യോഹന്നാൻ 9:1-7
യോഹന്നാൻ 9:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന് യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേൽ പൂശി നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർഥം. അവൻ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങിവന്നു.
യോഹന്നാൻ 9:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യൻ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാൾ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രത്യക്ഷമാകേണ്ടതിനാണ്. പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശമാകുന്നു.” ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേൽ പൂശിയശേഷം, “നീ ശീലോഹാം കുളത്തിൽ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവൻ’ എന്നാണർഥം. അങ്ങനെ അവൻ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു.
യോഹന്നാൻ 9:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോട്: “റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ?“ എന്നു ചോദിച്ചു. അതിന് യേശു: അവനോ അവന്‍റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ. എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു: നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു. ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
യോഹന്നാൻ 9:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി: നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
യോഹന്നാൻ 9:1-7 സമകാലിക മലയാളവിവർത്തനം (MCV)
യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?” മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.” ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.