യോഹന്നാൻ 7:1-9

യോഹന്നാൻ 7:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയംതന്നെ. നിങ്ങളെ പകപ്പാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു. നിങ്ങൾ പെരുന്നാളിനു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽതന്നെ പാർത്തു.

യോഹന്നാൻ 7:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാർ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ യെഹൂദ്യയിൽ സഞ്ചരിക്കുവാൻ അവിടുന്നു മനസ്സുവച്ചില്ല. യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അതിനാൽ യേശുവിന്റെ സഹോദരന്മാർ പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്റെ പ്രവൃത്തികൾ നിന്റെ ശിഷ്യന്മാർ കാണട്ടെ. പ്രസിദ്ധി കാംക്ഷിക്കുന്നവർ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവർത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.” സ്വസഹോദരന്മാർപോലും യേശുവിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോടു പറഞ്ഞു: “എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങൾക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാൻ കഴിയുകയില്ല. എന്നാൽ ലോകത്തിന്റെ പ്രവൃത്തികൾ തിന്മയാണെന്നു ഞാൻ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്‍ക്കൊള്ളുക. എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ ഞാൻ ഇപ്പോൾ പോകുന്നില്ല.” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ പാർത്തു.

യോഹന്നാൻ 7:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിന്‍റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അവന്‍റെ സഹോദരന്മാർ അവനോട്: “നീ ചെയ്യുന്ന പ്രവൃത്തികളെ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക“ എന്നു പറഞ്ഞു. അവന്‍റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോട്: എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്‌പ്പോഴും സമയം തന്നെ. നിങ്ങളെ വെറുക്കാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്‍റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ച് സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ വെറുക്കുന്നു. നിങ്ങൾ പെരുന്നാളിന് പോകുവിൻ; ഞാൻ ഈ പെരുന്നാളിന് പോകുന്നില്ല; എന്തുകൊണ്ടെന്നാൽ എന്‍റെ നാഴിക ഇതുവരെയും വന്നിട്ടില്ല. ഇങ്ങനെ അവരോട് പറഞ്ഞിട്ട് ഗലീലയിൽ തന്നെ പാർത്തു.

യോഹന്നാൻ 7:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോടു: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ. നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു. നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.

യോഹന്നാൻ 7:1-9 സമകാലിക മലയാളവിവർത്തനം (MCV)

ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി. എന്നാൽ യെഹൂദരുടെ കൂടാരപ്പെരുന്നാൾ സമീപിച്ചപ്പോൾ, യേശുവിന്റെ സഹോദരന്മാർ അദ്ദേഹത്തോട്, “താങ്കൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ യെഹൂദ്യയിലുള്ള അങ്ങയുടെ ശിഷ്യന്മാർ കാണേണ്ടതിന് ഇവിടെനിന്ന് യെഹൂദ്യയിലേക്കു പോകുക. പൊതുജനസമ്മതി ആഗ്രഹിക്കുന്ന ആരും രഹസ്യമായി ഒന്നും പ്രവർത്തിക്കുന്നില്ലല്ലോ. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് താങ്കൾ ലോകത്തിനു സ്വയം വെളിപ്പെടുത്തിക്കൊടുക്കണം” എന്നു പറഞ്ഞു. സ്വന്തം സഹോദരന്മാർപോലും അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോട്, “എന്റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കോ, എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്ക്കൊള്ളൂ, എന്റെ സമയം ആയിട്ടില്ലാത്തതിനാൽ പെരുന്നാളിനു ഞാൻ ഇപ്പോൾ പോകുന്നില്ല” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു.