യോഹന്നാൻ 6:41-51

യോഹന്നാൻ 6:41-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്ന് അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു: ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് അവൻ പറയുന്നത് എങ്ങനെ എന്ന് അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന് സ്വർഗത്തിൽനിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

യോഹന്നാൻ 6:41-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?” യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. ‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.”

യോഹന്നാൻ 6:41-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു: “ഇവൻ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ?“ എന്നു അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്‍റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്‍റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്‍റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്‍റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്‍റെ മാംസം ആകുന്നു.

യോഹന്നാൻ 6:41-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു: ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

യോഹന്നാൻ 6:41-51 സമകാലിക മലയാളവിവർത്തനം (MCV)

“ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും. ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ആകുന്നു ജീവന്റെ അപ്പം. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”