ഇയ്യോബ് 10:1-22

ഇയ്യോബ് 10:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ ജീവൻ എനിക്കു വെറുപ്പായിത്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ. പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ? മാംസനേത്രങ്ങളോ നിനക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നത്? നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ? ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല. നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു. നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മെനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കി കളയുമോ? നീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ. ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ മെടഞ്ഞിരിക്കുന്നു. ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവച്ചു; ഇതായിരുന്നു നിന്റെ താൽപര്യം എന്നു ഞാൻ അറിയുന്നു. ഞാൻ പാപം ചെയ്താൽ നീ കണ്ടു വയ്ക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല. ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അദ്ഭുതശക്തി കാണിക്കുന്നു. നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരേ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. നീ എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചത് എന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടു പോകുമായിരുന്നു; എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും വെളിച്ചം അർധരാത്രിപോലെയും ഉള്ള ദേശത്തേക്കുതന്നെ, മടങ്ങിവരാതവണ്ണം പോകുന്നതിനു മുമ്പേ ഞാൻ അല്പം ആശ്വസിക്കേണ്ടതിന് നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.

ഇയ്യോബ് 10:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; എന്റെ സങ്കടം ഞാൻ തുറന്നുപറയും; കഠിനവ്യഥയോടെ ഞാൻ സംസാരിക്കും ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ! എന്നെ എതിർക്കുന്നത് എന്തിനെന്നു പറഞ്ഞാലും അവിടുത്തെ സൃഷ്‍ടിയെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്മാരുടെ പദ്ധതികളിൽ പ്രസാദിക്കുന്നതും അവിടുത്തേക്കു ചേർന്നതാണോ? മനുഷ്യനേത്രങ്ങളാണോ അങ്ങേക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയാണോ അങ്ങു കാണുന്നത്? എന്റെ അധർമങ്ങൾ അന്വേഷിക്കാനും എന്റെ പാപം കണ്ടുപിടിക്കാനും അവിടുത്തെ ദിനങ്ങൾ മനുഷ്യന്റെ ദിനങ്ങൾപോലെയും, അവിടുത്തെ വർഷങ്ങൾ മനുഷ്യന്റെ വർഷങ്ങൾപോലെയും ഹ്രസ്വമാണോ? ഞാൻ അധർമിയല്ലെന്നും അവിടുത്തെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ ആരുമില്ലെന്നും അങ്ങേക്കറിയാം. എനിക്കു രൂപം നല്‌കി എന്നെ സൃഷ്‍ടിച്ചതു തൃക്കരങ്ങളാണല്ലോ; എന്നാൽ ഇപ്പോൾ അവിടുന്ന് എന്നെ നശിപ്പിക്കുന്നു. കളിമണ്ണുകൊണ്ട് അവിടുന്ന് എന്നെ മെനഞ്ഞു എന്ന് ഓർക്കണമേ. അവിടുന്ന് എന്നെ ധൂളിയിലേക്കു തിരിച്ചയയ്‍ക്കാൻ പോകുകയാണോ? അങ്ങ് എന്നെ പാലുപോലെ പകർന്ന് ഒഴിക്കുകയും തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ? അവിടുന്നു ചർമവും മാംസവും കൊണ്ടെന്നെ പൊതിഞ്ഞു; അസ്ഥികളും ഞരമ്പുകളുംകൊണ്ട് എന്നെ നെയ്തുണ്ടാക്കി. അവിടുന്നു ജീവനും സുസ്ഥിരസ്നേഹവും എനിക്കു നല്‌കി; അവിടുത്തെ കൃപാകടാക്ഷം എന്റെ ശ്വാസം നിലനിർത്തുന്നു. എങ്കിലും ഈ കാര്യങ്ങളെല്ലാം അവിടുന്നു ഹൃദയത്തിൽ മറച്ചുവച്ചു; ഇതായിരുന്നു അവിടുത്തെ ഉദ്ദേശ്യം എന്നു ഞാൻ അറിയുന്നു. ഞാൻ പാപം ചെയ്യുന്നുവെങ്കിൽ അങ്ങ് അതു കാണുന്നുണ്ടല്ലോ; എന്റെ അപരാധങ്ങൾക്ക് എന്നെ ശിക്ഷിക്കാതിരിക്കുന്നുമില്ല; ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് ദുരിതം! ഞാൻ നീതിമാനെങ്കിലും എന്റെ തല ഉയർത്താൻ സാധിക്കുന്നില്ല. അപമാനഭരിതനായി ഞാൻ എന്റെ കഷ്ടതകളെ കാണുന്നു. ഞാൻ തല ഉയർത്തിയാൽ സിംഹംപോലെ അങ്ങ് എന്നെ വേട്ടയാടും, എനിക്കെതിരെ വീണ്ടും അദ്ഭുതങ്ങൾ പ്രവർത്തിക്കും. എനിക്കെതിരെ അവിടുത്തെ സാക്ഷികളെ വീണ്ടും നിർത്തുന്നു. എന്നോടുള്ള അവിടുത്തെ ക്രോധം വർധിപ്പിക്കുന്നു; എന്നെ ആക്രമിക്കാൻ പുതിയ സൈന്യനിരയെ അവിടുന്നു അണിനിരത്തുന്നു. അമ്മയുടെ ഗർഭത്തിൽനിന്ന് അങ്ങ് എന്നെ ആനയിച്ചതെന്തിന്? ആരും കാണുന്നതിനുമുമ്പ് ഞാൻ മരിച്ചുപോകുമായിരുന്നല്ലോ. ഞാൻ ജനിക്കാത്തവനെപ്പോലെ ആകുമായിരുന്നു. അമ്മയുടെ ഗർഭത്തിൽനിന്നു ശവക്കുഴിയിലേക്ക് നീങ്ങുമായിരുന്നല്ലോ; ഇരുളും അന്ധതമസ്സുമുള്ള ദേശത്തേക്ക്, അന്ധകാരത്തിന്റെയും ശൂന്യതയുടെയും ദേശത്തേക്ക്, വെളിച്ചം ഇരുട്ടായിത്തീരുന്ന ഇടത്തേക്ക്, തിരിച്ചുവരാൻ സാധ്യമല്ലാത്ത സ്ഥലത്തേക്ക് ഞാൻ പോകുന്നതിനു മുൻപ്, അല്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി എന്നെ വെറുതെ വിടുക. എന്റെ ആയുസ്സു ഹ്രസ്വമല്ലോ.”

ഇയ്യോബ് 10:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ. പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങേയ്ക്കു യോഗ്യമോ? മാംസനേത്രങ്ങളോ അങ്ങേക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്? അങ്ങേയുടെ നാളുകൾ മനുഷ്യന്‍റെ നാളുകൾ പോലെയോ? അങ്ങേയുടെ ആണ്ടുകൾ മർത്യന്‍റെ ജീവകാലം പോലെയോ? അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും എന്‍റെ പാപത്തെ ശോധന ചെയ്യുകയും ഞാൻ കുറ്റക്കാരനല്ല എന്നു അങ്ങ് അറിയുന്നു; അങ്ങേയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല. അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു. അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? അങ്ങ് എന്നെ പാലുപോലെ പകർന്ന് തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ. ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു. ജീവനും കൃപയും അങ്ങ് എനിക്കു നല്കി; അങ്ങേയുടെ കരുണ എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു. എന്നാൽ അങ്ങ് ഇത് അങ്ങേയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു അങ്ങേയുടെ താത്പര്യം എന്നു ഞാൻ അറിയുന്നു. ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. അങ്ങേയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്‍റെ നേരെ നിർത്തുന്നു; അങ്ങേയുടെ ക്രോധം എന്‍റെ മേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. ”അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നെ, മടങ്ങിവരാതെ, പോകുന്നതിനുമുമ്പേ ഞാൻ അല്പം ആശ്വസിക്കേണ്ടതിന് അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”

ഇയ്യോബ് 10:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ. പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ? മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു? നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‌വാനും നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ? ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല. നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു. നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? നീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ. ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു. ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാൻ അറിയുന്നു. ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല. ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു. നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. നീ എന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.

