യോഹന്നാൻ 6:1-11

യോഹന്നാൻ 6:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ അടുത്തിരുന്നു. യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്കു തിന്നുവാൻ നാം എവിടെനിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു. ഇത് അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുത്തനായ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോട്: ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

യോഹന്നാൻ 6:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനന്തരം യേശു ഗലീലത്തടാകത്തിന്റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്. രോഗികൾക്കു സൗഖ്യം നല്‌കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികൾ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. യേശു തല ഉയർത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?” ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. “ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാൽപോലും ഇവരിൽ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാൻ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു. ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യൻ യേശുവിനോട്, “ഇവിടെ ഒരു ബാലനുണ്ട്; അവന്റെ കൈയിൽ അഞ്ചു ബാർലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകൾക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു. യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാർ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു. യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവർക്കു പങ്കിട്ടു കൊടുത്തു.

യോഹന്നാൻ 6:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിൻ്റെ അക്കരയ്ക്ക് പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു. യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: “ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല“ എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രോസിന്‍റെ സഹോദരനുമായ അന്ത്രെയാസ് അവനോട്: “ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്‍റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടുമീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു?“ എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു.

യോഹന്നാൻ 6:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു. യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു: ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

യോഹന്നാൻ 6:1-11 സമകാലിക മലയാളവിവർത്തനം (MCV)

കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി. രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു. യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു. യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു. അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു. “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു. മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു, “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?” “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു. തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.