യോഹന്നാൻ 7:37-40
യോഹന്നാൻ 7:37-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു. പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 7:37-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്റെ അടുക്കൽ വന്നു പാനം ചെയ്യട്ടെ. വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു ജീവജലത്തിന്റെ നദികൾ പ്രവഹിക്കും.” തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാൽ അവർക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല. ഈ വാക്കുകൾ കേട്ട ചിലർ പറഞ്ഞു: “ഇത് യഥാർഥത്തിൽ ആ പ്രവാചകൻ തന്നെയാണ്.”
യോഹന്നാൻ 7:37-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉത്സവത്തിന്‍റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപ്പെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു. പുരുഷാരത്തിൽ പലരും ആ വാക്ക് കേട്ടിട്ടു: “ഇതു തീർച്ചയായും ആ പ്രവാചകൻ ആകുന്നു“ എന്നു പറഞ്ഞു.
യോഹന്നാൻ 7:37-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 7:37-40 സമകാലിക മലയാളവിവർത്തനം (MCV)
ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.” തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ജനങ്ങളിൽ ചിലർ, “തീർച്ചയായും ഈ മനുഷ്യൻ ആ പ്രവാചകൻതന്നെ” എന്നു പറഞ്ഞു.