്റെ ആയുസ്സ് മധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.
ഇയ്യോബ് 11:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നയമാത്യനായ സോഫർ പറഞ്ഞു: “ഈ അതിഭാഷണത്തിനു മറുപടി നല്‌കാതെ വിടുകയോ? ഏറെ പറയുന്നതുകൊണ്ടു നീതീകരിക്കപ്പെടുമോ? നിന്റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കാൻ ആരുമില്ലെന്നോ? നിന്റെ വാക്കുകൾ സത്യമാണെന്നും നീ ദൈവമുമ്പാകെ നിർമ്മലനാണെന്നും അല്ലേ അവകാശപ്പെടുന്നത്? ദൈവം സംസാരിച്ചിരുന്നെങ്കിൽ! ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കു വെളിപ്പെടുത്തിയിരുന്നെങ്കിൽ നിന്റെ അകൃത്യങ്ങൾക്ക് അർഹിക്കുന്നതിൽ വളരെ കുറച്ചു മാത്രമേ ശിക്ഷ അവിടുന്നു നിനക്കു നല്‌കുന്നുള്ളൂ എന്ന് അറിഞ്ഞുകൊൾക. ദൈവത്തിന്റെ മഹിമയുടെയും ശക്തിയുടെയും അതിരുകളും വ്യാപ്തിയും കണ്ടുപിടിക്കാൻ കഴിയുമോ? അത് ആകാശത്തെക്കാൾ ഉന്നതം; നീ എന്തുചെയ്യും? അതു പാതാളത്തെക്കാൾ അഗാധം; നീ എന്തു ഗ്രഹിക്കും? അതു ഭൂമിയെക്കാൾ നീളമുള്ളതും മഹാസമുദ്രത്തെക്കാൾ വീതിയുള്ളതും ആണ്. അവിടുന്നു നിന്നെ ബന്ധിച്ച് ന്യായവിസ്താരത്തിനായി കൊണ്ടുവന്നാൽ ആർ അവിടുത്തെ തടയും? കൊള്ളരുതാത്തവരെ അവിടുന്ന് അറിയുന്നു; അധർമം കാണുമ്പോൾ അവിടുന്നു ഗൗനിക്കാതിരിക്കുമോ? എന്നാൽ, കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമെങ്കിലേ മൂഢൻ വിവേകം പ്രാപിക്കൂ. ഇയ്യോബേ, നിന്റെ ഹൃദയം നേരെയാക്കുക, അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക. നീ അധർമം ചെയ്യുന്നെങ്കിൽ അത് ഉപേക്ഷിക്കുക; ദുഷ്ടത നിന്റെ കൂടാരത്തിൽ വസിക്കാൻ അനുവദിക്കരുത്. അപ്പോൾ നീ കളങ്കരഹിതനായി മുഖം ഉയർത്തും നിശ്ചയം! നീ നിർഭയനും സുരക്ഷിതനുമായിരിക്കും. നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശമാനമാകും. അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും പ്രത്യാശയാൽ നിനക്ക് ആത്മവിശ്വാസമുണ്ടാകും; നീ സംരക്ഷിക്കപ്പെടും; നീ സുരക്ഷിതനായി വിശ്രമിക്കും. വിശ്രമംകൊള്ളുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകം പേർ നിന്റെ പ്രീതി തേടും. ദുഷ്ടന്മാരുടെ കണ്ണു മങ്ങും; രക്ഷപെടാൻ അവർക്ക് ഒരു പഴുതും ലഭിക്കയില്ല. അവർക്കു കാത്തിരിക്കാൻ മരണമേയുള്ളൂ.”
ഇയ്യോബ് 11:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? “എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്‍റെ നേരെ അധരം തുറക്കുകയും ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. “ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. യഹോവ കടന്നുവന്നു ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; “നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്‍റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”
ഇയ്യോബ് 11:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ? നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ? എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ. അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം? അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു. അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ? അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു. പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു. അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.
ഇയ്യോബ് 11:1-20 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു: “ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ? ഈ വിടുവായൻ കുറ്റവിമുക്തനാകുമോ? നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ? ‘എന്റെ ഉപദേശം കുറ്റമറ്റതും ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ. എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ, അവിടത്തെ അധരങ്ങൾ നിനക്കെതിരേയും ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു; കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക. “ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ? സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ? അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും സമുദ്രത്തെക്കാൾ വിശാലവും ആകുന്നു. “അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും ന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും? അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു; അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ? ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം ഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്. “നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ, നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ, നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല. നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും. അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും. നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല, പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും. ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും, അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല; അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.”