ഇയ്യോബ് 10:1-22 സമകാലിക മലയാളവിവർത്തനം (MCV)

“എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു; അതുകൊണ്ട് ഞാൻ എന്റെ സങ്കടം പൂർണമായും തുറന്നുപറയും എന്റെ ഹൃദയവ്യഥയിൽ ഞാൻ സംസാരിക്കും. ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ, എന്നാൽ എനിക്കെതിരേയുള്ള വാദങ്ങൾ എന്തെല്ലാമെന്ന് എന്നെ അറിയിക്കണമേ. എന്നെ പീഡിപ്പിക്കുന്നതും അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ നിന്ദിക്കുന്നതും ദുഷ്ടരുടെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേക്കു പ്രസാദമോ? മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്? ഒരു മനുഷ്യൻ കാണുന്നതുപോലെയോ അങ്ങു കാര്യങ്ങൾ കാണുന്നത്? എന്റെ കുറ്റം അന്വേഷിക്കുന്നതിനും എന്റെ പാപം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അങ്ങയുടെ നാളുകൾ ഒരു മനുഷ്യന്റെ നാളുകൾപോലെയോ? അങ്ങയുടെ സംവത്സരങ്ങൾ മനുഷ്യന്റെ സംവത്സരങ്ങൾപോലെയോ? ഞാൻ കുറ്റവാളി അല്ലെന്നും അങ്ങയുടെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ ആരും ഇല്ലെന്നും അങ്ങ് അറിയുന്നു. “അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു. ഇപ്പോൾ അങ്ങ് തിരിഞ്ഞ് എന്നെ നശിപ്പിക്കുമോ? കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക. ഇപ്പോൾ അങ്ങ് തിരികെ എന്നെ പൊടിയിലേക്കു ചേർക്കുമോ? അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ? അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും അസ്ഥികളാലും നാഡീഞരമ്പുകളാലും തുന്നിച്ചേർക്കുകയും ചെയ്തില്ലേ? അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി, അങ്ങയുടെ പരിപാലനം എന്റെ ആത്മാവിന് സംരക്ഷണവും നൽകി. “എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു, അങ്ങയുടെ ലക്ഷ്യം ഇതായിരുന്നു എന്ന് എനിക്കറിയാം: ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു, എന്റെ അകൃത്യം ശിക്ഷിക്കപ്പെടാതെ പോകുകയുമില്ലല്ലോ. ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം! ഞാൻ നീതിമാനാണെങ്കിൽപോലും ശിരസ്സുയർത്താൻ എനിക്കു കഴിയുന്നില്ല, കാരണം ഞാൻ ആകെ നാണംകെട്ടിരിക്കുന്നു എന്റെ ദുരിതത്തിൽ ഞാൻ മുങ്ങിപ്പോയിരിക്കുന്നു. ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും എനിക്കെതിരായി അങ്ങയുടെ ഭീകരശക്തി വീണ്ടും പ്രയോഗിക്കുകയും ചെയ്യും. അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും എന്നോടുള്ള അങ്ങയുടെ ക്രോധം വർധിപ്പിക്കുകയും ചെയ്യുന്നു; ദുരിതങ്ങൾ നിരനിരയായി എനിക്കെതിരേ പാഞ്ഞടുക്കുന്നു. “എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്? അതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും ഒരു കണ്ണും എന്നെ കാണാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ! എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു, ഗർഭപാത്രത്തിൽനിന്നുതന്നെ എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു! എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ? ഞാൻ ഒട്ടുനേരം ആനന്ദിക്കേണ്ടതിന് അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കണമേ. മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും അന്ധകാരസ്ഥലത്തേക്കും കൂരിരുട്ടിലേക്കും പോകുന്നതിനുമുമ്പ് എന്നെ വിട്ടുമാറണമേ. അഗാധരാത്രിയുടെ സ്ഥലത്തേക്ക്, അന്ധതമസ്സും അവ്യവസ്ഥയും ഉള്ള സ്ഥലത്തേക്കു ഞാൻ പോകട്ടെ. അവിടത്തെ വെളിച്ചംപോലും ഇരുളാണല്ലോ.”