യോഹന്നാൻ 8:2-11

യോഹന്നാൻ 8:2-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനമൊക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്ന് അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് നടുവിൽ നിറുത്തി അവനോട്: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്ന് മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. ഇത് അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ എന്ന് അവരോട് പറഞ്ഞു. പിന്നെയും കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു, മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്ന് അവളോട്: സ്ത്രീയേ, അവർ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? എന്ന് ചോദിച്ചതിന്: ഇല്ല കർത്താവേ, എന്ന് അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു.]

യോഹന്നാൻ 8:2-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു. അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു.

യോഹന്നാൻ 8:2-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു. അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്: “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു. വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്നു അവളോട്:സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചു. അതിന്: “ഇല്ല കർത്താവേ“ എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.

യോഹന്നാൻ 8:2-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു. പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].

യോഹന്നാൻ 8:2-11 സമകാലിക മലയാളവിവർത്തനം (MCV)

ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.