യോഹന്നാൻ 9:13-16
യോഹന്നാൻ 9:13-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നത് ശബ്ബത്തുനാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
യോഹന്നാൻ 9:13-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാൾക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണിൽ ചേറു പൂശി; ഞാൻ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോൾ കാഴ്ചയുണ്ട്” എന്ന് അയാൾ പറഞ്ഞു. അപ്പോൾ പരീശന്മാരിൽ ചിലർ, “ആ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, അയാൾ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാൽ മറ്റു ചിലർ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികൾ ചെയ്യുവാൻ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി.
യോഹന്നാൻ 9:13-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: “അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു“ എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: “ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല“ എന്നു പറഞ്ഞു. മറ്റുചിലർ: “പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്വാൻ എങ്ങനെ കഴിയും“ എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
യോഹന്നാൻ 9:13-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
യോഹന്നാൻ 9:13-16 സമകാലിക മലയാളവിവർത്തനം (MCV)
അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.” പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.